ബാലുശേരി: ബസ് ബൈക്കിൽ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. ബാലുശേരി മുക്കിൽ സ്വകാര്യ ചിട്ടി കമ്പനിയിലെ കളക്ഷൻ ഏജന്റായ പരപ്പിൽ വരിക്കാൻ കണ്ടി രമേശനാണ് പരിക്കേറ്റത്.
താമരശേരി ഭാഗത്തുനിന്ന് കൊയിലാണ്ടിലേക്ക് പോകുന്ന പ്രൈവറ്റ് ബസാണ് ബൈക്കിൽ ഇടിച്ചത്.
ബസ് സ്റ്റാൻഡിലേക്ക് കയറുന്പോഴായിരുന്നു അപകടം. സംഭവം നടന്ന ഉടനെ ബസ് ഓഫാക്കാതെ ഡ്രൈവർ ഇറങ്ങി ഓടി. ബസ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ചുമട്ടുതൊഴിലാളികളും ഓട്ടോ ഡ്രൈവർമാരും ചേർന്ന് രമേശനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ബസുകളുടെ മരണപ്പാച്ചിലിനു എതിരേ നിരന്തരം പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. പ്രൈവറ്റ് ബസ് ഡ്രൈവർമാർക്ക് ഇടയിൽ ലഹരി ഉപയോഗം വർധിച്ചുവരുന്നതായും പരാതിയുണ്ട്.
Tags : Young man seriously injured