Editorial Audio
നൈജീരിയയിലെ കെബ്ബി സംസ്ഥാനത്ത് 25 വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയ ഇസ്ലാമിക ഭീകരർ പിന്നാലേ, നൈജർ സംസ്ഥാനത്തെ 12 അധ്യാപകർ ഉൾപ്പെടെ 315 പേരെ തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ 15 വർഷത്തിനിടെ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 1,25,000 പിന്നിട്ടു.
രണ്ടു കാര്യങ്ങൾ ശ്രദ്ധേയമാണ്. സമീപകാലത്തെ വിമർശനങ്ങളെ ഉൾക്കൊണ്ടിട്ടാണോയെന്നറിയില്ല, കേരളത്തിലെ പല മാധ്യമങ്ങളും മുൻകാലത്തേക്കാൾ പ്രാധാന്യം വാർത്തയ്ക്കു കൊടുത്തു. രണ്ടാമത്തെ കാര്യം, നൈജീരിയയിലേത് ക്രൈസ്തവ വംശഹത്യയല്ല, ഇസ്ലാമിക തീവ്രവാദികൾ മുസ്ലിംകളെയും ആക്രമിക്കാറുണ്ട് എന്ന നൈജീരിയൻ സർക്കാരിന്റെ വാദമാണ്.
മുസ്ലിംകളെ ആക്രമിച്ചു എന്നതുകൊണ്ട്, ലോകമെങ്ങും ക്രൈസ്തവരെ വംശഹത്യ ചെയ്യുന്ന ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങളുടെ നൈജീരിയയിലെ ദളങ്ങളെ മതേതര കൊലപാതകികളാക്കുന്നത് യഥാർഥ വിഷയത്തിൽനിന്നുള്ള ശ്രദ്ധ മാറ്റലായിരിക്കും. ബോക്കോ ഹറാം ശക്തമായ 2019 മുതൽ ഭീകരർ തട്ടിക്കൊണ്ടുപോകലും മോചനദ്രവ്യം ആവശ്യപ്പെടലും മാനഭംഗങ്ങളും മാത്രമല്ല നടത്തിയിട്ടുള്ളത്.
അവർ മോസ്കുകളല്ല, 19,100 ക്രൈസ്തവ ദൈവാലയങ്ങള്‍ നശിപ്പിക്കുകയോ കൊള്ളയടിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്തിട്ടുണ്ട്. ഇസ്ലാമിക ഭീകരരുടെ ഇരകളായ മുസ്ലിംകളോടും ക്രൈസ്തവരോടും നമുക്ക് ഐക്യദാർഢ്യപ്പെടാം, ഭീകരപ്രസ്ഥാനങ്ങളെ വെളുപ്പിക്കാതെതന്നെ.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അക്രമികൾ നൈജീരിയയിലെ നൈജർ സംസ്ഥാനത്തെ പാപിരിയിലുള്ള സെന്റ് മേരീസ് ബോർഡിംഗ് കത്തോലിക്ക സ്കൂളിലെ പെൺകുട്ടികൾ ഉൾപ്പെടെ 303 വിദ്യാർഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയത്. അക്രമികൾ ഇസ്ലാമിക ഭീകരരാണെന്ന് ഔദ്യോഗിക റിപ്പോർട്ടുകളില്ല. പക്ഷേ, ഇത്തരം തട്ടിക്കൊണ്ടുപോകലുകൾ ഇക്കാലമത്രയും നടത്തിയിട്ടുള്ളത് തീവ്ര ഇസ്ലാമിക സംഘടനകളാണ്.
പതിവുപോലെ അവർ വിദ്യാർഥികളെ സമീപത്തെ കാടുകളിലേക്കാണ് കൊണ്ടുപോയിട്ടുള്ളത്. തിങ്കളാഴ്ച കെബ്ബി സംസ്ഥാനത്ത് 25 വിദ്യാർഥിനികളെയും കാടുകളിലേക്കു തട്ടിക്കൊണ്ടുപോയിരുന്നു. കെബ്ബിയിലെ സ്കൂളിനടുത്ത് ചെക് പോസ്റ്റ് ഉണ്ടായിരുന്നെങ്കിലും 20 മിനിറ്റോളം സ്ഥലത്തുണ്ടായിരുന്ന തീവ്രവാദികളെ നേരിടാൻ പോലീസ് എത്തിയില്ല. പോലീസും ഉദ്യോഗസ്ഥരും തീവ്രവാദികളെ പിന്തുണയ്ക്കുന്നു എന്ന ആരോപണം മുന്പേയുള്ളതാണ്.
അക്രമികളെ പിടികൂടിയില്ലെങ്കിലും നൈജറിലും പരിസര പ്രദേശങ്ങളിലുമുള്ള സ്കൂളുകൾ അനിശ്ചിതമായി അടച്ചു. 2014ൽ നൈജീരിയയിലെ ചിബോക്കിലുള്ള സ്കൂളിൽനിന്ന് ബോക്കോ ഹറാം 276 വിദ്യാർഥിനികളെ തട്ടിക്കൊണ്ടു പോയതിലും എണ്ണത്തിൽ വലിയ സംഭവമായി മാറിയിരിക്കുകയാണ് നൈജറിലേത്. ചിബോക്കിലെ പെൺകുട്ടികളിൽ ഏറെയും രക്ഷപ്പെട്ടിരുന്നെങ്കിലും 100 പേരേക്കുറിച്ച് ഇന്നും ഒരു വിവരവുമില്ല.
രക്ഷപ്പെട്ടുവന്ന വിദ്യാർഥിനികളിലൊരാൾ കഴിഞ്ഞ ഏപ്രിൽ 13ന്, 10-ാം വാർഷികത്തിൽ ബിബിസിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്, സർക്കാരിന്റെ പുനരധിവാസ കേന്ദ്രം തീവ്രവാദികളുടേതിനേക്കാൾ മെച്ചമല്ല എന്നാണ്. തീവ്രവാദികളിൽ ഉണ്ടായ കുഞ്ഞുങ്ങളുമായിട്ടാണ് പലരും രക്ഷപ്പെട്ട് എത്തിയത്. അവർക്ക് ആവശ്യത്തിനു ഭക്ഷണംപോലും കേന്ദ്രത്തിൽ ലഭിക്കുന്നില്ല. നൈജീരിയയിലെ ജനങ്ങൾ തീവ്രവാദികളിൽനിന്നും സർക്കാരിൽനിന്നും ദുരന്തങ്ങൾ ഏറ്റുവാങ്ങുകയാണ്.
ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിൻസ്, ഫുലാനി, അൻസാറുൽ മുസ്ലീമിയ, ജമാ അത് നുസ്റത് അൽ ഇസ്ലാം, ലക്കുറാവാ തുടങ്ങിയ ഭീകര പ്രസ്ഥാനങ്ങളൊക്കെ അടിസ്ഥാന ലക്ഷ്യമാക്കിയിരിക്കുന്നത് ഇസ്ലാമിക രാഷ്ട്ര നിർമിതിയാണ്. വിദ്യാഭ്യാസത്തെ നിഷിദ്ധമായി കരുതുന്ന ബോക്കോ ഹറാം അത് പലതവണ ആവശ്യപ്പെട്ടു കഴിഞ്ഞു.
മുസ്ലിം വിദ്യാർഥിനികളെ ഉൾപ്പെടെ അവർ തട്ടിക്കൊണ്ടുപോകുന്നതിന്റെ കാരണവും ഇസ്ലാമിക രാഷ്ട്ര സങ്കൽപമാണ്. ഫെഡറൽ റിപ്പബ്ലിക് ഓഫ് നൈജീരിയ എന്നാണ് അറിയപ്പെടുന്നതെങ്കിലും അവിടെ മതഭീകരതയുടെ സമാന്തര ഭരണമാണ്. ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ നൈജീരിയ സ്ഥാപകൻ എമെക്ക ഉമീഗ് ബലാസി ഇന്നലെ ആവർത്തിച്ച കണക്കനുസരിച്ച്, 15 വർഷത്തിനിടെ 1,25,000 ക്രിസ്ത്യാനികളെയും 60,000 മുസ്ലിംകളെയും വിവിധ തീവ്രവാദ സംഘടനകൾ വധിച്ചു. സർക്കാരിന്റെ കണക്കുകൾ യഥാർഥമല്ല.
19,100 ക്രൈസ്തവ ദൈവാലയങ്ങളും നിരവധി ക്രൈസ്തവ സ്കൂളുകളും നശിപ്പിച്ചുകഴിഞ്ഞു. ഇന്റര്‍ സൊസൈറ്റി എന്ന നൈജീരിയന്‍ എന്‍ജിഒയുടെ റിപ്പോര്‍ട്ട് പ്രകാരം 2015 മുതല്‍ കുറഞ്ഞത് 250 കത്തോലിക്കാ വൈദികരെങ്കിലും അക്രമത്തിനിരയായി. ലക്ഷക്കണക്കിനു ക്രൈസ്തവർ പലായനം ചെയ്തു.
നൈജീരിയയിൽ നടക്കുന്നത് ക്രൈസ്തവ വംശഹത്യയാണ്. വിവിധ അന്തർദേശീയ ഏജൻസികൾ ക്രൈസ്തവ വേട്ടയെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇതു തുടർന്നാൽ സൈനികമായി ഇടപെടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പു നൽകിയത്. ഫുലാനി തീവ്രവാദികൾ ക്രൈസ്തവ കർഷകരെ കൂട്ടക്കൊല ചെയ്യുകയും അവരുടെ ഗ്രാമങ്ങൾതന്നെ കൈവശപ്പെടുത്തുകയും ചെയ്തു.
ഇസ്ലാമിക് സ്റ്റേറ്റ് ശൈലിയിൽ പലയിടത്തും ക്രൈസ്തവരുടെ കഴുത്തറക്കുകയോ പിന്നിൽനിന്നു വെടിവച്ചു വീഴ്ത്തുകയോ ചെയ്തു. ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് നൈജീരിയയിലെ തീവ്രവാദത്തിനു കാരണമെന്നു പറയുന്നവർ, ഇസ്ലാമിക തീവ്രവാദമുള്ള ഏതൊരു രാജ്യത്താണ് ദാരിദ്ര്യവും തൊഴിലില്ലായ്മയും അരാജകത്വവും ഇല്ലാത്തതെന്നുകൂടി പറയണം.
ദാരിദ്ര്യം ഇസ്ലാമിക തീവ്രവാദത്തെയല്ല, ഇസ്ലാമിക തീവ്രവാദം ദാരിദ്ര്യത്തെയും അസമാധാനത്തെയുമാണ് വളർത്തുന്നത്. ഭീകരവാദത്തിനു മതമില്ല എന്ന വാദം സമകാലിക യാഥാർഥ്യങ്ങളെ തിരസ്കരിക്കുന്നതും മതമുദ്രാവാക്യം വിളിച്ച് നിരപരാധികളെ വധിക്കുന്ന ഇസ്ലാമിക തീവ്രവാദത്തെ മറയ്ക്കുന്നതുമാണ്.
ലോകമെങ്ങും ക്രൈസ്തവരെയും യഹൂദരെയും ഉന്മൂലനം ചെയ്യാൻ പ്രതിജ്ഞാബദ്ധമായ ഭീകര പ്രസ്ഥാനങ്ങൾ നൈജീരിയയിൽ മാത്രം മതേതരമാകുമെന്ന വാദം വിലപ്പോകില്ല. തീവ്ര ഇസ്ലാമിക സങ്കൽപങ്ങളെ പിന്തുണച്ചില്ലെങ്കിൽ മുസ്ലിംകളെയും അതു വെറുതേ വിടില്ല.
ലോകത്തെവിടെയുമെന്നപോലെ നൈജീരിയയിലും ക്രൈസ്തവർ ഉൾപ്പെടെയുള്ള മനുഷ്യരെ വെള്ള പുതപ്പിച്ചു കിടത്തുന്നവരെ വെളുപ്പിക്കാൻ തീവ്രവാദികൾക്കു മാത്രമേ ബാധ്യതയുള്ളൂ.
Tags : editorial