x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

13
DEC
2025

സാ​മ്പ​ത്തി​ക​ശ​ക്തി​യു​ടെ ‘​വ​യ​റ്റി​പ്പി​ഴ​പ്പു​ക​ൾ’

Editorial Audio


Published: December 13, 2025 12:00 AM IST | Updated: December 12, 2025 10:03 PM IST

അ​ങ്ങ​നെ വ​ന്ദേ​മാ​ത​ര​ത്തെ ര​ക്ഷി​ക്കാ​ൻ പാ​ർ​ല​മെ​ന്‍റി​ൽ ന​വ​ദേ​ശ​സ്നേ​ഹി​ക​ൾ പോ​രാ​ടു​ന്പോ​ഴാ​ണ് വേ​ൾ​ഡ് ഇ​ക്വി​റ്റി ലാ​ബി​ന്‍റെ പു​തി​യ റി​പ്പോ​ർ​ട്ട് പ​ത്ര​ങ്ങ​ൾ അ​ച്ച​ടി​ച്ച​ത്. ഇ​ന്ത്യ​യി​ൽ ദ​രി​ദ്ര​രും സ​ന്പ​ന്ന​രും ത​മ്മി​ലു​ള്ള അ​ന്ത​രം വ​ലി​യ​തോ​തി​ൽ നി​ല​നി​ൽ​ക്കു​ന്നു. 40 ശ​ത​മാ​നം വ​രു​മാ​ന​വും ഒ​രു ശ​ത​മാ​നം ആ​ളു​ക​ളു​ടെ കൈ​യി​ലാ​ണ​ത്രേ. 58 ശ​ത​മാ​നം വ​രു​മാ​നം വെ​റും 10 ശ​ത​മാ​ന​ത്തി​ന്‍റെ കൈ​യി​ൽ. ബാ​ക്കി 90 ശ​ത​മാ​നം പേ​ർ​ക്കു​ള്ള​ത് 42 ശ​ത​മാ​നം! വീ​ണ്ടും അ​രി​ച്ചു​നോ​ക്കി​യാ​ൽ ദി​വ​സം 100 രൂ​പ പോ​ലും വ​രു​മാ​ന​മി​ല്ലാ​ത്ത കോ​ടി​ക്ക​ണ​ക്കി​നു മ​നു​ഷ്യ​രു​ണ്ടാ​കും.

എ​ന്നി​ട്ടും ന​മ്മ​ൾ ലോ​ക​ത്തെ നാ​ലാ​മ​ത്തെ വ​ലി​യ സാ​ന്പ​ത്തി​ക​ശ​ക്തി​യാ​യി. ച​ങ്ങാ​ത്ത മു​ത​ലാ​ളി​ത്തം പു​തി​യ കാ​ര്യ​മ​ല്ല. എ​ൻ​ഡി​എ സ​ർ​ക്കാ​ർ അ​വ​രെ കൂ​ടു​ത​ൽ ചേ​ർ​ത്തു​നി​ർ​ത്തി​യെ​ന്നേ​യു​ള്ളൂ. സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ മ​ണ്ണി​ലൂ​ടെ എ​ത്ര​യെ​ത്ര തെ​ര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​ന​ങ്ങ​ളും പ്ര​ക​ട​ന​പ​ത്രി​ക​ളും ഒ​ഴു​കി​പ്പോ​യി! ഈ ​ദാ​രി​ദ്ര്യ​ക്ക​ണ​ക്കു​ക​ൾ കേ​ൾ​പ്പി​ക്കാ​തി​രി​ക്കാ​നാ​ണ് അ​വ​ർ ദൈ​വ​ത്തെ​യും മ​ത​ത്തെ​യും ദേ​ശീ​യ​ത​യെ​യും അ​ധ്വാ​ന​വ​ർ​ഗ​ത്തെ​യു​മൊ​ക്കെ ആ​ണ​യി​ട്ടു ന​മ്മെ വി​ഭ​ജി​ക്കു​ന്ന​തെ​ന്നു നാം ​വി​ശ്വ​സി​ക്കു​ന്നു​മി​ല്ല.

ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​മാ​യി സ​ഹ​ക​രി​ച്ച് പാ​രീ​സ് സ്‌​കൂ​ള്‍ ഓ​ഫ് ഇ​ക്ക​ണോ​മി​ക്സി​ലെ റി​ക്കാ​ര്‍​ദോ ഗോ​മ​സ്-​ക്വ​രേ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 200 ഗ​വേ​ഷ​ക​ർ സ​മാ​ഹ​രി​ച്ച വി​വ​ര​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ് റി​പ്പോ​ർ​ട്ട്. മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും ഈ ​അ​ന്ത​ര​മു​ണ്ട്. ലോ​ക​ജ​ന​സം​ഖ്യ​യു​ടെ 50 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന ദ​രി​ദ്ര​ര്‍​ക്ക് സ​മ്പ​ത്തി​ന്‍റെ ര​ണ്ട് ശ​ത​മാ​ന​മേ കി​ട്ടു​ന്നു​ള്ളൂ. നാ​ലു വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ് റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്. 2022ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ൽ ഇ​ന്ത്യ​യു​ടെ ദേ​ശീ​യ വ​രു​മാ​ന​ത്തി​ന്‍റെ 57 ശ​ത​മാ​ന​മാ​ണ് 10 ശ​ത​മാ​നം പേ​രു​ടെ കൈ​യി​ലാ​യി​രു​ന്ന​ത്. ഇ​പ്പോ​ഴ​ത് 58 ശ​ത​മാ​ന​മാ​യി. അ​താ​യ​ത് മേ​ൽ​ത്ത​ട്ടി​ലെ 10 ശ​ത​മാ​ന​ത്തി​ന്‍റെ വ​രു​മാ​നം ഒ​രു ശ​ത​മാ​നം​കൂ​ടി വ​ർ​ധി​ച്ചു.

പ​റ​ഞ്ഞു​വ​രു​ന്പോ​ൾ അം​ബാ​നി​ക്കും അ​ദാ​നി​ക്കും, ആം​ബു​ല​ൻ​സ് വി​ളി​ക്കാ​ൻ പാ​ങ്ങി​ല്ലാ​ത്ത​തി​നാ​ൽ ഭാ​ര്യ​യു​ടെ മൃ​ത​ദേ​ഹം 60 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള​വീ​ട്ടി​ലേ​ക്ക് ചു​മ​ക്കേ​ണ്ടി​വ​ന്ന ഒ​ഡീ​ഷ​യി​ലെ ദാ​നാ മാ​ഞ്ചി​ക്കു​മൊ​ക്കെ ഒ​രു വോ​ട്ടേ​യു​ള്ളൂ. പ​ക്ഷേ, വോ​ട്ട് ചെ​യ്തി​ല്ലെ​ങ്കി​ലും ആ​ദ്യ​ത്തെ ര​ണ്ടു പേ​രും സ​ർ​ക്കാ​രു​ക​ൾ​ക്കു വേ​ണ്ട​പ്പെ​ട്ട​വ​രാ​യി​രി​ക്കും. അ​വ​ർ​ക്കു വാ​യ്പ​ക​ൾ ഇ​ള​വു​ചെ​യ്തു കൊ​ടു​ക്കും, രാ​ജ്യം ന​ട​ത്തേ​ണ്ടി​യി​രു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ അ​വ​രെ ഏ​ൽ​പ്പി​ക്കും. പാ​ർ​ട്ടി​ഭേ​ദ​മി​ല്ലാ​തെ സ​ർ​ക്കാ​രു​ക​ൾ ക​രാ​ർ നി​ബ​ന്ധ​ന​ക​ളി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യും, ബാ​ങ്കു​ക​ൾ ഉ​ദാ​ര സ​മീ​പ​നം ഉ​റ​പ്പാ​ക്കും.

ബാ​ക്കി വോ​ട്ട​ർ​മാ​രി​ൽ മ​ഹാ​ഭൂ​രി​പ​ക്ഷ​വും മാ​ഞ്ചി​യെ​പ്പോ​ലെ​യാ​ണ്. സ​ർ​ക്കാ​ർ തി​രി​ഞ്ഞു​നോ​ക്കി​ല്ല. അ​വ​രാ​ണ് വ​ണ്ടി​യും വ​ണ്ടി​ക്കൂ​ലി​യു​മി​ല്ലാ​ത്ത​തി​നാ​ൽ കോ​വി​ഡ് കാ​ല​ത്ത് സ്വ​ന്തം പ്രാ​രാ​ബ്ധ​ങ്ങ​ളും ചു​മ​ന്ന് നൂ​റു​ക​ണ​ക്കി​നു കി​ലോ​മീ​റ്റ​ർ ജോ​ലി​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു വീ​ടു​ക​ളി​ലേ​ക്കു ന​ട​ന്ന​ത്. അ​വ​ർ​ക്കു വാ​ക്സി​ൻ വാ​ങ്ങാ​ൻ​പോ​ലും പ​ണ​മി​ല്ലാ​തി​രു​ന്ന​പ്പോ​ഴാ​ണു ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ദു​ര​ന്തം വാ​ക്സി​ൻ മു​ത​ലാ​ളി​മാ​രു​ടെ ലോ​ട്ട​റി​യാ​യി മാ​റി​യ​ത്. ച​ങ്ങാ​ത്ത മു​ത​ലാ​ളി​ത്ത​ത്തി​ന്‍റെ സ​ഹാ​യ​ങ്ങ​ളി​ലൊ​ന്നു മാ​ത്ര​മാ​ണ​ത്.

പ​ണ്ട്, കേ​ര​ള​ത്തി​ൽ അ​തി​ദാ​രി​ദ്ര്യ​മു​ണ്ടാ​യി​രു​ന്ന കാ​ല​ത്ത് അ​ട്ട​പ്പാ​ടി​യി​ൽ ജീ​വി​ച്ചി​രു​ന്ന മ​ധു​വി​ന്‍റെ ക​ഥ​യും ഇ​തോ​ടു ചേ​ർ​ത്തു​വാ​യി​ക്കാ​വു​ന്ന​താ​ണ്. അ​യാ​ൾ ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്നു സം​സ്ഥാ​ന-​പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ​ക്കും അ​റി​യി​ല്ലാ​യി​രു​ന്നു. നാ​ഴി അ​രി​യെ​ടു​ത്ത മ​ധു​വി​നെ ആ​ൾ​ക്കൂ​ട്ടം മോ​ഷ്‌​ടാ​വി​ന്‍റെ മു​ൾ​ക്കി​രീ​ടം ധ​രി​പ്പി​ച്ച്, കൈ​ക​ൾ വ​രി​ഞ്ഞു​കെ​ട്ടി, മു​ഖ​ത്തു തു​പ്പി, പു​ത്ത​ൻ നാ​ഗ​രി​ക​ത​യു​ടെ 14 സ്ഥ​ല​ങ്ങ​ളി​ലൂ​ടെ​യും വ​ലി​ച്ചി​ഴ​ച്ച് കൊ​ന്നു​ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് സാ​ന്പ​ത്തി​ക അ​സ​മ​ത്വ​ത്തി​ന്‍റെ കാ​ടു​ക​ളെ​ക്കു​റി​ച്ചു നാ​ട​റി​ഞ്ഞ​ത്. ഈ ​രാ​ജ്യ​ത്തെ കോ​ടി​ക്ക​ണ​ക്കി​നു ക​ട​ത്തി​ണ്ണ​ക​ളി​ൽ, പാ​ല​ങ്ങ​ൾ​ക്കു ചു​വ​ട്ടി​ൽ, പു​ഴു​വ​രി​ക്കു​ന്ന ചേ​രി​ക​ളി​ൽ, പു​റ​ന്പോ​ക്കു​ക​ളി​ൽ, ഇ​ര​ന്പി​പ്പാ​യു​ന്ന മെ​ട്രോ ട്രെ​യി​നു​ക​ളു​ടെ തൂ​ണു​ക​ളി​ൽ ചാ​രി... അ​വ​ർ ഇ​രി​പ്പു​ണ്ട്. 2028ൽ ​മൂ​ന്നാ​മ​ത്തെ ലോ​ക​ശ​ക്തി​യാ​യാ​ലും അ​വ​ർ അ​വി​ടെ​ത്ത​ന്നെ ഉ​ണ്ടാ​കും. ചി​രി​ക്ക​ണോ ക​ര​യ​ണോ?

ഇ​തി​നു പ​രി​ഹാ​ര​മു​ണ്ട്. ആ​കെ വ​രു​മാ​ന​ത്തി​ലും ആ​ളോ​ഹ​രി വ​രു​മാ​ന​ത്തി​ലും വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു കാ​ര്യ​മി​ല്ല. വ​രു​മാ​ന​ത്തി​ല​ല്ല, അ​തി​ന്‍റെ വി​ത​ര​ണം ഏ​താ​നും പേ​രു​ടെ ഗോ​ഡൗ​ണി​ലെ​ത്തി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ​ത്തി​ലാ​ണ് മാ​റ്റ​മു​ണ്ടാ​കേ​ണ്ട​ത്. ആ​ദ്യം ഇ​ന്ത്യ​യി​ലെ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും സ​ർ​ക്കാ​രു​ക​ളും, ഈ ​രാ​ജ്യ​ത്തെ വ​ർ​ധി​ക്കു​ന്ന അ​സ​മ​ത്വം സ​മ്മ​തി​ക്ക​ണം. പ​രി​ഹ​രി​ക്കാ​നു​ള്ള ഇ​ച്ഛാ​ശ​ക്തി​യു​ണ്ടാ​ക​ണം. ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള നേ​താ​ക്ക​ളു​ണ്ടാ​ക​ണം. അ​ടി​സ്ഥാ​ന​വി​ക​സ​ന​ത്തെ​യും സ​ന്പ​ത്തി​ന്‍റെ നീ​തി​പൂ​ർ​വ​ക​മാ​യ വി​ത​ര​ണ​ത്തെ​യും​കു​റി​ച്ച് പ​ദ്ധ​തി​ക​ളു​ണ്ടാ​ക​ണം. ചി​കി​ത്സ-​വി​ദ്യാ​ഭ്യാ​സ ചി​ല​വു​ക​ൾ ല​ഘൂ​ക​രി​ക്കാ​ൻ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണം. വ​ന്യ​ജീ​വി​ക​ളെ നി​യ​ന്ത്രി​ച്ച്, ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കൃ​ഷി​ഭൂ​മി​ക​ളി​ലേ​ക്കു ക​ർ​ഷ​ക​രെ തി​രി​കെ​യെ​ത്തി​ക്ക​ണം.

അ​തി​സ​ന്പ​ന്ന​ർ​ക്ക​ല്ല, രാ​ജ്യ​ത്തെ ക​ർ​ഷ​ക​രും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രും ദ​ളി​ത​രും ആ​ദി​വാ​സി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് നി​കു​തി​യി​ള​വും പ​ലി​ശ​യി​ള​വും ന​ൽ​കേ​ണ്ട​ത്. അ​വ​രു​ടെ വാ​യ്പ​ക​ളാ​ണ് എ​ഴു​തി​ത്ത​ള്ളേ​ണ്ട​ത്. തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്ക​ണം. പ്ര​സം​ഗി​ച്ചാ​ൽ പോ​രാ, പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത രേ​ഖ​യാ​ക്കി പ്ര​സി​ദ്ധീ​ക​രി​ക്ക​ണം. ച​രി​ത്ര​ത്തി​ന്‍റെ കു​ഴി​മാ​ടം മാ​ന്തി ഭ​ര​ണ​കൂ​ട​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന അ​മ്മൂ​മ്മ​ക്ക​ഥ​ക​ളേ​ക്കാ​ൾ പ്ര​സ​ക്ത​മാ​ണ് പു​രോ​ഗ​തി​യെ​ന്നു ജ​നം തി​രി​ച്ച​റി​യ​ണം. അ​സ​മ​ത്വ നി​ർ​മാ​ർ​ജ​ന​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തെ​യും സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​രെ​യും പ​ങ്കെ​ടു​പ്പി​ക്ക​ണം. ഈ ​അ​സ​മ​ത്വ​വും അ​തു മ​റ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ജ​നാ​ധി​പ​ത്യ​ത്തി​നും മ​തേ​ത​ര​ത്വ​ത്തി​നും ഭീ​ഷ​ണി​യാ​ണെ​ന്ന് എ​ല്ലാ​വ​രും തി​രി​ച്ച​റി​യു​ക​യും വേ​ണം.

അ​റി​യ​ണം; ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പും അ​തി​നു​ശേ​ഷ​വും എ​ന്നു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ളും വി​ഭ​ജി​ച്ചി​ട്ടു​ണ്ട്. 90 ശ​ത​മാ​നം മ​നു​ഷ്യ​ർ​ക്കു​ള്ള​തു തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​ന്പ് കൊ​ടു​ക്കും. ചി​ല​പ്പോ​ൾ പാ​വ​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ഒ​റ്റ​ത്ത​വ​ണ​യാ​യി 10,000 രൂ​പ​യാ​കാം. മ​റ്റു ചി​ല​പ്പോ​ൾ ഗ​ഡു​ക്ക​ളാ​യി ചി​ല വാ​ഗ്ദാ​ന​ങ്ങ​ൾ, കു​ടി​ശി​ക​യു​ള്ള പെ​ൻ​ഷ​ൻ വി​ത​ര​ണം, ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യു​ടെ താ​ത്കാ​ലി​ക മ​ര​വി​പ്പി​ക്ക​ൽ, പ​ല​ച​ര​ക്കി​ന്‍റെ കി​റ്റ്... അ​ങ്ങ​നെ പ​ല​തും.

തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തി​ന്‍റെ പി​റ്റേ​ന്നു മു​ത​ൽ ഭ​ര​ണാ​ധി​കാ​രി​ക​ൾ ആ​ദ്യ​ത്തെ 90 ശ​ത​മാ​ന​ത്തി​ൽ​നി​ന്നു ക​രം പി​രി​ച്ച്, ത​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ബാ​ക്കി 10 ശ​ത​മാ​ന​ത്തെ സ​ഹാ​യി​ക്കാ​ൻ തു​ട​ങ്ങും. ഈ ​അ​ഴി​മ​തി ഇ​ന്ത്യ​യെ ഗ്ര​സി​ച്ചി​രി​ക്കു​ന്നു. സാ​ന്പ​ത്തി​ക അ​സ​മ​ത്വം വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്നു. ഒ​ന്നു​കി​ൽ ക​ഠി​ന​പ​രി​ശ്ര​മ​ങ്ങ​ളി​ലൂ​ടെ അ​സ​മ​ത്വം പ​രി​ഹ​രി​ക്കു​ക, അ​ല്ലെ​ങ്കി​ൽ എ​ളു​പ്പ​വ​ഴി​ക​ളി​ലൂ​ടെ ലോ​ക സാ​ന്പ​ത്തി​ക​ശ​ക്തി​യാ​കു​ക. മ​റ്റൊ​രു മാ​ർ​ഗ​വു​മി​ല്ല.

Tags : editorial

Recent News

Up