Editorial Audio
2025 ഒടുവിലത്തെ മുഖപ്രസംഗം യുപിയിലെ കുപ്രസിദ്ധമായ ഉന്നാവോ ബലാത്സംഗക്കേസിലെ അതിജീവിതയ്ക്കു സമർപ്പിക്കുന്നു. ഇന്ത്യയിൽ സ്ത്രീശക്തീകരണം സാധ്യമാക്കാൻ അടിയന്തരമായി ചെയ്യേണ്ട കാര്യം ആ പെൺകുട്ടിയുടെ പോരാട്ടചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക എന്നതാണ്.
ബലാത്സംഗികളും കുറ്റവാളികളും ഭരണകൂടവും വേട്ടയാടുകയും, നീതിയുടെ ചില പീഠങ്ങളിലിരിക്കുന്നവർ പുറംതിരിയുകയും ചെയ്തിട്ടും പോരാടിക്കൊണ്ടേയിരിക്കുന്ന വർത്തമാനകാലത്തെ വനിതകളാണ് ഈ തലമുറയോടു സംവദിക്കേണ്ടത്. ഉന്നാവോ പെൺകുട്ടി ഇന്നു കൂട്ടബലാത്സംഗത്തിന്റെ ഇരയല്ല, എട്ടു വർഷത്തിലേറെയായി തീക്കനലുകളിലൂടെ മാത്രം നടന്ന ഉരുക്കുവനിതയാണ്.
സ്ത്രീശക്തീകരണം ചരിത്ര ഉദാഹരണങ്ങളിൽനിന്നു മാത്രമല്ല, വർത്തമാനകാലത്തിന്റെ ചോരയും സ്രവങ്ങളും നഖക്ഷതങ്ങളും പേറി നിവർന്നു നിൽക്കുന്ന കേരളത്തിലേതുൾപ്പെടെയുള്ള അതിജീവിതകളിൽനിന്നുകൂടി പഠിച്ചാലേ പൂർണമാകൂ. സുപ്രീംകോടതിയുടെ അന്തിമവിധി വരാനിരിക്കുന്നതേയുള്ളൂ. പക്ഷേ, അത് അവളുടെ പോരാട്ടത്തെ ബാധിക്കുന്നില്ല.
ഉത്തർപ്രദേശിലെ ഉന്നാവോയിലേക്കു പോയാൽ ആ പോരാട്ടതീവ്രതയുടെ ഒരു സൂചന ലഭിക്കും. ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാർ 2017 ജൂൺ നാലിന് ജോലി വാഗ്ദാനം ചെയ്തു വീട്ടിൽ വിളിച്ചുവരുത്തി 17കാരിയെ ബലാത്സംഗം ചെയ്തെന്നാണ് കേസ്. ദിവസങ്ങൾക്കകം എംഎൽഎയുടെ ആളുകൾ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി.
പരാതി നൽകിയെങ്കിലും എംഎൽഎയെ ഒഴിവാക്കിയാണ് പോലീസ് കേസെടുത്തത്. പക്ഷേ, തൊട്ടുപിന്നാലെ പരാതിക്കാരിയുടെ പിതാവിനെ ഗുണ്ടകൾ തല്ലിച്ചതച്ചു. അതിനെതിരേയും പരാതി കൊടുത്തെങ്കിലും പെൺകുട്ടിയുടെ പിതാവിനെയാണ് 2018 ഏപ്രിൽ അഞ്ചിനു പോലീസ് അറസ്റ്റ് ചെയ്തത്. കേസ് പ്രതികൾക്കനുകൂലമായി പോകുകയാണെന്നു മനസിലാക്കിയ പെൺകുട്ടി ഏപ്രിൽ എട്ടിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നിൽ തീ കൊളുത്തി ആത്മഹത്യാശ്രമം നടത്തി.
തൊട്ടടുത്ത ദിവസം, കസ്റ്റഡിയിലായിരുന്ന പിതാവ് പോലീസിന്റെ ക്രൂരമർദനത്തിനിരയായി ആശുപത്രിയിൽ മരിച്ചു. സർക്കാരിനെതിരേ ജനരോഷം ഉയർന്നതോടെ കേസ് സിബിഐക്കു വിട്ടു. അതിജീവിതയുടെ പോരാട്ടത്തിന്റെ ഒന്നാം ഘട്ടം അവിടെ അവസാനിച്ചു. ഏപ്രിൽ 13ന് സെൻഗാർ അറസ്റ്റിലായി. പക്ഷേ, പോലീസ് വിട്ടില്ല.
പിതാവില്ലാതായ പെൺകുട്ടിക്കുവേണ്ടി കേസിനിറങ്ങിയ അദ്ദേഹത്തിന്റെ സഹോദരനെ 18 വർഷം പഴക്കമുള്ള ഒരു കേസിന്റെ പേരിൽ അറസ്റ്റ് ചെയ്തു. 2019 ജൂലൈ 28ന് അതിജീവിതയും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറിലേക്ക് ട്രക്ക് ഇടിച്ചുകയറിയതിനെത്തുടർന്ന് സാക്ഷികളായ രണ്ടു കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. അതീവഗുരതരാവസ്ഥയിൽ അതിജീവിത ആശുപത്രിയിലായി.
രജിസ്ട്രേഷൻ നന്പർ മറച്ച ട്രക്ക് ഓടിച്ചവർക്ക് പ്രതികളുമായുള്ള ബന്ധം പിന്നീട് പുറത്തുവന്നു. സുപ്രീംകോടതി അതിജീവിതയുടെ സുരക്ഷിതത്വത്തെ കണക്കിലെടുത്ത് കേസ് യുപിയിൽനിന്ന് ഡൽഹിയിലേക്കു മാറ്റി. 2019 ഡിസംബറിൽ സിബിഐ ഡൽഹി പ്രത്യേക കോടതി പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തുകയും ബലാത്സംഗം, അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണം, ട്രക്ക് ഇടിപ്പിച്ചു കൊല്ലാൻ ശ്രമം എന്നീ കേസുകളിൽ ആജീവനാന്ത തടവും 25 ലക്ഷം രൂപ പിഴയും വിധിക്കുകയും ചെയ്തു.
പക്ഷേ, ഇക്കഴിഞ്ഞ ഡിസംബർ 23ന് പ്രതി സെൻഗറിന്റെ അപ്പീലിൽ ഡൽഹി ഹൈക്കോടതി ശിക്ഷാവിധി മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തു. ഇതാണ്, സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുന്നത്. എംഎൽഎ ആയിരുന്ന പ്രതി പൊതുപ്രവർത്തകൻ എന്ന നിർവചനത്തിനു കീഴിൽ വരില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിൽ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു.
പോക്സോ കേസുകളിൽ പ്രതിയാകുന്ന പൊതുസേവകർക്കു കൂടുതൽ ശിക്ഷ നൽകുന്ന വകുപ്പിൽനിന്ന് രക്ഷപ്പെടാനാണ് പൊതുസേവകനല്ലെന്നു പ്രതി വാദിച്ചത്. ഇതു ഹൈക്കോടതി അംഗീകരിച്ചത് നിയമവൃത്തങ്ങളെപ്പോലും അന്പരപ്പിച്ചിരിക്കുകയാണ്. ഭരണകൂടവുമായി ബന്ധപ്പെട്ട ഒരാൾ പോക്സോ കേസിൽ പ്രതിയായിട്ടും അധികാരികളും സർക്കാർ സംവിധാനങ്ങളും നിയമവ്യവസ്ഥയുംപോലും അയാൾക്കൊപ്പം നിൽക്കുന്ന ഭയാനകസ്ഥിതിയാണ് സുപ്രീംകോടതി ഇടപെടലോടെ വെളിപ്പെടുന്നത്.
എന്നിട്ടും എട്ടു വർഷത്തിലേറെ വേട്ടക്കാരെ പിന്തുടർന്ന ഈ അതിജീവിത ഒരു യുദ്ധത്തിന്റെ പേരായി മാറിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ വസതിയിലെത്തി സ്വയം തീകൊളുത്തേണ്ടിവന്നിട്ടും സ്വന്തം പിതാവും സാക്ഷികളായ ബന്ധുക്കളുമുൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടിട്ടും ദുരൂഹ അപകടത്തിൽ മരണാസന്നയായിട്ടും വെന്റിലേറ്ററിൽനിന്നിറങ്ങിവന്നുപോലും പൊരുതിയ ഈ പെൺകുട്ടിയേക്കാൾ സ്ത്രീശക്തീകരണത്തെക്കുറിച്ചു പറയാൻ ആർക്കാണു യോഗ്യത? ഒരു വനിതയ്ക്ക് നേരിടേണ്ടിവരുന്ന ഏറ്റവും വലിയ അപമാനവും മുറിവുമാണ് ബലാത്സംഗികൾ വരുത്തിവയ്ക്കുന്നത്.
പക്ഷേ, അതോടെ നഷ്ടങ്ങളിലേക്കു മുഖം പൂഴ്ത്താതെ കുറ്റവാളിയെ അഭയകേന്ദ്രങ്ങളിൽനിന്നു പുറത്തിറക്കണമെന്നാണ് സുപ്രീംകോടതിയുടെ നടുത്തളത്തിൽനിന്ന് ഈ പെൺകുട്ടി പഠിപ്പിക്കുന്നത്. രാജ്യം ഇതു വായിച്ചു പഠിക്കേണ്ടതല്ലേ? ജനാധിപത്യസംവിധാനങ്ങളിലൂടെ നടത്തിയ ഈ മഹായുദ്ധമല്ലേ നമ്മുടെ പെൺകുട്ടികളെ ശക്തീകരിക്കാൻ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തേണ്ടത്? ഇരകൾക്കൊപ്പം നിൽക്കാനും ആളുണ്ടെന്നും അധികാരത്തിന്റെ അടിച്ചമർത്തൽശേഷി അജയ്യമല്ലെന്നും രാജ്യമറിയട്ടെ.
നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ദിവസം ഏകദേശം 86 ബലാത്സംഗങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്ന ഇന്ത്യയിൽ നാളെ പുതിയൊരു സ്ത്രീശക്തി ഉദിച്ചുയരട്ടെ.
Tags : editorial