കോട്ടയം: എംസി റോഡിൽ കാർ കെഎസ്ആർടിസി ബസിലിടിച്ച് രണ്ടുപേർക്ക് ഗുരുതരപരിക്ക്. ഞായറാഴ്ച പുലർച്ചെ ഒന്നിന് കോട്ടയം മണിപ്പുഴ ജംഗ്ഷനു സമീപത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ എറണാകുളം സ്വദേശികളായ വിനയ (55), സജി (56) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്ന കാർ എതിരെ വന്ന സൂപ്പർ ഫാസ്റ്റ് ബസിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് സൂചന. അപകടത്തെ തുടർന്ന് എംസി റോഡിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. പരിക്കേറ്റ രണ്ടുപേരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Tags : accident mcroad kottayam