x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

18
DEC
2025

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ലെ അ​ധ​മ​വ്യാ​പാ​ര​ങ്ങ​ൾ

Editorial Audio


Published: December 18, 2025 12:00 AM IST | Updated: December 17, 2025 09:11 PM IST

മാ​സ​ങ്ങ​ൾ നീ​ണ്ട ത​ർ​ക്ക​വും വ്യ​വ​ഹാ​ര​ങ്ങ​ൾ​ക്കു ചെ​ല​വ​ഴി​ച്ച ല​ക്ഷ​ങ്ങ​ളും എ​ഴു​തി​ത്ത​ള്ളി സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​ന​ത്തി​ൽ സ​മ​വാ​യ​ത്തി​ലെ​ത്തി. ഇ​തു നേ​ര​ത്തേ ആ​യി​രു​ന്നെ​ങ്കി​ൽ സ​ർ​ക്കാ​രി​ന്‍റെ സ​മ​യ​വും ജ​ന​ങ്ങ​ളു​ടെ പ​ണ​വും ലാ​ഭി​ക്കാ​മാ​യി​രു​ന്നു.

എ​ടു​ത്തു​പ​റ​യാ​ൻ ര​ണ്ടു കാ​ര്യ​ങ്ങ​ളാ​ണു​ള്ള​ത്. ഒ​ന്നാ​മ​ത്, സം​സ്ഥാ​ന​ത്തി​ന്‍റെ നി​യ​മ​നാ​വ​കാ​ശം സം​ര​ക്ഷി​ക്കാ​നാ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ പോ​രാ​ട്ട​മെ​ങ്കി​ൽ വി​ട്ടു​വീ​ഴ്ച​യി​ലൂ​ടെ അ​തു പാ​ളി. ര​ണ്ടാ​മ​ത്തെ കാ​ര്യം, ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ ന്യൂ​ന​ത​ക​ളെ അ​വ​സ​ര​മാ​ക്കി വൈ​സ് ചാ​ൻ​സ​ല​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള സം​സ്ഥാ​ന​ത്തി​ന്‍റെ അ​വ​കാ​ശം ക​വ​രാ​ൻ കേ​ന്ദ്ര നോ​മി​നി​യാ​യ ഗ​വ​ർ​ണ​ർ ശ്ര​മി​ച്ച​ത് ജ​നാ​ധി​പ​ത്യ​പ​ര​മ​ല്ല.

ബി​ജെ​പി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗ​വ​ർ​ണ​ർ​മാ​രു​ടെ പെ​രു​മാ​റ്റ​ത്തി​ലെ സ​മാ​ന​ത​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ കേ​ര​ള ഗ​വ​ർ​ണ​റു​ടേ​തും വ്യ​ക്തി​പ​ര​മാ​യ വാ​ശി​ക​ൾ​ക്ക​പ്പു​റം കേ​ന്ദ്ര​താ​ത്പ​ര്യ​ങ്ങ​ളു​ടെ ന​ട​ത്തി​പ്പു മാ​ത്ര​മാ​ണെ​ന്നു കാ​ണാം.

ല​ക്ഷ്യ​ങ്ങ​ളും പ​രി​ണ​ത​ഫ​ല​ങ്ങ​ളും ഒ​ന്ന​ല്ലെ​ങ്കി​ലും കേ​ന്ദ്ര​വും സം​സ്ഥാ​ന​വും ഏ​റ്റു​മു​ട്ടു​ന്പോ​ൾ ന​ഷ്ട​പ്പെ​ടു​ന്ന​തെ​ന്തോ അ​താ​ണ് സ​മ​കാ​ലി​ക ഇ​ന്ത്യ​യി​ലെ സ്വ​ത​ന്ത്ര വി​ദ്യാ​ഭ്യാ​സം.

സു​പ്രീം​കോ​ട​തി വ​രെ എ​ത്തി​യ നി​യ​മ​യു​ദ്ധ​ത്തി​നൊ​ടു​വി​ലാ​ണ് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​റു​ടെ താ​ത്പ​ര്യ​പ്ര​കാ​രം, ഡോ. ​സി​സ തോ​മ​സി​നെ സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലും, സ​ർ​ക്കാ​രി​ന്‍റെ താ​ത്പ​ര്യ​പ്ര​കാ​രം ഡോ. ​സ​ജീ​വ് ഗോ​പി​നാ​ഥി​നെ ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലും വി​സി​മാ​രാ​യി നി​യ​മി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

ഇ​നി​യും തീ​രു​മാ​നി​ച്ചി​ല്ലെ​ങ്കി​ൽ നേ​രി​ട്ടു നി​യ​മ​നം ന​ട​ത്തു​മെ​ന്ന സു​പ്രീം​കോ​ട​തി​യു​ടെ അ​ന്ത്യ​ശാ​സ​ന​ത്തോ​ടെ​യാ​ണ് വെ​ടി​നി​ർ​ത്ത​ൽ. വി​സി നി​യ​മ​ന​ങ്ങ​ളി​ൽ സു​പ്രീം​കോ​ട​തി നേ​രി​ട്ട് ഇ​ട​പെ​ടു​ന്ന​തും മു​ൻ സു​പ്രീം​കോ​ട​തി വി​ധി​ക​ൾ​ക്കു വി​രു​ദ്ധ​മാ​യി കോ​ട​തി സ്വ​യം തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ന്ന​തും അ​നു​ചി​ത​മാ​ണെ​ന്നു ഗ​വ​ർ​ണ​ർ പ​ര​സ്യ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു.

പ​ക്ഷേ, ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത സ​ർ​ക്കാ​രി​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ എ​ന്തു കാ​ര​ണ​ത്താ​ലാ​യാ​ലും ക​വ​രു​ന്ന​ത് അ​നു​ചി​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം ക​രു​തു​ന്നു​മി​ല്ല.

എ​ൻ​ഡി​എ സ​ർ​ക്കാ​ർ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പി​ടി​മു​റു​ക്കു​ന്ന​തും സ്കൂ​ളു​ക​ളി​ൽ ച​രി​ത്ര​പാ​ഠ​ങ്ങ​ൾ തി​രു​ത്തി​യെ​ഴു​തു​ന്ന​തു​മൊ​ക്കെ ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു.

സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ നി​യ​ന്ത്ര​ണ​മു​ള്ള യു​ജി​സി​ക്കും സാ​ങ്കേ​തി​ക​വി​ദ്യാ​ഭ്യാ​സ ചു​മ​ത​ല​യു​ള്ള ഓ​ൾ ഇ​ന്ത്യ കൗ​ൺ​സി​ൽ ഫോ​ർ ടെ​ക്നി​ക്ക​ൽ എ​ഡ‍്യു​ക്കേ​ഷ​നും ടീ​ച്ചേ​ഴ്സ് എ​ഡ‍്യു​ക്കേ​ഷ​ന്‍റെ ചു​മ​ത​ല​യു​ള്ള നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ഫോ​ർ ടീ​ച്ച​ർ എ​ഡ‍്യു​ക്കേ​ഷ​നു​മൊ​ക്കെ പ​ക​രം ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ സ്ഥാ​പി​ക്കു​ന്ന ‘വി​ക്ഷി​ത് ഭാ​ര​ത് ശി​ക്ഷ അ​ധി​ഷ്ഠ​ൻ ബി​ൽ -2025’ ക​ഴി​ഞ്ഞ​ദി​വ​സം ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​തും രാ​ഷ്‌​ട്രീ​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണെ​ന്ന വി​മ​ർ​ശ​നം ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു.

ആ​വ​ശ്യ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്താ​തെ തി​ടു​ക്ക​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ബി​ൽ പ്ര​തി​പ​ക്ഷ സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്ന് സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യു​ടെ പ​രി​ശോ​ധ​ന​യ്ക്കു വി​ടേ​ണ്ടി​വ​ന്നു. രാ​ഷ്‌​ട്ര​പ​തി നി​ശ്ച​യി​ക്കു​ന്ന അ​ധ്യ​ക്ഷ​നോ അ​ധ്യ​ക്ഷ​യോ ആ​യി​രി​ക്കും ക​മ്മീ​ഷ​ന്‍റെ ത​ല​പ്പ​ത്ത്.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ നി​യ​ന്ത്ര​ണം പ​ടി​പ​ടി​യാ​യി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലേ​ക്കു ചു​രു​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​ത്തെ ഇ​തു ബ​ല​പ്പെ​ടു​ത്തും. വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​ന​ങ്ങ​ളി​ൽ ഗ​വ​ർ​ണ​ർ​മാ​ർ​ക്ക് സ​മീ​പ​കാ​ല​ത്ത് അ​മി​ത താ​ത്പ​ര്യ​മു​ണ്ടാ​യ​തും ഇ​തോ​ടു ചേ​ർ​ത്തു​വാ​യി​ക്കേ​ണ്ട​താ​ണ്. കേ​ന്ദ്ര​ത്തി​ന്‍റെ മൗ​ന​വും വാ​ചാ​ലം.

സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ നി​യ​മ​ന​ങ്ങ​ൾ സു​താ​ര്യ​മാ​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ന്നു​മു​ണ്ട്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​യി​രി​ക്കേ​ണ്ട സ്വാ​ത​ന്ത്ര്യ​ത്തി​ൽ ക​ക്ഷി​രാ​ഷ്‌​ട്രീ​യം പി​ടി​മു​റു​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലും വി​ദ്യാ​ഭ്യാ​സ നി​ല​വാ​ര​ത്തെ ത​ക​ർ​ത്തു. രാ​ഷ്‌​ട്രീ​യാ​തി​പ്ര​സ​ര​വും അ​ക്ര​മ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളെ അ​ക​റ്റി​യി​ട്ടു​മു​ണ്ട്.

സ​മാ​ന്ത​ര​മാ​യി വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ തു​റ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ ആ​ക​ർ​ഷി​ക്കു​ക​യും ചെ​യ്തു. ഒ​രു വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും പോ​യി. സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ മി​ക​ച്ച റാ​ങ്കിം​ഗ് പ​ര​സ്യ​ങ്ങ​ളൊ​ന്നും ഇ​ത്ത​രം യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ പ​ര്യാ​പ്ത​മ​ല്ല.

മ​റു​വ​ശ​ത്ത്, സ​ർ​ക്കാ​രു​ക​ളു​ടെ തീ​രു​മാ​ന​ങ്ങ​ളി​ലെ രാ​ഷ്‌​ട്രീ​യാ​തി​പ്ര​സ​ര​വും മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലെ പി​ഴ​വു​മൊ​ക്കെ ബി​ജെ​പി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ ഗ​വ​ർ​ണ​ർ​മാ​ർ പി​ടി​വ​ള്ളി​യാ​ക്കു​ക​യാ​ണ്. വൈ​സ് ചാ​ന്‍​സ​ല​റെ നി​യ​മി​ക്കാ​നു​ള്ള ക​മ്മി​റ്റി​ക​ളി​ല്‍ യു​ജി​സി പ്ര​തി​നി​ധി​കൂ​ടി വേ​ണ​മെ​ന്നാ​യി​രു​ന്നു ത​മി​ഴ്നാ​ട് ഗ​വ​ര്‍​ണ​ർ ആ​ർ.​എ​ൻ. ര​വി​യു​ടെ ആ​വ​ശ്യം.

കേ​ന്ദ്ര​ത്തി​നു മേ​ൽ​ക്കൈ ഉ​റ​പ്പാ​ക്കു​ക​യാ​ണു ല​ക്ഷ്യം. കേ​ര​ള ഗ​വ​ർ​ണ​റാ​യി​രു​ന്ന ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ആ​യാ​ലും ഇ​പ്പോ​ഴ​ത്തെ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​റാ​യാ​ലും രോ​ഷ​ത്തി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ലു​ണ്ടെ​ങ്കി​ലും ഭാ​ഷ ഒ​രേ അ​ർ​ഥ​ത്തി​ലാ​ണ്.

ത​ങ്ങ​ളെ നി​യ​മി​ച്ച​വ​രു​ടെ ഇ​ടു​ങ്ങി​യ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക​പ്പു​റം സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ അ​ന്ത​സ് ഉ​യ​ർ​ത്താ​ൻ വൈ​സ് ചാ​ൻ​സ​ല​ർ​മാ​ർ​ക്കു ക​ഴി​ഞ്ഞാ​ൽ, പ​ഠി​ക്കാ​ൻ വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഗു​ണ​ക​ര​മാ​കും. വ​രു​ന്ന ത​ല​മു​റ​യി​ൽ രൂ​പ​പ്പെ​ടേ​ണ്ട പൗ​ര​ബോ​ധ​വും സ്നേ​ഹ​വും സ​ഹി​ഷ്ണു​ത​യും പ്ര​തി​ക​ര​ണ​ശേ​ഷി​യു​മാ​ക​ണം സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ രാ​ഷ്‌​ട്ര​നി​ർ​മി​തി.

രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള താ​ത്പ​ര്യ​സം​ര​ക്ഷ​ണ​ത്തി​ന് അ​തു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. പു​തി​യ വൈ​സ് ചാ​ൻ​സ​ല​ർ​മാ​ർ പു​തി​യൊ​രു പാ​ത തു​റ​ന്നാ​ൽ കൊ​ടി​ഭാ​ര​മു​പേ​ക്ഷി​ക്കാ​ൻ ധൈ​ര്യ​മു​ള്ള​വ​ർ പി​ന്നാ​ലെ വ​രും. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ലെ അ​ധ​മ​വ്യാ​പാ​ര​ങ്ങ​ൾ​ക്ക് അ​റു​തി​യാ​ക​ട്ടെ.

Tags : DEEPIKA EDITORIAL

Recent News

Up