പട്ടാന്പി: പുലാമന്തോൾ സംസ്ഥാന പാതയിൽ ശങ്കരമംഗലത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കൊപ്പം മണ്ണേങ്ങോട് പടിഞ്ഞാക്കര വാൽപള്ളിയാലിൽ മുഹമ്മദ് റാഫിയാണ് (33) മരിച്ചത്. തിരുവനന്തപുരത്തുനിന്നു മാനന്തവാടിയിലേക്ക് പോകുന്ന പ്രീമിയം കെഎസ്ആർടിസി ബസ് ഇരുചക്ര വാഹനത്തിൽ ഇടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.
ഗുരുതരമായി പരിക്ക് പറ്റിയ യുവാവിനെ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെത്തുടർന്ന് ഈ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. കൊപ്പം മുളയങ്കാവ് റോഡിലെ മത്സ്യ മാർക്കറ്റിൽ ജീവനക്കാരനാണ് മുഹമ്മദ് റാഫി. ഭാര്യ: ഷെരീഫ. മക്കൾ: ഹിബ, ദിയ. പിതാവ്: മൊയ്തീൻകുട്ടി. മാതാവ്: മൈമൂന. സഹോദരങ്ങൾ. ഷാഫി, ഫാസിൽ, ഹാരിസ്. കബറടക്കം ഇന്നുച്ചയ്ക്ക് ചക്കുറ്റി ജുമാമസ്ജിദിൽ.