Editorial Audio
കാമറക്കഥ പറയുംമുന്പ് കാര്യം പറയാം. കൂടുതൽ സംസ്ഥാനങ്ങളിൽ അധികാരം പിടിക്കാനോ മുഖ്യമന്ത്രിമാരെ വാഴിക്കാനോ പരാജയപ്പെട്ട കോൺഗ്രസ്, കർണാടകത്തിൽ ഉള്ളതുകൂടി കളയുമോയെന്ന ആശങ്ക പാർട്ടി പ്രവർത്തകരെയും ബാധിച്ചിട്ടുണ്ട്.
സിദ്ധരാമയ്യയ്ക്കു പകരം, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി എംഎൽഎമാർ ഡൽഹിയിലെത്തിയത് ജനാധിപത്യ രാഷ്ട്രീയത്തിൽ സംഭവിക്കാൻ പാടില്ലാത്തതൊന്നുമല്ല. പക്ഷേ, പ്രശ്നം എത്രയും പെട്ടെന്നു രമ്യമായി പരിഹരിച്ചില്ലെങ്കിൽ കർണാടകത്തിലെ നേതാക്കളുടെ അധികാരമോഹം രാജ്യമൊട്ടാകെ കോൺഗ്രസിന്റെ അവശേഷിക്കുന്ന പ്രതിച്ഛായയ്ക്കും മങ്ങലേൽപിക്കും.
പിന്തുണയ്ക്കാൻ തയാറാണെന്ന ബിജെപിയുടെ വാഗ്ദാനം ശിവകുമാറിനുള്ള പിന്തുണ മാത്രമല്ല, ഇടഞ്ഞുനിൽക്കുന്ന എംഎൽഎമാർക്കുള്ള ക്ഷണക്കത്തുമാണ്.
കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ ഒന്നൊന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് 2023ൽ കർണാടകത്തിൽ കോൺഗ്രസ് തിരിച്ചുവരവു നടത്തിയത്. പക്ഷേ, തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചുകൊണ്ടിരിക്കവേതന്നെ മുഖ്യമന്ത്രി സ്ഥാനത്തിനായി വടംവലി തുടങ്ങിയിരുന്നു.
പിന്നീട് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയും, ശിവകുമാറിനെ ഉപമുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന അധ്യക്ഷനുമാക്കി താത്കാലിക യുദ്ധവിരാമം സാധ്യമാക്കി. അന്നുതന്നെ, മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശിവകുമാറും തമ്മിൽ അധികാരം പങ്കിടൽ കരാർ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.
അതിന്റെ പശ്ചാത്തലത്തിലാകാം, ഇപ്പോൾ ഭരണം രണ്ടര വർഷമായതോടെ മുഖ്യമന്ത്രിസ്ഥാനം ശിവകുമാറിനു കൊടുക്കണമെന്ന ആവശ്യം വീണ്ടുമുയർന്നിരിക്കുന്നത്. ആറ് എംഎൽഎമാർ ഇതിനായി ഡൽഹിയിലെത്തി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കാണുകയും ചെയ്തു. പാർട്ടിയിൽ അനൈക്യമില്ലെന്ന് ശിവകുമാർ ഉൾപ്പെടെ പറയുന്നുണ്ടെങ്കിലും അതല്ല സ്ഥിതിയെന്നാണ് എംഎൽഎമാരുടെ പ്രതികരണം സൂചിപ്പിക്കുന്നത്.
പരിഹാരം കണ്ടെത്താനായില്ലെങ്കില് നിയമസഭ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന മുതിര്ന്ന കോണ്ഗ്രസ് നേതാവും മുന്മന്ത്രിയുമായ കെ.എന്. രാജണ്ണയുടെ പ്രസ്താവന വിഷയത്തിന്റെ ഗൗരവം വെളിപ്പെടുത്തുന്നതാണ്.
ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തി ശിവകുമാറിനെ മുഖ്യമന്ത്രിയാക്കി അഞ്ചു വർഷം ഭരിക്കാമെന്ന സ്വപനവും അദ്ദേഹം പങ്കുവച്ചു. പക്ഷേ, അടുത്ത തെരഞ്ഞെടുപ്പിൽ ആരു വേണമെന്നു തീരുമാനിക്കുന്നതു ജനമാണെന്ന് അദ്ദേഹം മറന്നു.
ഇതിനിടെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ പിന്തുണയ്ക്കുമെന്ന് ബിജെപി നേതാവ് സദാനന്ദ ഗൗഡ വലയെറിഞ്ഞിട്ടുണ്ട്. പുറത്തുനിന്നു പിന്തുണ നൽകിയാൽ ശിവകുമാർ സ്വീകരിക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ധൃതരാഷ്ട്രാലിംഗനത്തിനുള്ള തയാറെടുപ്പാണ്.
തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ മോഷ്ടിക്കാൻ കയറിയ വീട്ടിൽനിന്ന് ഒന്നും കിട്ടാതായതിന്റെ രോഷത്തിൽ സിസിടിവി കാമറകൾ നശിപ്പിച്ച കള്ളൻ വീട്ടുടമയ്ക്കെഴുതിയ കത്ത് ഇന്നലെ കൗതുകവാർത്തയായിരുന്നു. “ചില്ലിക്കാശില്ലാത്ത വീട്ടിൽ എന്തിനാണിത്രയും സിസിടിവി കാമറകൾ?” കള്ളൻ നിരാശാഭരിതമായ കുറിപ്പെഴുതിയ വീടിനെ, തുച്ഛബാക്കിക്കുവേണ്ടി തമ്മിലടിക്കുന്ന കോൺഗ്രസുമായി താരതമ്യപ്പെടുത്തുന്നില്ല.
സ്വാതന്ത്ര്യസമര പാരന്പര്യമുള്ള മഹത്തായ പാർട്ടിയിൽ മൂന്നു സംസ്ഥാനങ്ങൾ ഉൾപ്പെടെ വിലപിടിപ്പുള്ള പലതും ബാക്കിയുണ്ട്. പക്ഷേ, അതുകൂടി നഷ്ടപ്പെടുത്തിയാൽ വിമർശനങ്ങളുടെ സിസിടിവി കാമറകൾപോലും ആവശ്യമില്ലാതെ വരും.
തെലുങ്കാനയേക്കാളും ഹിമാചൽ പ്രദേശിനേക്കാളും കരുത്തുണ്ട് പാർട്ടിക്കു കർണാടകത്തിൽ. എന്നിരിക്കിലും, കെട്ടുറപ്പിന്റെ ചടുലവേഗമുള്ള ബിജെപിക്കു നിർമിതബുദ്ധിവേഗത്തിൽ തീർക്കാവുന്നതേയുള്ളൂ അത്. തെരഞ്ഞെടുപ്പ് എൻജിനിയറിംഗ് മാത്രമല്ല ഭൂരിപക്ഷമില്ലാത്തിടത്തെ സ്ഥാനാരോഹണ എൻജിനിയറിംഗും തങ്ങൾക്കു വഴങ്ങുമെന്ന് അവർ പലവട്ടം തെളിയിച്ചിട്ടുള്ളതാണ്.
ഇന്ത്യയിലെ ജനാധിപത്യം, ജനങ്ങളിൽ അഥവാ വിവിധ രാഷ്ട്രീയ പാർട്ടികളിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളിലും പ്രതിപക്ഷ പാർട്ടികളിലുമൊക്കെയായി വൈവിധ്യങ്ങളോടെ തിളങ്ങുന്നതാണ്. വിജയിക്കുന്ന പാർട്ടിയുടേതാകാം അധികാരം.
പക്ഷേ, ജനാധിപത്യം തോൽക്കുന്നവരുടേതുമാണ്. ഭരിക്കുന്നവരേക്കാൾ കൂടുതൽ ഉത്തരവാദിത്വമാണ് പ്രതിപക്ഷത്തിനുള്ളത്. ആ ചുമതല കോൺഗ്രസോ ഇന്ത്യ മുന്നണിയോ നിർവഹിക്കുന്നുണ്ടെന്ന് അവർപോലും പറയില്ല.
നിങ്ങളിലാരാണ് മുഖ്യമന്ത്രിയെന്നത് ജനങ്ങളുടെ നീറുന്ന വിഷയമല്ല. കേരളത്തിലുൾപ്പെടെ നിയമസഭാ തെരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കേ, കസേരകളിയാണോ കാൽച്ചുവട്ടിലെ മണ്ണാണോ മുഖ്യമെന്ന് കോൺഗ്രസാണു തീരുമാനിക്കേണ്ടത്.
Tags : editorial