യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുന്നു.
കായംകുളം: കെഎസ്ആർടിസി ബസ് ടെർമിനലിന്റെ നിർമാണോദ്ഘാടനത്തിനായി എത്തിയ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ കായംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. മുൻ മുഖ്യന്ത്രി ഉമ്മൻ ചാണ്ടിയെ ആക്ഷേപിച്ചു, സോളാർ കേസിൽ ഗൂഢാലോചന നടത്തി എന്നിവ ഉന്നയിച്ചായിരുന്നു പ്രതിഷേധം. പോലീസ് എത്തി പ്രതിഷേധക്കാരെ നീക്കി.
കായംകുളം കെഎസ്ആര്‍ടിസി കെട്ടിടത്തിന്റെ നിർമാണോദ്ഘാടനച്ചടങ്ങ് യുഡിഎഫ് ബഹിഷ്കരിച്ചു. തെരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കായംകുളം കെഎസ്ആർടിസി മന്ദിരത്തിന്റെ തറക്കല്ലിടൽ കർമം നടത്തിയത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് കോൺഗ്രസ് ആരോപിച്ചു. പഴയ കെട്ടിടം പൊളിച്ചുനീക്കി രണ്ടു വർഷം പിന്നിട്ടിട്ടും ഇതുവരെ യാതൊരു നിർമാണപ്രവർത്തനങ്ങളും ആരംഭിക്കാത്ത അധികൃതർ ഇപ്പോൾ വെറും പ്രചാരണം മാത്രമാണ് നടത്തുന്നതെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി. മുൻ എംഎൽഎ എം.എം. ഹസന്റെ കാലഘട്ടത്തിനു ശേഷം ഡിപ്പോയിൽ കാര്യമായ വികസനപ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നും യുഡിഎഫ് ആരോപിച്ചു.