പത്തനംതിട്ട: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് അനില്‍ തോമസ്.
പേരിന്റെ അര്ഥത്തിന് വിപരീതമായാണ് കുഞ്ഞമ്മ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും വെള്ളം കുടിച്ച് മരിച്ചാല്‍ ഭാഗ്യമെന്നുമാണ് അനില്‍ തോമസിന്റെ പ്രതികരണം. പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ശ്രീനാദേവിക്കെതിരെ അതിജീവിത ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ശ്രീനാദേവി കുഞ്ഞമ്മ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും നിലവിലെ പരാതികളിൽ സംശയം പ്രകടിപ്പിച്ചും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ശ്രീനാദേവിക്കെതിരെ വലിയ തോതിൽ വിമർശനം ഉയർന്നിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. സ്നേഹയും ശ്രീനാദേവിക്കെതിരെ രംഗത്തെത്തിയിരുന്നു. പാർട്ടി ചില തീരുമാനങ്ങൾ എടുക്കുമ്പോൾ പാർട്ടിയേക്കാൾ വലിയ നിലപാട് പാർട്ടി പ്രവർത്തകർക്ക് ഇല്ല, അതാണ് കോൺഗ്രസ്. നിങ്ങൾ ഇന്നൊരു കോൺഗ്രസുകാരിയാണെന്നും ആര്.വി. സ്നേഹ വ്യക്തമാക്കി.
Tags : Anil Thomas Srinadevi Kunjamma rahul mankoottathil congress rv sneha