x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

07
JAN
2026

അ​വ​ർ​ക്കു താ​രാ​ട്ടി​ല്ല, ച​ര​മ​ഗീ​ത​വു​മി​ല്ല

Editorial Audio


Published: January 7, 2026 12:00 AM IST | Updated: January 6, 2026 10:17 PM IST

എ​ന്‍റെ ശ​രീ​രം എ​ന്‍റെ അ​വ​കാ​ശ​മാ​ണെ​ങ്കി​ൽ മ​റ്റൊ​രു വ്യ​ക്തി​യു​ടെ ശ​രീ​രം അ​യാ​ളു​ടെ അ​വ​കാ​ശ​മാ​ണ്. യു​ക്തി​ഭ​ദ്ര​മാ​ണ് ഈ ​വ​സ്തു​ത. പ​ക്ഷേ, സ്ത്രീ​യു​ടെ ശ​രീ​രം അ​വ​ളു​ടെ അ​വ​കാ​ശ​മാ​ണെ​ന്നു വാ​ദി​ച്ച് ഗ​ർ​ഭഛി​ദ്ര​ത്തെ ന്യാ​യീ​ക​രി​ക്കു​ന്ന​വ​ർ, ഗ​ർ​ഭ​സ്ഥ​ശി​ശു​വി​ന്‍റെ ശ​രീ​രം അ​തി​ന്‍റെ അ​വ​കാ​ശ​മാ​ണെ​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റ​ല്ല. അ​താ​യ​ത് അ​മ്മ​യ്ക്കു നീ​തി, കു​ഞ്ഞി​ന് അ​നീ​തി.

അ​ങ്ങ​നെ ബ​ല​വാ​ന്‍റെ അ​നീ​തി നി​യ​മ​മാ​കു​ന്ന കാ​ല​ത്ത്, പ്യൂ​ർ​ട്ടൊ റി​ക്കോ എ​ന്ന രാ​ജ്യം, ഗ​ർ​ഭ​സ്ഥ​ശി​ശു ഒ​രു സ്വാ​ഭാ​വി​ക വ്യ​ക്തി​യാ​ണെ​ന്ന് അം​ഗീ​ക​രി​ക്കു​ന്ന നി​യ​മം പാ​സാ​ക്കി​യി​രി​ക്കു​ന്നു. മാ​തൃ​ഗ​ർ​ഭ​ത്തി​ന്‍റെ സു​ഖ​സു​ഷു​പ്തി​യി​ലി​രി​ക്കേ അ​വി​ടെ​യി​ട്ടു ന​ശി​പ്പി​ച്ച് പു​റ​ത്തേ​ക്കു വ​ലി​ച്ചെ​ടു​ക്കു​ന്പോ​ഴു​ള്ള ഗ​ർ​ഭ​സ്ഥ​ശി​ശു​വി​ന്‍റെ മ​ര​ണ​പ്പി​ട​ച്ചി​ലി​നെ മാ​ത്ര​മ​ല്ല, വ്യ​ക്തി​യെ​ന്ന നി​ല​യി​ലു​ള്ള അ​വ​കാ​ശ​ങ്ങ​ളെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​താ​ണ് പു​തി​യ നി​യ​മം.

കാ​ര​ണ​വും ന്യാ​യ​വും പ​ല​തു​ണ്ടാ​കാം. പ​ക്ഷേ, അ​തു​കൊ​ണ്ടൊ​ന്നും ഗ​ർ​ഭഛി​ദ്രം കൊ​ല​പാ​ത​ക​മ​ല്ലാ​താ​കി​ല്ല. സ്വ​യ​ര​ക്ഷ​യ്ക്കു​വേ​ണ്ടി​യു​ള്ള കൊ​ല​പാ​ത​ക​ത്തെ ശി​ക്ഷ​യി​ൽ​നി​ന്നൊ​ഴി​വാ​ക്കു​മെ​ങ്കി​ലും ഒ​രു നീ​തി​പീ​ഠ​വും അ​തു കൊ​ല​പാ​ത​ക​മ​ല്ലെ​ന്നു വി​ധി​ക്കി​ല്ല​ല്ലോ. ഗ​ർ​ഭ​സ്ഥ​ശി​ശു ഗ​ർ​ഭാ​വ​സ്ഥ​യു​ടെ ഏ​തു ഘ​ട്ട​ത്തി​ലും ഒ​രു സ്വാ​ഭാ​വി​ക വ്യ​ക്തി​യാ​ണെ​ന്ന നി​യ​മ​മാ​ണ് പ്യൂ​ർ​ട്ടൊ റി​ക്കോ​യി​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 22നാ​ണ് ഗ​വ​ർ​ണ​ർ ജെ​ന്നി​ഫ​ർ ഗൊ​ൺ​സാ​ല​സ് ബി​ല്ലി​ൽ ഒ​പ്പു​വ​ച്ച​ത്.

സാ​ധാ​ര​ണ വ്യ​ക്തി​ക്കു ല​ഭി​ക്കേ​ണ്ട എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളും ഗ​ർ​ഭ​സ്ഥ​ശി​ശു​വി​നും ബാ​ധ​ക​മാ​ണെ​ന്ന് നി​യ​മം അ​ടി​വ​ര​യി​ടു​ന്നു. ഗ​ർ​ഭി​ണി​യാ​യ ഒ​രു സ്ത്രീ​ക്കെ​തി​രേ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ആ​ക്ര​മ​ണ​മോ ബ​ല​പ്ര​യോ​ഗ​മോ ന​ട​ക്കു​ക​യും ഇ​തു​മൂ​ലം ഗ​ർ​ഭ​സ്ഥ​ശി​ശു മ​രി​ക്കാ​നി​ട​യാ​കു​ക​യും ചെ​യ്താ​ൽ അ​തു കൊ​ല​പാ​ത​ക​മാ​യി ക​ണ​ക്കാ​ക്കും. പു​തി​യ ലോ​ക​ക്ര​മ​ത്തി​ന് അം​ഗീ​ക​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള നി​യ​മ​മാ​ണി​തെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

ഗ​ർ​ഭി​ണി​യു​ടെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ അ​നാ​രോ​ഗ്യം, ഗ​ർ​ഭ​ധാ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ബ​ലാ​ത്സം​ഗം, പീ​ഡി​പ്പി​ച്ച​യാ​ളു​ടെ സ്മ​ര​ണ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഗൗ​ര​വ​മു​ള്ള​താ​ണ്. അ​ത്ത​രം കേ​സു​ക​ളി​ൽ നി​യ​മം ഗ​ർ​ഭഛി​ദ്ര​ത്തി​ന് അ​നു​വ​ദി​ക്കു​ന്നു​മു​ണ്ട്. പ​ക്ഷേ, അ​വ മാ​ത്ര​മാ​യി​രു​ന്നു കാ​ര​ണ​മെ​ങ്കി​ൽ ലോ​ക​ത്ത് ദി​വ​സം ര​ണ്ടു ല​ക്ഷം ഗ​ർ​ഭഛി​ദ്ര​ങ്ങ​ൾ ന​ട​ക്കി​ല്ലാ​യി​രു​ന്നു.

‘എ​ന്‍റെ ശ​രീ​രം, എ​ന്‍റെ അ​വ​കാ​ശം’ എ​ന്ന​ത്, ലോ​ക​ത്തെ ഏ​റ്റ​വും നി​സ​ഹാ​യ-​ദു​ർ​ബ​ല വ്യ​ക്തി​യെ കൊ​ല്ലാ​നു​ള്ള ഗ​ർ​ഭ​പാ​ത്ര പ്ര​വേ​ശ​ന​ത്തി​ന്‍റെ പാ​സ്‌​വേ​ഡാ​യി മാ​റി​യെ​ങ്കി​ൽ അ​തു ച​ർ​ച്ച ചെ​യ്യ​പ്പെ​ട​ണം. ഗ​ർ​ഭഛി​ദ്ര​ത്തെ പാ​ടേ നി​രോ​ധി​ക്കു​ന്ന നി​യ​മ​മ​ല്ല, പ്യൂ​ർ​ട്ടൊ റി​ക്കോ ന​ട​പ്പാ​ക്കി​യ​ത്. അ​തി​ൽ അ​മ്മ​യു​ടെ അ​വ​കാ​ശ​ങ്ങ​ളെ മാ​നി​ച്ചു​കൊ​ണ്ട് ഗ​ർ​ഭഛി​ദ്രം അ​നു​വ​ദി​ക്കു​ന്നു​ണ്ട്.

പ​ക്ഷേ, അ​ത് ഗ​ർ​ഭ​സ്ഥ​ശി​ശു​വി​ന്‍റെ അ​സ്തി​ത്വ​ത്തെ ത​ള്ളി​യോ വ്യ​ക്തി​യെ​ന്ന നി​ല​യി​ലു​ള്ള അ​വ​കാ​ശ​ങ്ങ​ളെ റ​ദ്ദാ​ക്കി​യോ അ​ല്ല. ഗ​ർ​ഭ​സ്ഥ​ശി​ശു മാം​സ-​ര​ക്ത ഉ​ള്ള​ട​ക്കം മാ​ത്ര​മു​ള്ള വെ​റു​മൊ​രു ക​ഷ​ണ​മാ​ണെ​ന്ന നി​ല​യി​ലു​ള്ള ച​ർ​ച്ച​ക​ളെ പ്യൂ​ർ​ട്ടോ റി​ക്കോ​യി​ലെ നി​യ​മം ഇ​നി അ​നു​വ​ദി​ക്കി​ല്ല. 20 ആ​ഴ്ച​ക​ൾ​ക്കു​ശേ​ഷം ഗ​ർ​ഭ​സ്ഥ​ശി​ശു​വി​ന് വേ​ദ​ന അ​നു​ഭ​വി​ക്കാ​ൻ ക​ഴി​വു​ണ്ടെ​ന്ന ശാ​സ്ത്ര​നി​രീ​ക്ഷ​ണ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് മി​ക്ക രാ​ജ്യ​ങ്ങ​ളും അ​തി​നു ശേ​ഷ​മു​ള്ള ഗ​ർ​ഭഛി​ദ്രം അ​നു​വ​ദി​ക്കാ​ത്ത​ത്.

അ​മേ​രി​ക്ക​യി​ൽ ഇ​തു​സം​ബ​ന്ധി​ച്ച നി​യ​മം Pain Capable Unborn Child Protection Act എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​ന്ത്യ​യി​ൽ 2021ലെ ​മെ​ഡി​ക്ക​ൽ ടെ​ർ​മി​നേ​ഷ​ൻ ഓ​ഫ് പ്ര​ഗ്ന​ൻ​സി (ഭേ​ദ​ഗ​തി) നി​യ​മം അ​നു​സ​രി​ച്ച് ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ 20 ആ​ഴ്ച​യ്ക്കു പ​ക​രം 24 ആ​ഴ്ച​യി​ൽ ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​ൻ വ​രെ കോ​ട​തി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ, 20 ആ​ഴ്ച​യ്ക്കു ശേ​ഷം വേ​ദ​ന​യെ​ന്ന​തും തി​രു​ത്ത​പ്പെ​ട്ടു.

2020ൽ ​ജേ​ണ​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ എ​ത്തി​ക്സി​ൽ ഗ​വേ​ഷ​ക​രാ​യ ഡോ. ​സ്റ്റ്യു​വ​ർ​ട്ട് ഡെ​ർ​ബി​ഷെ​യ​ർ, ഡോ. ​ജോ​ൺ ബോ​ക്മാ​ൻ എ​ന്നി​വ​രെ​ഴു​തി​യ ലേ​ഖ​ന​ത്തി​ൽ ഗ​ർ​ഭ​സ്ഥ​ശി​ശു 12 ആ​ഴ്ച വ​ള​ർ​ച്ച​യെ​ത്തു​ന്പോ​ൾ​ത​ന്നെ വേ​ദ​ന തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്നു നി​രീ​ക്ഷി​ച്ചു. ഇ​ത് ഗ​ർ​ഭഛി​ദ്ര ച​ർ​ച്ച​ക​ളെ കൂ​ടു​ത​ൽ ഗൗ​ര​വ​മു​ള്ള​താ​ക്കി.

അ​മ്മ​യ്ക്കു മു​ൻ​ഗ​ണ​ന കൊ​ടു​ക്കു​ന്ന​തി​നെ ആ​രും എ​തി​ർ​ക്കു​ന്നി​ല്ല. പ​ക്ഷേ, കു​ഞ്ഞി​നു പ​രി​ഗ​ണ​ന​യേ ആ​വ​ശ്യ​മി​ല്ലെ​ന്ന നി​ല​പാ​ട് എ​തി​ർ​ക്ക​പ്പെ​ട​ണം. സ​ന്തോ​ഷ, സ​ന്താ​പ, വേ​ദ​ന​ക​ളെ തി​രി​ച്ച​റി​യാ​ൻ ശേ​ഷി​യു​ള്ള ലോ​ക​ത്തെ ഏ​റ്റ​വും നി​സ​ഹാ​യ​നും ദു​ർ​ബ​ല​നു​മാ​യ വ്യ​ക്തി​യെ, സു​ഖ​ജീ​വി​ത​ത്തെ​യും സ്വാ​ർ​ഥ​ത​യെ​യും മാ​ത്രം അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന സം​സ്കാ​രം പു​തി​യ​താ​കാം പ​ക്ഷേ, ഹിം​സ​യാ​ണ്.

ഫി​സി​ക്സും കെ​മി​സ്ട്രി​യും ബ​യോ​ള​ജി​യും ഗ​ർ​ഭ​സ്ഥ​ശി​ശു മ​നു​ഷ്യ​ജീ​വ​ൻ ത​ന്നെ​യാ​ണെ​ന്നു പ​ഠി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​നെ ന​ശി​പ്പി​ക്കു​ന്ന​ത് കൊ​ല​പാ​ത​ക​മ​ല്ലാ​താ​കു​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് ഗ​ർ​ഭഛി​ദ്ര​വാ​ദി​ക​ൾ വി​ശ​ദീ​ക​രി​ക്കേ​ണ്ടി​വ​രും. ‘എ​ന്‍റെ ശ​രീ​രം, എ​ന്‍റെ അ​വ​കാ​ശം’ എ​ന്ന​ത് മ​റു​പ​ടി​യ​ല്ല, മ​റ്റൊ​രു ശ​രീ​രം ന​ശി​പ്പി​ക്കാ​നു​ള്ള ഗ​ർ​ഭഛി​ദ്ര​വാ​ദി​ക​ളു​ടെ ന്യാ​യീ​ക​ര​ണ​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യ മു​ദ്രാ​വാ​ക്യ​മാ​ണ്; ഏ​റ്റു​വി​ളി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും ബാ​ധ്യ​ത​യി​ല്ലാ​ത്ത ഒ​ന്ന്.

നി​ങ്ങ​ളി​തു വാ​യി​ക്കാ​നോ കേ​ൾ​ക്കാ​നോ തു​ട​ങ്ങി​യി​ട്ട് അ​ഞ്ചു മി​നി​റ്റാ​യെ​ങ്കി​ൽ 690 ഗ​ർ​ഭ​സ്ഥ​ശി​ശു​ക്ക​ൾ ഇ​തി​നോ​ട​കം കൊ​ല്ല​പ്പെ​ട്ടു. ഒ​രു താ​രാ​ട്ടു​പാ​ട്ടി​ന്‍റെ സ​മ​യം! പ​ക്ഷേ, അ​വ​ർ​ക്കാ​യി ഒ​രു ച​ര​മ​ഗീ​തം പോ​ലു​മി​ല്ല!

Tags : editorial

Recent News

Up