കൊച്ചി: ശിക്ഷ വിധിക്കുമ്പോൾ അതിന് ആധാരമായ കുറ്റകൃത്യം ഇരയിലും സമൂഹത്തിലുമുണ്ടാക്കിയ ആഘാതം കണക്കിലെടുക്കേണ്ടതുണ്ടെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി.
ശിക്ഷ വിധിക്കുമ്പോൾ സമൂഹത്തോടും കുറ്റവാളിയോടും നീതി പുലർത്തുന്ന രീതിയിൽ സന്തുലിതമായാകണം കാര്യങ്ങൾ പരിഗണിക്കേണ്ടത്. കുറ്റകൃത്യത്തിന്റെ ചരിത്രം, പ്രതിയുടെ തിരുത്തപ്പെടാനുള്ള സാധ്യത, ശിക്ഷയുടെ ലക്ഷ്യങ്ങൾ എന്നിവയും പരിഗണിക്കണം.
ശിക്ഷ വിധിക്കുമ്പോൾ കോടതി വികാരങ്ങൾക്ക് അടിമപ്പെടാനോ പക്ഷപാതപരമായി പെരുമാറാനോ പാടില്ലെന്നും സെഷൻസ് കോടതി പറഞ്ഞു.
പ്രതികളുടെ പ്രവൃത്തി സ്ത്രീയുടെ അന്തസിനെ ചോദ്യം ചെയ്യുന്നതായിരുന്നു എന്ന വസ്തുത കോടതിക്ക് പരിഗണിക്കാതിരിക്കാൻ കഴിയില്ല. ഇരയായ സ്ത്രീയുടെ സുരക്ഷിതത്വത്തിനുള്ള അവകാശം ലംഘിക്കപ്പെടുകയും അവരിൽ ഭയവും അപമാനവും നിസഹായതയും ഉണ്ടാക്കുകയും ചെയ്തു. ഇത് അവർക്ക് മാനസികമായ ആഘാതവും നൽകി. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴിയാണ് അവർ ആക്രമിക്കപ്പെട്ടത് എന്നതും മുൻകൂട്ടി കാണാതെയുള്ള സംഭവമായിരുന്നു ഇതെന്നതും പരിഗണിക്കേണ്ടതുണ്ട്.
എന്നിരുന്നാലും, പ്രതികളുടെ പ്രായം, അവരുടെ കുടുംബസാഹചര്യം, ഒന്നാം പ്രതിയൊഴികെ ബാക്കിയുള്ളവർക്ക് മറ്റു ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം എന്നിവയും കോടതി പരിഗണിച്ചു. 40 വയസിൽ താഴെയാണ് എല്ലാ പ്രതികളുടെയും പ്രായം. നിർഭയ കേസിൽ (മുകേഷ് - സ്റ്റേറ്റ് ഓഫ് ഡൽഹി) സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങൾ പ്രസക്തമാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അവരുടെ ആത്മാഭിമാനത്തെ മാത്രമല്ല, സമൂഹത്തിന്റെ വികാസത്തെയും ബാധിക്കുന്നു.
ലിംഗനീതിയെക്കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകതയും സൂചിപ്പിച്ചാണു കോടതി വിധി പ്രസ്താവം നടത്തിയത്. സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ പരമാവധി ശിക്ഷ (വധശിക്ഷയോ ജീവപര്യന്തമോ) നൽകേണ്ട സാഹചര്യമില്ലെന്നും കോടതി പറഞ്ഞു.
പ്രതികൾക്കെതിരേ തെളിഞ്ഞ കുറ്റങ്ങളും വകുപ്പുകളും
Tags : Actress assault case court serious observations