Editorial Audio
കുട്ടികളെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാൻ അനുവദിക്കണമോയെന്നു ലോകം ചർച്ച ചെയ്തുകൊണ്ടിരിക്കേ ഓസ്ട്രേലിയ അതങ്ങു നിരോധിച്ചു.
16 വയസിനു താഴെയുള്ളവരെ സമൂഹമാധ്യമങ്ങളിൽ നിരോധിക്കുന്ന ഉത്തരവ് ഇന്നലെ പ്രാബല്യത്തിലായി. ഇതോടെ, കുട്ടികൾക്കു സമൂഹമാധ്യമ നിരോധനം നടപ്പാക്കിയ ആദ്യ രാജ്യമായി ഓസ്ട്രേലിയ.
സഹജീവികളോടു നേരിട്ടു സംവദിക്കുന്നതിൽനിന്നും ഇടപഴകുന്നതിൽനിന്നും അകറ്റി ഏകാന്തതയിലേക്കു തള്ളുന്ന വലയിൽനിന്നു കുട്ടികളെ മോചിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഫലങ്ങൾ അറിയാനിരിക്കുന്നതേയുള്ളൂ.
എതിരഭിപ്രായങ്ങളുമുണ്ട്. പക്ഷേ, അതൊന്നും കുട്ടികളുടെ മാനസികാരോഗ്യത്തിനും സുരക്ഷയ്ക്കും മുകളിലല്ലെന്ന് ഓസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഓസ്ട്രേലിയയുടെ വാക്സിൻ ഫലപ്രദമാകുമോയെന്നറിയാൻ ലോകത്തിന് ആകാംക്ഷയുണ്ട്.
കാരണം, പ്രശ്നം എല്ലായിടത്തുമുണ്ട്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ്, സ്നാപ്ചാറ്റ്, ടിക്ടോക്, റെഡ്ഡിറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കുട്ടികളെ അനുവദിക്കരുതെന്ന നിർദേശം ലംഘിച്ചാൽ കനത്ത പിഴയൊടുക്കേണ്ടിവരും.
കൗതുകകരമായ കാര്യം, നിരോധനത്തെ എതിർക്കുന്നതിൽ മുന്നിലുള്ളത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉടമകളാണെന്നതാണ്. സ്വാഭാവികമായും അഭിപ്രായസ്വാതന്ത്ര്യവാദികളും എതിർക്കുന്നുണ്ട്.
അതേസമയം, മാതാപിതാക്കളും രക്ഷിതാക്കളും അധ്യാപകരുമൊക്കെ സർക്കാരിനൊപ്പമാണ്. അതായത്, അഭിപ്രായസ്വാതന്ത്ര്യവാദികളെ ഒഴിവാക്കിയാൽ കച്ചവടക്കാരാണ് കുട്ടികളെ സമൂഹമാധ്യമങ്ങളിലേക്ക് ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
പക്ഷേ, സമൂഹമാധ്യമങ്ങൾ കുട്ടികളിലുണ്ടാക്കുന്ന പ്രതിലോമകരമായ മാറ്റങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്കും കുടുംബങ്ങളിലെ ആധിക്കും കുട്ടികളുടെ ശാരീരിക-മാനസികാരോഗ്യത്തിനും കച്ചവടത്തേക്കാൾ മുൻഗണന സർക്കാർ കൊടുത്തു.
പണ്ടൊക്കെ, ചായക്കടകളിലും ബാർബർ ഷോപ്പുകളിലും കള്ളുഷാപ്പിലും ഒഴിഞ്ഞ കോണുകളിലുമൊക്കെയിരുന്ന് പറയുകയും മറ്റാരെങ്കിലും ശ്രദ്ധിക്കുന്നുണ്ടെന്നു കണ്ടാൽ പൊടുന്നനെ നിർത്തുകയും ചെയ്തിരുന്ന പരദൂഷണവും ഒളിഞ്ഞുനോട്ടക്കഥകളും അശ്ലീലങ്ങളുമൊക്കെയാണ് ഇന്നു മടിയില്ലാതെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നതിലേറെയും.
പണ്ടത്തെ അടക്കംപറച്ചിലിന് ഒരു കുറ്റബോധഭാവമുണ്ടായിരുന്നെങ്കിലും ഇന്നതില്ല. വൃത്തികേടുകൾ കേൾക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നവരുടെ എണ്ണം വർധിച്ചിട്ടുമുണ്ട്. മുഖ്യധാരാ മാധ്യമങ്ങളിലെന്നപോലെ എഡിറ്റ് ചെയ്യപ്പെടുന്നുമില്ല.
ലൈക്കുകളിലൂടെയും കമന്റുകളിലൂടെയും അവ കൂടുതൽ അരോചകവും വിഷലിപ്തവുമാകും. സ്വഭാവരൂപീകരണത്തിന്റെ ഘട്ടത്തിലുള്ള കുട്ടികളെയെങ്കിലും ഇതിൽനിന്നു രക്ഷിക്കേണ്ടതുണ്ട്. സമൂഹമാധ്യമ ഉപയോഗത്തിലെ ആസക്തി കുട്ടികളുടെ പഠനത്തിന്റെയും സമൂഹത്തിലെ ഇടപെടലുകളുടെയും സമയം അപഹരിക്കുന്നു.
ഈ ആസക്തിയിൽ ഉണ്ടാകുന്ന വിഘ്നങ്ങൾ അവരെ രോഷാകുലരാക്കും. “മതി”എന്നു പറയുന്ന മാതാപിതാക്കൾ ശത്രുപക്ഷത്താകും. ആധികാരികമല്ലാത്തതോ സമൂഹത്തിനു ഹാനികരമായതോ ശിക്ഷാർഹമായതോ ആയ കാര്യങ്ങൾ കുട്ടികൾ ഗൗരവമറിയാതെ ഷെയർ ചെയ്യും.
സമൂഹമാധ്യമങ്ങളിലെ എതിരഭിപ്രായങ്ങളും നിന്ദാപരമായ പരാമർശങ്ങളും കുട്ടികളുടെ ആത്മവിശ്വാസത്തെ തകർക്കാനിടയുണ്ട്. എല്ലാറ്റിലുമുപരി, സമൂഹമാധ്യമങ്ങളിൽ അവിശുദ്ധ കൂട്ടുകെട്ടുകളുടെ ക്ഷണപത്രവുമായെത്തുന്നവർ പലപ്പോഴും കുട്ടികളെ രക്ഷപ്പെടാനാകാത്ത കെണികളിൽ വീഴ്ത്തുകയും ചെയ്യും.
ഇന്ത്യയിൽ 13 വയസിനു താഴെയുള്ള കുട്ടികള്‍ സമൂഹമാധ്യങ്ങള്‍ ഉപയോഗിക്കുന്നതു വിലക്കണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ഏപ്രിലിൽ സെപ് ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടന സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
സമൂഹമാധ്യമങ്ങള്‍ അനിയന്ത്രിതമായി ഉപയോഗിക്കുന്നത് കുട്ടികളിൽ വിഷാദം, ഉത്കണ്ഠ, സ്വയം ഉപദ്രവിക്കൽ, ആത്മഹത്യാപ്രവണത തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുമെന്നായിരുന്നു പൊതുതാത്പര്യ ഹർജിക്കാരുടെ വാദം. എന്നാൽ, നിയമനിർമാണം ആവശ്യമുള്ളതിനാൽ ഇത്തരം വിഷയങ്ങളിൽ സർക്കാരാണ് നയപരമായ തീരുമാനമെടുക്കേണ്ടത് എന്നായിരുന്നു ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, എ.ജി. മാസിഹ് എന്നിവരുടെ ബെഞ്ച് മറുപടി നൽകിയത്.
ചില രാജ്യങ്ങളിൽ കുട്ടികൾ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് മാതാപിതാക്കളുടെ സമ്മതം ആവശ്യമാണ്. ഏതായാലും ലോകം ചർച്ച തുടരുന്നതിനിടെ ഓസ്ട്രേലിയ തീരുമാനമെടുത്തു.
പക്ഷേ, ഒരു കാര്യം പ്രധാനമാണ്. മറ്റേതൊരു ആസക്തിയുടെയും കാര്യത്തിലെന്നപോലെ സമൂഹമാധ്യമങ്ങൾ ഒഴിവാക്കുന്നവർക്കും പിൻവാങ്ങൽ രോഗലക്ഷണങ്ങൾ ഉണ്ടാകാം. അപ്പോൾ, അവരോടു സംസാരിക്കാനും വിഷമങ്ങൾ പങ്കുവയ്ക്കാനും ഇഷ്ടം പ്രകടിപ്പിക്കാനും മറ്റൊരു മാധ്യമം ഉണ്ടാകണം. അതു വീട്ടിലുള്ളവർതന്നെയാകുന്നതാണ് ഉത്തമം.
നമുക്കിവിടെ നിരോധനമില്ലെങ്കിലും വ്യക്തിബന്ധങ്ങളും സമൂഹബന്ധങ്ങളും വളർത്തിയാൽ സമൂഹമാധ്യമ ബന്ധനങ്ങൾ കുറയും.
Tags : editorial