Editorial Audio
വെള്ളിത്തിരയ്ക്കു പിന്നിലെ കറുത്ത തിരകളിലേക്കു വെളിച്ചം വീശിയതും ഒന്പതു വർഷത്തിനടുത്ത് സജീവമായിരുന്നതുമായ നടി ആക്രമണക്കേസിൽ ഒന്നുമുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരിക്കുന്നു. എന്നാൽ, അതിനേക്കാൾ ശ്രദ്ധേയമായത് എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ടു എന്നതാണ്.
ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നാണു കോടതി വ്യക്തമാക്കിയത്. നീതി ലഭിച്ചില്ലെന്നു കരുതുന്നവർക്ക് മേൽകോടതിയെ സമീപിക്കാം. അത് അവരുടെ അവകാശമാണ്. പക്ഷേ, കുറ്റക്കാരെ ശിക്ഷിച്ച അതേ കോടതി, തെളിവില്ലാത്തതിനാൽ ഒരാളെ വെറുതെ വിടുന്പോൾ അസ്വസ്ഥരായിട്ടു കാര്യമില്ല. പൊതുബോധം കുറ്റക്കാരായി വിധിച്ചവരെ തെളിവില്ലാതെ ശിക്ഷിക്കുകയല്ല കോടതിയുടെ നീതിബോധം.
2017 ഫെബ്രുവരി 17ന് അങ്കമാലി അത്താണിക്കു സമീപം യുവനടിയുടെ കാർ തടഞ്ഞുനിർത്തി ആക്രമിച്ച് നഗ്നവീഡിയോ പകർത്തിയെന്നാണു കേസ്. തന്നെയും മറ്റൊരു നടിയെയും ചേർത്ത് അതിജീവിത ഗോസിപ്പുകൾ പ്രചരിപ്പിച്ചുവെന്ന് നടൻ ദിലീപ് സംശയിച്ചെന്നും ഈ ബന്ധം ആദ്യഭാര്യയെ അറിയിച്ചതോടെ വിവാഹബന്ധം തകർന്നെന്നും തുടർന്ന് ദിലീപ് ഭീഷണി മുഴക്കുകയും ഇരയുടെ കരിയർ തകർക്കാൻ ശ്രമിച്ചെന്നുമായിരുന്നു പ്രോസിക്യൂഷൻ ആരോപണം.
ഒന്നാം പ്രതി പൾസർ സുനിയുമായി ഗൂഢാലോചന നടത്തിയ ദിലീപ് നടിയുടെ നഗ്നദൃശ്യങ്ങൾ ചിത്രീകരിക്കാൻ നിർദേശിച്ചെന്നും ഒന്നരക്കോടി രൂപ വാഗ്ദാനം ചെയ്തെന്നും 2013ൽ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നുമാണ് കുറ്റപത്രത്തിലുള്ളത്. ഇതിലാണ് ഗൂഢാലോചനക്കേസിനു തെളിവില്ലെന്നു പറഞ്ഞ് ഏഴു മുതൽ 10 വരെയുള്ള പ്രതികളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടത്.
മേൽക്കോടതിയെ സമീപിക്കുമെന്നു സർക്കാർ പറഞ്ഞിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ട സ്ഥിതിക്ക് പ്രതികൾ എന്തുകൊണ്ട് അതു ചെയ്തു എന്ന ചോദ്യത്തിനുത്തരമായിട്ടില്ല. പ്രതികൾ നഗ്നചിത്രം പകർത്തിയത് എന്തിനാണ്, ആർക്കുവേണ്ടിയാണ് എന്നതും തെളിയിക്കാൻ പോലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടു. യഥാർഥത്തിൽ തനിക്കെതിരേയാണ് ഗൂഢാലോചന നടന്നതെന്നാണ് ദിലീപ് പ്രതികരിച്ചത്.
അത് ബോധ്യമുണ്ടെങ്കിൽ ദിലീപിനും കോടതിയെ സമീപിക്കാം. ആരായാലും പുകമറ സൃഷ്ടിക്കരുത്. വിധിയറിഞ്ഞശേഷം ദിലീപ് നടത്തിയ ആദ്യപ്രതികരണത്തിൽ പോലീസിനും മാധ്യമങ്ങൾക്കുമെതിരേയുള്ള രൂക്ഷ വിമർശനമുണ്ട്. ഇരുകൂട്ടരും വിമർശനാതീതരൊന്നുമല്ല. പക്ഷേ, ഒരു കാര്യമുള്ളത്, പോലീസും പിന്നീട് പ്രോസിക്യൂഷനും പറഞ്ഞതാണ് മിക്ക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. കേസിന്റെ വിവരങ്ങൾ പത്രസമ്മേളനം നടത്തിയാണ് മാധ്യമങ്ങളെ അറിയിച്ചത്.
സ്വാഭാവികമായും അതു വാർത്തയാകും. പോലീസ് കണ്ടെത്തിയ അത്തരം വിവരങ്ങളാണ് കുറ്റപത്രത്തിലുമുള്ളത്. മാധ്യമങ്ങളുടെ റിപ്പോർട്ടിംഗിൽ മനുഷ്യസഹജമായ പിഴവുകളുണ്ടാകും. പക്ഷേ, അതു പൂർണമായി ഒഴിവാക്കാനാകില്ല. അതേസമയം, സ്ത്രീവിഷയ കേസുകളിൽ ജനങ്ങളിൽ ഒരു വിഭാഗത്തിന്റെ അമിത താത്പര്യത്തെ തൃപ്തിപ്പെടുത്താൻ ചില മാധ്യമങ്ങൾ കഥകൾ മെനയുന്നതിനെയും മാധ്യമവിചാരണ നടത്തുന്നതിനെയും ന്യായീകരിക്കാനാകില്ല.
സിനിമയിലെ പിന്നാന്പുറങ്ങൾ അറിയാമെന്ന് അവകാശപ്പെടുകയും പൊടിപ്പും തൊങ്ങലും കള്ളത്തരങ്ങളും കൂട്ടിച്ചേർത്ത് അതിനെ വിൽപ്പനച്ചരക്കാക്കുകയും ചെയ്ത സമൂഹമാധ്യമങ്ങളിലെ മാലിന്യവിൽപ്പനക്കാരുമുണ്ട്. അക്കാര്യത്തിൽ മുഖ്യധാര-സമൂഹമാധ്യമങ്ങളിൽ ആത്മപരിശോധനയും തിരുത്തലും ആവശ്യമാണ്. അതുപോലെ സിനിമാരംഗത്തും ചില തിരുത്തലുകൾക്ക് ഈ കേസ് ഇടയാക്കിയിട്ടുണ്ട്.
സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പുരുഷ മേധാവിത്വത്തിനെതിരേ പ്രതികരിക്കാനും പ്രതിരോധിക്കാനും ഇതു പൂർവാധികം ധൈര്യം പകർന്നു. പലതിലും അന്വേഷണങ്ങളും കേസുകളുമുണ്ടായി. നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ ഇച്ഛാശക്തിയാണ് അതിനൊക്കെ വഴിതെളിച്ചത്. കേരളം അതിജീവിതയ്ക്കൊപ്പമായിരുന്നു. കോടതി അതിജീവിതയ്ക്കും തെളിവുകൾക്കുമൊപ്പം നിന്നു.
കോടതി വെറുതെ വിട്ടവരെ വെറുതെ വിടാത്ത സമൂഹം ജനാധിപത്യത്തിന്റെ ഭാഗമല്ലെന്നും സമ്മതിക്കേണ്ടതുണ്ട്. നിലവിലെ കോടതിവിധിയനുസരിച്ച് ദിലീപ് കുറ്റക്കാരനല്ല. മേൽക്കോടതി തിരുത്തുവോളം അതാണ് യാഥാർഥ്യം. നിരപരാധികളെന്നു കോടതി വിധിച്ചിട്ടും പോലീസും മാധ്യമങ്ങളും വികാരജീവികളുമൊക്കെ ചേർന്നു സൃഷ്ടിച്ചെടുത്ത പൊതുബോധം വളഞ്ഞുവച്ച നിരവധി മനുഷ്യരുടെ നാടാണിത്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാതിരിക്കട്ടെ.
Tags : editorial