എണ്ണപ്പാറ: വീട്ടുവരാന്തയിൽ സൂക്ഷിച്ചിരുന്ന നാലു ചാക്ക് അടയ്ക്ക മോഷ്ടിച്ചു കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ആനക്കുഴിയിലെ വർഗീസിന്റെ വീട്ടുവരാന്തയിൽ നിന്ന് അടയ്ക്ക ചാക്കുകൾ കടത്താൻ ശ്രമിച്ച മടിക്കൈ വെള്ളച്ചേരി സ്വദേശി മഹേഷിനെയാണ് നാട്ടുകാർ പിടികൂടി അമ്പലത്തറ പോലീസിന് കൈമാറിയത്.
ചൊവ്വാഴ്ച രാത്രി 12.45 ഓടെയായിരുന്നു സംഭവം. സ്കൂട്ടറിൽ സ്ഥലത്തെത്തിയ മഹേഷ് വാഹനം റോഡരികിൽ നിർത്തിയിട്ട ശേഷം വർഗീസിന്റെ വീട്ടിലേക്ക് നടന്നുപോയി അടയ്ക്ക നിറച്ചുവച്ചിരുന്ന ചാക്കുകളോരോന്നായി എടുത്തുകൊണ്ടുവരികയായിരുന്നു. നാലാമത്തെ ചാക്ക് എടുക്കുന്ന സമയത്ത് ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു. ലൈറ്റിട്ടു നോക്കിയപ്പോൾ വരാന്തയിൽ സൂക്ഷിച്ചിരുന്ന അടയ്ക്ക ചാക്കുകൾ കാണാനില്ലെന്ന് മനസിലായി.
പെട്ടെന്നുതന്നെ വിവരം അയൽക്കാരെയും ഏതാനും നാട്ടുകാരെയും ഫോൺ ചെയ്ത് അറിയിച്ചു. ഇതിനിടയിൽ റോഡരികിൽ സ്കൂട്ടറും അടയ്ക്ക ചാക്കുകളുമായി നിൽക്കുകയായിരുന്ന മഹേഷിനെ നാട്ടുകാർ തടഞ്ഞുവച്ച് ചോദ്യംചെയ്തു. ഇതിനു പിന്നാലെ വർഗീസിന്റെ വീട്ടുകാർ സ്ഥലത്തെത്തി അടയ്ക്ക ചാക്കുകൾ തങ്ങളുടെ വീട്ടിൽനിന്ന് മോഷണം പോയവ തന്നെയാണെന്ന് തിരിച്ചറിയുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തൊണ്ടിമുതലായ അടയ്ക്ക ചാക്കുകളും സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ കോടതിയിൽ നിന്നുള്ള സ്ഥിരീകരണത്തിനു ശേഷം ഉടമയ്ക്ക് തിരികെ നൽകും. വർഗീസിന്റെ വരാന്തയിൽ അടയ്ക്ക ചാക്കുകൾ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്ന കാര്യം നേരത്തേ കണ്ടു മനസിലാക്കിയാണ് യുവാവ് രാത്രിയിൽ സ്കൂട്ടറുമായി എത്തിയതെന്നു കരുതുന്നു.
Tags : nattu vishesham Young man