തൃശൂർ: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതി മറുപടി പറഞ്ഞതോടുകൂടി പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും തകർന്നുതരിപ്പണമായെന്നു മന്ത്രി എം.ബി. രാജേഷ്. പാറപ്പുറത്ത് ചില്ലുപാത്രം വീണുടഞ്ഞ പോലെയാണ് പ്രതിപക്ഷമെന്നും സർക്കാരിനെതിരേ അവർക്ക് മറ്റൊന്നും പറയാനില്ലെന്നും മന്ത്രി പറഞ്ഞു.
ഒരു അവിശ്വാസംപോലും കൊണ്ടുവരാന്‍ പ്രതിപക്ഷത്തിനു സാധിച്ചിട്ടില്ല. ജനങ്ങളുടെ വിശ്വാസം അത്രയും ആർജിച്ചുവെന്നതാണ് അതിന്റെ അർഥം. തട്ടിക്കൂട്ട് കുറ്റപത്രം സമര്‍പ്പിച്ച് പ്രതികള്‍ വിചാരണയില്‍ രക്ഷപ്പെട്ടുപോകട്ടെ എന്നതാണോ പ്രതിപക്ഷത്തിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം ചോദിച്ചു.
അന്വേഷണം ശരിയായ ദിശയിലായാല്‍ പോറ്റിയില്‍ അന്വേഷണം അവസാനിക്കില്ലെന്ന ഭയമാണു സഭയില്‍ കോപ്രായം കാണിക്കാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നത്.
സത്യം മുഖത്തടിക്കുമ്പോള്‍ പ്രതിപക്ഷനേതാവും പ്രതിപക്ഷവും കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിനും മുകളിലാണു താനെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിചാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Minister MB Rajesh Allegations refuted Sabarimal Gold Theft Swarnapali case