അർത്തുങ്കൽ: പ്രഥമ കേരള നവോഥാന നായകനും സിഎംഐ, സിഎംസി സന്യാസ സഭകളുടെ സ്ഥാപകനുമായ വിശുദ്ധ ചാവറയച്ചൻ വൈദിക പട്ടം സ്വീകരിച്ചതിന്റെ വാർഷിക ദിനം അർത്തുങ്കൽ ബസിലിക്കയിൽ ആചരിച്ചു. 196 വർഷങ്ങൾക്കു മുന്പ് അർത്തുങ്കൽ പള്ളിയിലായിരുന്നു ചാവറയച്ചന്റെ പൗരോഹിത്യ സ്വീകരണം.
1829 നവംബർ 29ന് 24-ാം വയസിലാണ് അന്നത്തെ വരാപ്പുഴ മെത്രാപ്പോലീത്താ മൗറേലിയൂസ് തബലീനിയിൽനിന്ന് അർത്തുങ്കലിലെ പഴയ ദൈവായത്തിൽ ചാവാറയച്ചൻ പൗരോഹിത്യം സ്വീകരിച്ചത്. ഈ പുണ്യദിനത്തിന്റെ ഓർമയിയിലാണ് ഇന്നലെ വാർഷിക ആഘോഷവും കൃതജ്ഞത ബലിയർപ്പണവും നടന്നത്.
തിരുക്കർമങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ അർത്തുങ്കൽ ബസിലിക്ക റെക്ടർ റവ. ഡോ. യേശുദാസ് കാട്ടുങ്കൽ തയ്യിൽ സ്വാഗതം പറഞ്ഞു. സിഎംഐ സഭയുടെ വികാരി ജനറാൾ റവ. ഡോ. ജോസി താമരശേരി കൃതജ്ഞതാ ബലിയർപ്പണത്തിനമുഖ്യ കാർമികത്വം വഹിച്ചു. സിഎംഐ സഭയുടെ സാമ്പത്തിക വകുപ്പിന്റെ കൗൺസിലർ ഫാ.പോൾസൺ പാലിയേക്കര സിഎംഐ, മാന്നാനം ആശ്രമം പ്രിയോർ റവ. ഡോ. കുര്യൻ ചാലങ്ങാടി എന്നിവർ സഹകാർമികരായി.
മൂവാറ്റുപുഴ സിഎംഐ കാർമൽ പ്രവിശ്യയുടെ വികാർ പ്രൊവിൻഷൽ ഫാ. റോയ് കണ്ണൻചിറ സന്ദേശം നൽകി. ആലപ്പുഴ രൂപതാ മെത്രാൻ ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. നൊവേന പ്രാർഥനയ്ക്കും അദ്ദേഹം നേതൃത്വം നൽകി.
വാർഷികാഘോഷ പരിപാടികൾക്ക് കൈനകരി വിശുദ്ധ ചാവറ ജന്മഗൃഹ തീർഥാടന കേന്ദ്രം ഡയറക്ടർ ഫാ. തോമസ് ഇരുമ്പുകുത്തിയിൽ സിഎംഐ, അഡ്മിനിസ്ട്രേറ്റർ ഫാ. ടോണി ചേങ്ങോട്ടുതറ സിഎംഐ എന്നിവർ നേതൃത്വം നൽകി.
Tags : Chavara's ordination priesthood celebrated arthunkal basilica