Editorial Audio
“പാർലമെന്റ് അംഗങ്ങൾ എപ്പോഴും എന്തിനെക്കുറിച്ചെങ്കിലും ബഹളംവച്ചുകൊണ്ടിരിക്കാൻ ഞാൻ ശ്രദ്ധ പുലർത്തും. അല്ലെങ്കിൽ അവർ ചിന്തിക്കാൻ തുടങ്ങും.”- ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനു തൊട്ടുമുന്പും അതിനുശേഷവും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിലിന്റെ പതിറ്റാണ്ടുകൾ പഴക്കമുള്ള വാക്കുകളാണ്. ഏതാണ്ട് അതേ പാർലമെന്ററി സംവിധാനമുള്ള ഇന്ത്യയിലെ ഇന്നത്തെ സ്ഥിതി നോക്കാം.
2025 ഡിസംബർ ഒന്ന്. പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുകയാണ്. തെലുങ്കാനയിലെ കോൺഗ്രസ് രാജ്യസഭാ എംപി രേണുക ചൗധരിയുടെ കാർ പാർലമെന്റ് വളപ്പിലെത്തി. കാറിനുള്ളിൽ ഒരു പട്ടിക്കുട്ടിയുമുണ്ട്.
അപകടത്തിൽ പെടാതിരിക്കാൻ വഴിയിൽനിന്നു കാറിൽ കയറ്റിയതാണെന്നായിരുന്നു രേണുകയുടെ മറുപടി. നായയെ വളപ്പിൽ കയറ്റിയത് അനാദരവാണെന്നു ഭരണപക്ഷം. പാർലമെന്റിൽ ഭരണ-പ്രതിപക്ഷങ്ങൾ പരസ്പരം ഏറ്റുമുട്ടി.
അതേസമയം, രാജ്യമാകെ നിറഞ്ഞ തെരുവുനായകളെക്കുറിച്ചോ അവയുടെ കടിയേറ്റ് കൊല്ലപ്പെട്ട മനുഷ്യരെക്കുറിച്ചോ ചർച്ചയില്ല. പിന്നെ 10 മണിക്കൂർ ‘വന്ദേമാതരം’ ചർച്ച. 150 വർഷം മുന്പ് എഴുതിയ പാട്ടിലെ ഒഴിവാക്കിയ വരികളുടെ പേരിൽ മരിച്ചുപോയ സ്വാതന്ത്ര്യസമര സേനാനികളെ വിചാരണ ചെയ്യുകയാണ്.
നായ ചർച്ചയുടെ സമയത്ത് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ചോദിച്ചത്, ഇതാണോ ഇന്ത്യ ചർച്ച ചെയ്യേണ്ട വിഷയമെന്നാണ്. പക്ഷേ, അടുത്ത വാർത്ത, രാഹുൽ ഗാന്ധി പാർലമെന്റ് സമ്മേളനം മുടക്കി ജർമനിക്കു പോകുകയാണെന്നാണ്. ഇന്ത്യയുടെ നീറുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മറ്റുള്ളവരെ ഉപദേശിച്ച് അദ്ദേഹവും സ്ഥലം വിടുന്നു. ഉള്ളതാണ്... ചർച്ചിലിന്റെ പ്രേതം പഴയ കോളനിയിലുണ്ട്.
എംപിമാർ ബഹളം വച്ചുകൊണ്ടിരിക്കാൻ, അർഥശൂന്യമായ ചർച്ചകളിൽ സമയം കൊല്ലാൻ, ചർച്ചയില്ലാതെ ബില്ലുകൾ പാസാക്കിയെടുക്കാൻ, സമ്മേളനങ്ങൾ ബഹിഷ്കരിക്കാൻ... അങ്ങനെ രാജ്യത്തെയും ജനങ്ങളെയുംകുറിച്ചു ചിന്തിക്കാതിരിക്കാൻ ഇരുപക്ഷവും ശ്രദ്ധ പുലർത്തുകയാണ്.
മിനിറ്റിനു കുറഞ്ഞതു 2.5 ലക്ഷം രൂപയെങ്കിലും ഖജനാവിൽനിന്നു ചെലവഴിക്കുന്ന പാർലമെന്റ് സമ്മേളനത്തെയാണ് അംഗങ്ങൾ സർക്കസ് കൂടാരമാക്കുന്നത്. പുറത്ത് മലിനവായു മനുഷ്യരെ കൊല്ലുന്നു, ജനാധിപത്യത്തിന്റെ അടിസ്ഥാനമായ തെരഞ്ഞെടുപ്പുകൾ സംശയനിഴലിലാകുന്നു, ന്യൂനപക്ഷങ്ങളും ദളിതരും ആദിവാസികളും നിരന്തരം ആക്രമിക്കപ്പെടുന്നു, അന്വേഷണ ഏജൻസികൾ ഭരണകക്ഷിയുടെ ശത്രുക്കളെ തെരയുന്നു, വിശപ്പിന്റെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും പട്ടികകളിൽ ലോകസമക്ഷം നാണംകെടുന്നു, തൊഴിലില്ലായ്മ രൂക്ഷമാകുന്നു, രൂപയുടെ മൂല്യം തകർന്നു തരിപ്പണമാകുന്നു, വിമാനമില്ലാതെ യാത്രക്കാർ ടിക്കറ്റുമായി അലയുന്നു, ദേശീയപാതകൾ ഒന്നിനുപിറകെ മറ്റൊന്നായി ഇടിഞ്ഞുതാഴുന്നു...
ചിന്തിക്കാനുള്ള അവസരം പാഴാകുന്നതിൽ സർക്കാർ ആനന്ദിച്ചുല്ലസിക്കുന്നു. ഇതിന്റെയൊന്നും ഗൗരവം തിരിച്ചറിയാത്ത പ്രതിപക്ഷ നേതാവ് ബർലിനിൽ ഏതോ മീറ്റിംഗിൽ എന്തോ പറയാൻ പോകുന്നു. രാഹുൽ, നിങ്ങൾ ആറു ദിവസത്തെ സന്ദർശനത്തിനു വിമാനത്താവളത്തിലേക്കു പാവങ്ങളുടെ ചേരിവഴി പോകൂ, ആ മനുഷ്യരുടെ മുഖത്തേക്കു നോക്കൂ, തെരുവുകൾ നിറഞ്ഞ അക്രമാസക്തരായ നായ്ക്കളെ കാണൂ, പുറത്തിറങ്ങി വിഷപ്പുകയുടെ കരിമേഘങ്ങളെ കാണൂ, നിങ്ങളുടെ മുത്തശിയുടെ പേരിലുള്ള വിമാനത്താവളത്തിലെത്തുന്പോൾ യാത്ര മുടങ്ങിയ ആയിരക്കണക്കിന് ഇന്ത്യക്കാരെ ഓർക്കൂ.
ഈ സമയത്ത് ബർലിനിലെ കുടുംബയോഗങ്ങൾക്കാണോ ഡൽഹിയിലെ പാർലമെന്റ് സമ്മേളനത്തിനാണോ നിങ്ങളെ ആവശ്യമുള്ളത്. നിങ്ങളും നിങ്ങളുടെ പാർട്ടിയും ചിന്തിക്കുന്നില്ലെങ്കിലും ജനം ചിന്തിക്കുന്നുണ്ട്, ഈ രാജ്യം നിങ്ങളെയൊക്കെ ഏൽപ്പിച്ചാൽ എന്ത് ഉത്തരവാദിത്വമായിരിക്കും ഉള്ളതെന്ന്.
പാർലമെന്റിന്റെ ഇരുസഭകളും വർഷത്തിൽ മൂന്നു തവണയാണ് സാധാരണ ചേരുന്നത്. അടിയന്തരഘട്ടങ്ങളിൽ പ്രത്യേക സമ്മേളനങ്ങൾ രാഷ്ട്രപതി വിളിച്ചുചേർക്കും. ഈ സമ്മേളനങ്ങളിലാണ് രാജ്യത്തിന്റെ വികസനവും ജനങ്ങളുടെ ഭാവിയും തീരുമാനിക്കുന്നത്.
നിർണായക വിഷയങ്ങളെ അപ്രസക്തമാക്കാൻ വിവാദങ്ങളെ ചർച്ചയ്ക്കെടുക്കുന്ന സർക്കാരിന്റെ ഇത്തവണത്തെ തന്ത്രങ്ങളിലാണ് ‘വന്ദേമാതരം’ വന്നത്. ഈ ആത്മാർഥത സ്വാതന്ത്ര്യസമരകാലത്ത് ഉണ്ടായിരുന്നെങ്കിലെന്നാണ് ഇന്ത്യക്കാരിലേറെയും ചിന്തിക്കുന്നത്.
പ്രധാനമന്ത്രി പ്രവര്ത്തന സമയത്തിന്റെ പകുതിയോളം രാജ്യത്തിനു പുറത്താണ് ചെലവഴിക്കുന്നതെന്നും പിന്നെന്തിനാണ് പ്രതിപക്ഷ നേതാവിനെ വിമര്ശിക്കുന്നതെന്നുമുള്ള പ്രിയങ്കയുടെ മറുപടി മോദിയോടോ ബിജെപിയോടോ ആകാം.
പക്ഷേ, രാജ്യത്തിന് അതു പോരാ. 1952ൽ തുടങ്ങി 57ൽ അവസാനിച്ച ഒന്നാം ലോക്സഭയുടെ കാലത്ത് പ്രതിവർഷം 135 ദിവസം സഭ സമ്മേളിച്ചിരുന്നെങ്കിൽ 2019 മുതൽ 2024 വരെയുള്ള കഴിഞ്ഞ ലോകസഭയിൽ ശരാശരി 55 ദിവസമാണ് സഭ സമ്മേളിച്ചത്. അതിനിടെ വിവാദങ്ങൾ കൊഴുപ്പിച്ച സർക്കാർ ചർച്ചയില്ലാതെ സുപ്രധാന ബില്ലുകൾ പാസാക്കിയെടുക്കുകയും ചെയ്തു. സർക്കാരും പ്രതിപക്ഷവും ചേർന്ന് ജനങ്ങളെ വഞ്ചിക്കുകയാണ്.
ജനാധിപത്യത്തെ പരാജയപ്പെടുത്താൻ വ്യാജവോട്ടർപട്ടികതന്നെ വേണമെന്നില്ല, അലസരും ഗൃഹപാഠം ചെയ്യാത്തവരും പാർട്ട്ടൈം രാഷ്ട്രീയക്കാരുമായ പാർലമെന്റംഗങ്ങളുണ്ടായാലും മതി. കാനഡയുടെ പ്രധാനമന്ത്രിയായിരുന്ന ജോൺ ജോർജ് ഡിഫെൻബേക്കറുടെ വിഖ്യാതമായൊരു വാക്യമുണ്ട്.
“പാർലമെന്റ് എന്നാൽ, നടപടിക്രമങ്ങൾക്കപ്പുറം രാജ്യത്തെ സ്വാതന്ത്ര്യത്തിന്റെ സൂക്ഷിപ്പുകാരാണ്.” പ്രിയപ്പെട്ട പാർലമെന്റ് അംഗങ്ങളേ, പൂർവികർ നേടിത്തന്ന സ്വാതന്ത്ര്യത്തെ കാത്തുപരിപാലിക്കാൻ പോലും നിങ്ങൾക്കാകുന്നില്ലല്ലോ! വഴിമാറിക്കൊടുക്കുന്നുമില്ലല്ലോ!
Tags : editorial