തിരുവനന്തപുരം: വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന സർക്കാർ നിശ്ചയിച്ച പ്രായപരിധി നിബന്ധന കാറ്റിൽപറത്തി ഷെയ്ക് പരീതിന് വീണ്ടും കാലാവധി നീട്ടിനൽകി. തീരദേശ വികസന കോർപറേഷൻ എംഡി സ്ഥാനത്ത് തുടരുന്നതിനാണ് കാലാവധി നീട്ടിനൽകിയത്.
വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥർക്ക് പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉന്നത പദവികളിൽ തുടരുന്നതിന് 65 വയസാണ് സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രായപരിധി. എന്നാൽ ഷെയ്ക് പരീതിന് നിലവിൽ 67 വയസാണ് പ്രായം.
ഷെയ്ക് പരീതിന്റെ തന്നെ ആവശ്യപ്രകാരമാണ് സർക്കാർ കാലാവധി നീട്ടിയത്. തീരദേശ വികസന കോർപറേഷൻ വിവിധ പദ്ധതികളുമായി മുന്നോട്ട് പോവുകയാണെന്നും, താൻ എംഡി സ്ഥാനത്ത് നിന്ന് മാറിയാൽ പദ്ധതികൾ തടസപ്പെടുമെന്നും കാട്ടി പരീത് മന്ത്രി സജി ചെറിയാന് കത്ത് നൽകിയിരുന്നു.
ഇതേ തുടർന്നാണ് സംസ്ഥാന മന്ത്രിസഭാ യോഗം ഷെയ്ക് പരീതിന് കാലാവധി നീട്ടിനൽകിയത്. ഒരു വർഷത്തേക്കാണ് നിലവിൽ കാലാവധി നീട്ടിയിരിക്കുന്നത്. ഡിസംബർ 19ന് ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
Tags : Sheikh Parit state government ldf government saji cherian