പ്രതീകാത്മക ചിത്രം
തളിപ്പറമ്പ്: ഡോക്ടറോടു രോഗിക്കു പ്രണയം തോന്നിയപ്പോൾ പൊല്ലാപ്പിലായത് ഡോക്ടറും ആശുപത്രി ജീവനക്കാരും. തളിപ്പറന്പിലെ ഒരു ആശുപത്രിയിലാണ് സംഭവം. ഡോക്ടറെ കാണാനായി എത്തിയ ഒരു യുവതിക്കു ഡോക്ടറോടു പ്രണയം തോന്നുകയായിരുന്നു. പരിശോധനയുടെ ഭാഗമായുള്ള ഡോക്ടറുടെ പെരുമാറ്റത്തെ തന്നോടുള്ള പ്രണയമായി യുവതി കണക്കാക്കുകയായിരുന്നു. അടുത്ത വരവിനു യുവതി ഡോക്ടര്‍ക്ക് ഒരു പ്രേമലേഖനം നല്‍കുകയും ചെയ്തു.
പ്രണയം, ഒടുവിൽ പരാതി
യുവതിയുടെ യഥാര്‍ഥ രോഗം മനസിലാക്കിയ ഡോക്ടര്‍ പ്രേമലേഖനം ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റുള്ളവരെ കാണിച്ചു. ആ കുസൃതി അവിടംകൊണ്ടു തീരുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ, പ്രേമരോഗം തലയ്ക്കു പിടിച്ച യുവതി ആഴ്ചയില്‍ രണ്ടു ദിവസവും ഒപിയുള്ള ഡോക്ടറെ കാണാനായി സ്ഥിരമായി എത്തിത്തുടങ്ങി. എന്നാല്‍, തന്റെ പ്രണയം ഏശുന്നില്ലെന്നു വന്നതോടെ ഡോക്ടര്‍ തന്നോട് മോശമായി പെരുമാറിയെന്നു കാണിച്ചു യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസിനെതിരേയും
പരാതി പ്രകാരം അന്വേഷണം നടത്തിയ പോലീസിനു ഡോക്ടര്‍ പ്രേമലേഖനം ഉള്‍പ്പെടെ കൈമാറി. പോലീസ് യുവതിയെ വിളിച്ചുവരുത്തി ഉപദേശിക്കുകയും ബന്ധുക്കളെ വിളിച്ചു കാര്യങ്ങള്‍ പറയുകയും ചെയ്തു. ഇതോടെ യുവതി പോലീസിനെതിരെയും പരാതിയുമായി രംഗത്തിറങ്ങി. ചില രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും യുവതി നേരിട്ടു വിളിച്ചു പരാതിപ്പെട്ടു. പോലിസ് കാര്യങ്ങള്‍ എല്ലാവരെയും ബോധ്യപ്പെടുത്തിയെങ്കിലും യുവതി തന്റെ തീരുമാനത്തിൽനിന്നു പിന്മാറാൻ ഇനിയും തയാറാകാത്തതിനാൽ പോലീസും ഡോക്ടറും ആശുപത്രി അധികൃതരും പൊല്ലാപ്പിലായിരിക്കുകയാണ്.
Tags : women women patient falls in love with a doctor police trapped one way love love letter