Editorial Audio
ജനാധിപത്യത്തെക്കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കാനുള്ള യോഗ്യതകളിൽ ഒന്നുകൂടി ഭരണകൂടം കൈയൊഴിയുകയാണെന്ന് ഓർമപ്പെടുത്തട്ടെ. പിഎം കെയേഴ്സ് ഫണ്ട്, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ലോക്സഭയില്‍ അനുവദിക്കേണ്ടെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്സഭാ സെക്രട്ടേറിയറ്റിനു നൽകിയ നിർദേശമാണ് ആശങ്കയ്ക്കു പ്രധാന കാരണം.
വിവരാവകാശ നിയമത്തിനു കൂച്ചുവിലങ്ങിടാനുള്ള നിർദേശം സാന്പത്തിക സർവേയിലൂടെ ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ചത് മറ്റൊരു കാരണമാണ്. പാർലമെന്റും ജനങ്ങളും അറിയാതെ പല കാര്യങ്ങളും ചെയ്യാൻ കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നു എന്നർഥം. സുതാര്യതയില്ലാത്ത ഭരണമെന്നത് ഇതിലെ ചെറിയ അപകടം മാത്രമാണ്. പ്രധാനം, പാർലമെന്റിനെയും ജനങ്ങളെയും മാറ്റിനിർത്തുന്ന ഭരണത്തിനു ജനാധിപത്യത്തോടല്ല, ഏകാധിപത്യ-മത ഭരണസംവിധാനങ്ങളോടാണ് സാമ്യം എന്നതാണ്. ഈ രാജ്യത്തിന്റെ പ്രൗഢഗംഭീരമായ ജനാധിപത്യത്തിൽ കാലുറപ്പിക്കുന്നതിനു പകരം, ഭരിക്കുന്നവരുടെ കാലുകൾക്കും പാതകൾക്കുമൊപ്പിച്ച് അതിനെ മുറിച്ചു വികൃതമാക്കരുത്.
കോവിഡ് പോലുള്ള അടിയന്തര സാഹചര്യങ്ങള്‍ക്കു പണം സ്വരൂപിക്കുന്നതിനായുള്ള ജീവകാരുണ്യ നിധിയാണ് പിഎം കെയേഴ്സ്. പ്രകൃതിദുരന്തം, അപകടം, കലാപം എന്നിവ ബാധിച്ചവര്ക്കുവേണ്ടിയാണ് ദുരിതാശ്വാസനിധി. സൈനിക, അര്‍ധസൈനിക അംഗങ്ങളുടെ ക്ഷേമത്തിനും കുടുംബങ്ങളെ സഹായിക്കുന്നതിനുമാണ് ദേശീയ പ്രതിരോധ നിധി. പൗരന്മാരും വ്യവസായികളും സ്ഥാപനങ്ങളുമൊക്കെ കോടിക്കണക്കിനു രൂപ നൽകുന്ന ഇവയുടെ കണക്ക് ജനങ്ങളെയോ പാർലമെന്റിനെയോ ബോധിപ്പിക്കാതിരിക്കാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിലക്കുമായെത്തിയത്.
പൊതുജനങ്ങളില്‍നിന്നു നേരിട്ടാണ് ഈ ഫണ്ടുകളിലേക്ക് തുക സമാഹരിക്കുന്നതെന്നും അതു സര്‍ക്കാരിന്റെ നേരിട്ടുള്ള ഉത്തരവാദിത്വത്തിലല്ലാത്തതിനാൽ, ലോക്സഭാ ചട്ടങ്ങളിലെ 41(2) (viii), 41(2)(xvii) എന്നീ വകുപ്പുകൾ പ്രകാരം മൂന്നു ഫണ്ടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും കാര്യങ്ങളും അനുവദനീയമല്ലെന്നുമാണ് നിലപാട്. 2022-23 വര്‍ഷത്തെ വരവുചെലവ് കണക്കു മാത്രമാണ് പിഎം കെയേഴ്സ് ഫണ്ടിന്റെ വെബ്സൈറ്റിലുള്ളത്. ഇതനുസരിച്ച്, 2023 മാര്‍ച്ചില്‍ 6,283.7 കോടി രൂപയുണ്ടായിരുന്നു. ആരു തന്നു? ആർക്കു കൊടുത്തു? എന്ന് ബിജെപി സർക്കാരല്ലാതെ മറ്റാരെയും അറിയിക്കാതിരിക്കാനാണ് നീക്കം.
ഒന്നാം മോദി സർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ടിന്റെ കാര്യത്തിലും ഏതാണ്ട് സമാനമായ ഒളിച്ചുകളിയായിരുന്നു. പക്ഷേ, സുപ്രീംകോടതിയുടെ കർശനമായ ഇടപെടലിൽ അതു പുറത്തുവിടേണ്ടിവന്നു. വിവരങ്ങൾ പുറത്തുവിടാതിരിക്കാൻ എസ്ബിഐ അന്നു കോടതിയെ സമീപിച്ചത് സുതാര്യമല്ലാത്ത വിധേയത്വത്തിന്റെ സൂചനയായി. സംഭാവനകളിൽ സിംഹഭാഗവും ലഭിച്ചത് ബിജെപിക്കായിരുന്നു. വിവരങ്ങൾ പുറത്തുവന്നപ്പോഴാണ്, ഇലക്ടറൽ ബോണ്ട് വാങ്ങിയവർക്ക് വന്പൻ കരാറുകൾ ലഭിക്കുന്നതും അവരുടെ പേരിലുള്ള അഴിമതി മാഞ്ഞുപോകുന്നതുമായ നീക്കുപോക്കുകൾ കണ്ട് രാജ്യം നടുങ്ങിയത്. പണിതീരുംമുന്പേ തകരുന്ന ദേശീയപാതകൾ, പാലങ്ങൾ, വാട്ടർ ടാങ്കുകൾ, അതിസന്പന്നരുടെ തട്ടിക്കൂട്ട് കന്പനികൾ, ഓഹരിവിപണിയിലെ അട്ടിമറികൾ... ഉത്തരവാദികൾ ശിക്ഷിക്കപ്പെടണം. അവരുടെ ഭരണകൂടബന്ധങ്ങൾ സുതാര്യമായിരിക്കണം.
കേന്ദ്രത്തിന്റെ സ്വകാര്യതാ സംരക്ഷണവും സംശയനിഴലിലാണ്. വ്യക്തിഗത വിവരങ്ങളുടെ ശേഖരിക്കൽ, സൂക്ഷിക്കൽ, സംരക്ഷിക്കൽ എന്നിവ ലക്ഷ്യമിട്ട് കൊണ്ടുവന്ന ഡിജിറ്റൽ വ്യക്തിഗത വിവരസംരക്ഷണ (ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ആക്ട്- ഡിപിഡിപി) നിയമത്തിലെ ചട്ടങ്ങൾ കേന്ദ്രസർക്കാർ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തത് കഴിഞ്ഞ നവംബറിലാണ്. വ്യവസ്ഥ ലംഘിക്കുന്ന കന്പനികൾക്ക് പിഴ ചുമത്തും. പക്ഷേ, സർക്കാർ സ്ഥാപനങ്ങൾക്ക് ഈ വ്യവസ്ഥ ബാധകമല്ല. തകർന്നില്ലേ സ്വകാര്യതാ സംരക്ഷണത്തിന്റെ അടിത്തറ! സഞ്ചാർ സാഥി ആപ്പിന്റെ കഥയും മറ്റൊന്നല്ല.
നഷ്ടപ്പെട്ട ഫോൺ വീണ്ടെടുക്കാം, തട്ടിപ്പ് നന്പറുകൾ ബ്ലോക് ചെയ്യാം തുടങ്ങിയ പരസ്യങ്ങളുമായിട്ടാണ് സ്മാർട്ട് ഫോണുകളിൽ സഞ്ചാർ സാഥി ആപ്പ് നിർമാണഘട്ടത്തിൽതന്നെ സ്ഥാപിക്കാനുള്ള ഉത്തരവ് നവംബറിൽ ഇറക്കിയത്. പക്ഷേ, എല്ലാ വ്യക്തിഗതവിവരങ്ങളും ആപ്പിന്റെ ഉടമയായ സർക്കാരിനറിയാം. പ്രതിപക്ഷ നേതാക്കളെയും വിമർശകരെയും ലക്ഷ്യമിട്ട പെഗാസസ് ചാര സോഫ്റ്റ്വേറിന്റെ വിപുലമായ പതിപ്പാണിതെന്ന ആരോപണമുയർന്നു. ഉപയോക്താക്കളെ നിരീക്ഷിക്കാനുള്ള നീക്കത്തിനെതിരേ ഫോൺ കന്പനികളും നിയമയുദ്ധത്തിനിറങ്ങുമെന്നായതോടെ പിൻവലിച്ചു. ഇത്തരം ജനാധിപത്യ ധ്വംസനങ്ങളുടെ തുടർച്ചയായേ ഫണ്ടുകളുടെ കണക്ക് ഒളിപ്പിക്കാനും വിവരാവകാശ നിയമത്തിൽനിന്ന് സർക്കാരിനെ രക്ഷിക്കാനുമുള്ള നീക്കങ്ങൾ കാണാൻ കഴിയൂ.
വിവരാവകാശ, പാർലമെന്റ് വിലക്കുകളിലൂടെ ജനങ്ങളെയും ജനപ്രതിനിധികളെയും ഒഴിവാക്കിയാൽ പിന്നെ ജനാധിപത്യമില്ല. ജനങ്ങളോടും പാർലമെന്റിനോടും മറച്ചുവയ്ക്കുന്ന വിവരങ്ങൾ, സന്പത്ത്, സാന്പത്തിക സ്രോതസുകൾ, പ്രതിപക്ഷനേതാക്കളുടെയും വിമർശകരുടെയും കാര്യത്തിൽ മാത്രം റെയ്ഡിനിറങ്ങുന്ന അന്വേഷണ ഏജൻസികൾ, ചോദ്യങ്ങൾ ചോദിക്കുന്നതിൽനിന്നു പ്രതിപക്ഷത്തിനു പാർലമെന്റിൽ ഏർപ്പെടുത്തുന്ന വിലക്ക്, വിവരാവകാശ നിയമത്തിനു കൂച്ചുവിലങ്ങിടാനുള്ള നീക്കം, ചർച്ചയില്ലാതെ ബില്ലുകൾ പാസാക്കാനുള്ള കുറുക്കുവഴികൾ, പാർലമെന്റിൽപോലും വിശദീകരിക്കാത്ത അന്തർദേശീയ കരാറുകൾ തുടങ്ങിയവ സാധാരണ കാര്യമായി മാറുകയാണ്. ഇത്തരം സുതാര്യതയില്ലായ്മയും അഴിമതികളും അന്തിമമായി ജനാധിപത്യത്തിന്റെ കുതികാൽ വെട്ടുന്നതാണ്.
‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്’ എന്ന് ഇടയ്ക്കിടെ ഉരുവിട്ടാൽ മറച്ചുവയ്ക്കാവുന്നതല്ല യാഥാർഥ്യങ്ങൾ. ജനാധിപത്യ പാദുകവും പാതയും കൈമോശം വരാതിരിക്കാൻ, തങ്ങൾക്കു രഹസ്യ അജൻഡകളില്ലെന്ന് ഭരിക്കുന്നവർ ഉറപ്പാക്കണം. പ്രതിപക്ഷമുക്ത രാജ്യമെന്നാൽ ജനാധിപത്യവിരുദ്ധ രാജ്യമാണെന്ന് തിരിച്ചറിയണം. ഏകാധിപത്യ-അഴിമതി പ്രവണതകൾ കോടതികളിൽ ചോദ്യം ചെയ്യപ്പെടണം. അപ്പോൾ ന്യായാധിപരുടെ വിശ്വാസ്യതയിലല്ല, ഭരണഘടനയിലും കോടതികളിലുമാണ് ധൈര്യപ്പെടേണ്ടത്. പ്രതിപക്ഷം അതിന്റെ ഉത്തരവാദിത്വം നിർവഹിക്കുകയും ജനം ഉദാസീനത കൈവെടിയുകയും വേണം. ജനാധിപത്യം സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല.
Tags : Editorial deepika Editorial