കോട്ടയം: മസ്തിഷ്ക മരണം സംഭവിച്ച പത്തു മാസം പ്രായമുള്ള ആലിന് ഷെറിന് ഏബ്രഹാമിന്റെ അവയവങ്ങളുമായി ആംബുലൻസ് അടൂർ പിന്നിട്ടു. വൃക്കകള്‍ തിരുവനന്തപുരം എസ്എടിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിലേക്കും കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാല്‍വ് ശ്രീചിത്രയിലേക്കുമാണ് എത്തിക്കുന്നത്.
തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആറു മാസം പ്രായമുള്ള ഒരു കുഞ്ഞിനാണ് കരൾ നൽകുന്നത്. സംസ്ഥാനത്ത് മരണാനാന്തര അവയവദാനത്തിലൂടെ കരൾ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ ഏബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകളാണ് ആലിന് ഷെറിന് ഏബ്രഹാം.
കഴിഞ്ഞ അഞ്ചിന് കോട്ടയത്തു നിന്ന് തിരുവല്ലയിലേക്ക് പോകുന്ന വഴി കുട്ടിയും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കുഞ്ഞിന് പരിക്കേറ്റത്. ആദ്യം ചങ്ങനാശേരിയിലേയും പിന്നീട് തിരുവല്ലയിലേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയെ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
എട്ടു ദിവസമായി കുട്ടി വെന്റിലേറ്ററില്‍ തുടരുന്നതിനിടെയാണ് കുട്ടിയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചത്. തുടർന്ന് കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു.
Tags : Alin Sherin Organs Ambulance Thiruvananthapuram