ഫോർട്ടുകൊച്ചി: കാൽനടയാത്രികനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. മാനാശേരി വലിയ വീട്ടില്‍ ജോസഫിന്റെ മകന് വി.ജെ. ഷാഹുല്‍ (24) ആണ് മരിച്ചത്.
തൊമ്മശേരി ഗ്രൗണ്ടിന് സമീപത്ത് ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു സംഭവം. ചെല്ലാനം ഫോര്‍ട്ടുകൊച്ചി തീരദേശ റോഡിലൂടെ ഷാഹുല്‍ ബൈക്കില്‍ വരവെ, റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചയാളെ ബൈക്ക് ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് ബൈക്ക് സമീപത്തെ വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
റോഡിൽ തലയടിച്ച് വീണ ഷാഹുലിന് ഗുരുതര പരിക്കേറ്റു. അപകടസമയം അതുവഴി വന്ന മട്ടാഞ്ചേരി ജോയിന്റ് ആര്‍ടി ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഷെറിന് ന്യൂമാന്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ മുജീബ് റഹ്മാന്, ഷൈന്‍ എസ്. ദേവ് എന്നിവര്‍ ചേർന്ന് ഷാഹുലിനെ പനയപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം ഇന്ന് 11.30ന് മാനാശേരി സെന്റ് മൈക്കിള്‍ ദേവാലയത്തില്‍.