Editorial Audio
അടുത്ത വർഷം മുതൽ പത്താം ക്ലാസ് സിലബസ് 25 ശതമാനം കുറച്ച് പഠനഭാരം ലഘൂകരിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനത്തിൽ വ്യക്തത കുറവാണ്. ഉള്ളടക്കത്തിൽ മാറ്റം വരുത്താതെ ഇതു സാധ്യമാക്കുമെന്നാണ് അവകാശവാദം. പുസ്തകഭാരമാണ് പ്രതിസന്ധിയെങ്കിൽ, അതിൽ കുറെയൊക്കെ സ്കൂളിൽ വയ്ക്കാനുള്ള സംവിധാനം ചില സ്കൂളുകൾ നടപ്പാക്കിയിട്ടുള്ളത് അനുകരിക്കാം.
പഠനഭാരമാണ് പ്രശ്നമെങ്കിൽ യഥാർഥ കാരണങ്ങൾ പരിശോധിക്കണം. ഇപ്പോൾതന്നെ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുമായി താരതമ്യപ്പെടുത്തുന്പോൾ സംസ്ഥാന സിലബസ് ലഘുവാണ്. അതുകൊണ്ടുതന്നെ മത്സരപ്പരീക്ഷകളിലും ഉന്നതവിദ്യാഭ്യാസരംഗത്തും അവർ പിന്നിലാകുന്നുമുണ്ട്. 25 ശതമാനത്തിന്റെ കുറവ് വിദ്യാർഥികളെ വീണ്ടും ദുർബലരാക്കിയേക്കാം. യഥാർഥ പഠനഭാരത്തിന്റെ കാരണം തിരക്കാതെ പുസ്തകം കീറരുത്. പ്രൈമറി ക്ലാസുകളിലേതിൽനിന്നു വിഭിന്നമാണ് ഹൈസ്കൂൾ പഠനം.
കംഫർട്ട് സോണിൽ അടയിരിക്കുന്നതിനുപകരം മുതിരുന്നതിനനുസരിച്ചു വെല്ലുവിളികൾ നേരിടാൻ കുട്ടികളെ പഠിപ്പിക്കുകയാണു വേണ്ടത്. ചെറിയ സമ്മർദംപോലും താങ്ങാൻ കഴിവില്ലാത്തവരായി കുട്ടികളെ മാറ്റരുത്. ബാലാവകാശ നിയമത്തിന്റെ പേരിൽ കുട്ടികൾക്ക് അമിത സ്വാതന്ത്ര്യം നൽകുന്നതിനും അധ്യാപകർക്കടക്കം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുമെതിരേ കോടതികൾവരെ ഇടപെട്ടു തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇതൊന്നും വിദ്യാഭ്യാസവകുപ്പും മന്ത്രിയും ശ്രദ്ധിക്കുന്നതായി അനുഭവപ്പെടുന്നില്ല.
കൊല്ലം തേവലക്കരയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാര്‍ഥിയുടെ കുടുംബത്തിന് സ്കൗട്ട്സ് & ഗൈഡ്സ് നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നിർവഹിക്കാനെത്തിയപ്പോഴാണ് മൂന്നു പെൺകുട്ടികൾ പഠനഭാരം കുറയ്ക്കണമെന്ന് മന്ത്രിക്കു നിവേദനം നൽകിയത്. ഉള്ളടക്കത്തിൽ വ്യത്യാസം വരുത്താതെ 25 ശതമാനം സിലബസ് കുറയ്ക്കാൻ കരിക്കുലം കമ്മിറ്റിയുടെ അംഗീകരമുണ്ടെന്നും അടുത്ത അധ്യയനവർഷം മുതൽ നടപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. പഠനഭാരമെന്നാൽ പുസ്തകഭാരം മാത്രമാണെന്ന അശാസ്ത്രീയമായ കാഴ്ചപ്പാട് ഈ തീരുമാനത്തിൽ ദൃശ്യമാണ്. കുട്ടികളുടെ പരാതി പരിഗണിക്കേണ്ടതാണ്. പക്ഷേ, അതു ശാസ്ത്രീയ പഠനത്തിനുശേഷമാകണം.
പഠനഭാരത്തെക്കുറിച്ചു പറയുന്പോൾ, വർഷങ്ങളായി നാം ചർച്ച ചെയ്യുന്ന ചില കീറാമുട്ടികളെയും അഭിസംബോധന ചെയ്യണം. അതിൽ പ്രധാനം, വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ചു പഠിക്കാനുള്ള അവസരം വർഷങ്ങളോളം നിഷേധിക്കുന്നതാണ്. ഗണിതശാസ്ത്രം ഇഷ്ടമില്ലാത്ത വിദ്യാർഥികൾ 10 വർഷമെങ്കിലും അതിന്റെ ഭാരം പേറേണ്ടിവരുന്നുണ്ട്. ജീവിതത്തിൽ പിന്നീടൊരിക്കലും ആവശ്യമില്ലാത്ത ഫോർമുലകളും നിർദ്ധാരണക്രിയകളും അവരുടെ ബുദ്ധിയെയും മനസിനെയും തളർത്തുകയാണ്.
ഇത് പഠനത്തോടുതന്നെ വിരക്തിയുണ്ടാക്കുക മാത്രമല്ല, അവർക്കിഷ്ടമുള്ള വിഷയങ്ങൾ പഠിക്കാനുള്ള സമയം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ ഗണിതശാസ്ത്രത്തോടു താത്പര്യമുള്ള വിദ്യാർഥികളെ അതിൽ മുന്നേറാൻ പ്രോത്സാഹിപ്പിക്കുന്നതിനു പകരം മറ്റു വിഷയങ്ങളുടെ അമിതഭാരം ചുമലിൽ വച്ചുകൊടുക്കുകയാണ്.
ചരിത്രവും പൗരബോധവും ഉൾപ്പെടെയുള്ള അടിസ്ഥാന പാഠങ്ങളൊഴിച്ച് മറ്റ് വിഷയങ്ങളൊക്കെ ഹൈസ്കൂൾതലം മുതലെങ്കിലും അഭിരുചിക്കനുസരിച്ച് പഠിക്കാൻ അനുവദിക്കണം. ഗണിതശാസ്ത്രവും ഭൗതികശാസ്ത്രവും ജീവശാസ്ത്രവും രസതന്ത്രവുമൊക്കെ വർഷങ്ങളോളം പഠിച്ചവരെപ്പോലും കോവിഡ് കാലത്ത് വൃത്തിയായി കൈ കഴുകാൻ പഠിപ്പിക്കേണ്ടിവന്നത് നമ്മുടെ വിദ്യാഭ്യാസത്തിന്റെ പൊള്ളത്തരം വെളിപ്പെടുത്തുന്നതാണ്.
മറ്റൊരു ഭാരം, നമ്മുടെ വിദ്യാർഥികളുടെ കഴിവുകളെ 10-12 വർഷം അളക്കുന്നത് ഒരു സ്കെയിലുകൊണ്ടാണ് എന്ന യാഥാർഥ്യമാണ്. എല്ലാവരും കണക്കിനും സയൻസിനും സാമൂഹ്യപാഠത്തിനും മികച്ച മാർക്കു വാങ്ങണമെന്ന ശാഠ്യവും അശാസ്ത്രീയമാണ്. ലക്ഷക്കണക്കിനു മനുഷ്യരെ ഇഷ്ടമില്ലാത്തതു പഠിപ്പിച്ച് ഇഷ്ടമില്ലാത്ത ജോലി ചെയ്യാൻ നിർബന്ധിതരാക്കി അവരുടെ പഠനകാലവും പഠനാനന്തരകാലവും ഭാരമാക്കി മാറ്റിയ ചരിത്രം നമ്മുടെ ‘വിദ്യാഭ്യാസ വിചക്ഷണർ’ എന്ന ആസ്ഥാന വിദ്വാന്മാർ രചിച്ചതാണ്. ഇന്നുമില്ല മാറ്റം. ശുചിത്വമില്ല, മാലിന്യം എവിടെ ഇടണമെന്നറിയില്ല, ഗതാഗതനിയമങ്ങൾ പാലിക്കില്ല, മയക്കുമരുന്ന് ആപത്താണെന്നറിയില്ല, സ്ത്രീകളോടു മാന്യമായി പെരുമാറാനറിയില്ല, വർഗീയത ലജ്ജാകരമായ ചിന്തയാണെന്നറിയില്ല... എന്താണു പഠിപ്പിച്ചത്? സ്കൂൾ ബാഗാണോ വിദ്യാഭ്യാസ വകുപ്പാണോ ബാധ്യത?
കഴിഞ്ഞ അധ്യയനവർഷം, സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ലഹരിവിരുദ്ധത മുതൽ റോഡ് നിയമങ്ങൾ വരെ പഠിപ്പിക്കുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കി. വിരലിലെണ്ണാവുന്ന മണിക്കൂറുകളായിരുന്നു പരിശീലനം. എന്തെങ്കിലും പ്രയോജനമുണ്ടായോ എന്ന് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തണം. ഇത്തരം വഴിപാട് പരിഷ്കാരങ്ങൾ പരാജയപ്പെടുകയാണ്. മത്സരപ്പരീക്ഷകളിലേക്കു നോക്കാം. പലപ്പോഴും സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാർഥികളുടെ പിന്നിലാണ് സംസ്ഥാന സിലബസിലെ കുട്ടികൾ. അവർ ദേശീയ-അന്തർദേശീയ തലത്തിൽ അപകർഷതാബോധത്തോടെ നിൽക്കുന്നുണ്ടെങ്കിൽ വിദ്യാഭ്യാസവകുപ്പിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളും ഹ്രസ്വദൃഷ്ടിയുമാണ് കാരണം.
പുസ്തകഭാരത്തിന്റെ പ്രധാന കാരണം, ആവശ്യമുള്ളതും ഇല്ലാത്തതുമായ എല്ലാ പുസ്തകങ്ങളും നോട്ട് ബുക്കുകളും എന്നും വിദ്യാലയങ്ങളിലേക്കും തിരിച്ചും ചുമക്കുന്നതാണ്. അതിൽ കുറെയൊക്കെ സ്കൂളിൽതന്നെ സൂക്ഷിക്കാൻ അനുവദിക്കുന്നതും ഗൃഹപാഠത്തിനു പരിധി നിശ്ചയിക്കുന്നതും ഉപകാരപ്രദമാണ്. കുട്ടിയുടെ ശരീരഭാരത്തിന്റെ 10 ശതമാനം മാത്രമായിരിക്കണം സ്കൂൾ ബാഗിന്റെ ഭാരമെന്നു ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിട്ടുണ്ട്.
അതിന്റെ നാലിരട്ടിയോളം ചുമക്കേണ്ടിവരുന്നുണ്ട് പത്താം ക്ലാസിലെ വിദ്യാർഥികൾക്ക്. 25 ശതമാനം പാഠങ്ങൾ വെട്ടുകയല്ല, 50 ശതമാനമെങ്കിലും പുസ്തകങ്ങൾ ബാഗിൽനിന്നു നീക്കാൻ അവസരമുണ്ടാക്കുകയാണു വേണ്ടത്. മഴക്കാലത്തു നനഞ്ഞ ഷൂസും സോക്സുമിട്ടു വൈകുന്നേരം വരെ ക്ലാസിലിരുത്തുന്നതും വേനൽക്കാലത്ത് സ്വസ്ഥതയുള്ള വേഷം ധരിക്കാൻ അനുവദിക്കാത്ത പ്രാകൃതശൈലിയുമൊക്കയാണ് യഥാർഥ ഭാരം. സ്കൂൾബാഗിന്റെ മാത്രമല്ല, വിദ്യാഭ്യാസ സന്പ്രദായത്തിന്റെ അധികഭാരവും എടുത്തുമാറ്റണം.
Tags : Editorial Deepika Editorial