തൃശൂർ: കോളജുകളിലെ റാഗിംഗ് ഇല്ലാതാക്കാൻ-സിദ്ധാർഥ് സ്റ്റുഡന്റ് ഡിസ്ട്രസ് ആപ്പ്-, രാഷ്ട്രീയ അതിപ്രസരമില്ലാതാക്കാൻ സർവകലാശാലകളിൽ അക്കാദമിക് സിൻഡിക്കേറ്റ് എന്നിവ ആരംഭിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഡോ. അച്യുത് ശങ്കറിന്റെ നേതൃത്വത്തിൽ സർവകലാശാല അധ്യാപകർ, അക്കാദമിക്കുകൾ എന്നിവരുമായി ചർച്ച ചെയ്തു തയാറാക്കിയ ഉന്നത വിദ്യാഭ്യാസ നയരേഖ യുഡിഎഫ് പ്രകടന പത്രികാ സമിതി അധ്യക്ഷൻ ബെന്നി ബെഹനാനു നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർവകലാശാലകളിൽ സ്വയംഭരണവും അക്കാദമിക് നേതൃത്വവും ഉറപ്പാക്കും. ആഗോള തൊഴിൽ വിപണി നിരീക്ഷിക്കാൻ ജോബ് വാച്ച് ടവർ ആരംഭിക്കും. സ്കില്ലിംഗിനും റീ സ്കില്ലിംഗിനും പ്രധാന്യം നൽകും. പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളജിൽ റാഗിംഗിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാർഥിന്റെ പേരിലാണ് റാഗിംഗിനെതിരേ പരാതിപ്പെടാൻ ആപ്ലിക്കേഷൻ ആരംഭിക്കുന്നത്.
സ്വതന്ത്ര സ്റ്റുഡന്റ് അക്കാദമിക് ഇലക്ഷൻ കമ്മീഷൻ രൂപീകരിക്കും. മോഡൽ പാർലമെന്റ് പോലെ പ്രതിപക്ഷ നേതൃസ്ഥാനം കൊണ്ടുവരും. സർവകലാശാലാ സമിതികളിൽ യൂണിയൻ ചെയർപേഴ്സണ്മാരെ റൊട്ടേഷൻ വ്യവസ്ഥയിൽ ഉൾപ്പെടുത്തും. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കും.
അക്കാദമിക് കാര്യങ്ങൾ തീരുമാനിക്കാൻ പ്രത്യേക സംവിധാനമുണ്ടാക്കും. ശാസ്ത്രബോധം പ്രോത്സാഹിപ്പിക്കാൻ ജവഹർലാൽ നെഹ്റു ശാസ്ത്രബോധ കേന്ദ്രങ്ങൾ തുറക്കും. അധ്യാപകരുടെ ജോലിഭാരം പുനർനിർവചിക്കും. റിട്ട. അധ്യാപകരെയും എഐ സംവിധാനങ്ങളും മൂല്യനിർണയത്തിന് ഉപയോഗിക്കും.
പഠനം കഴിഞ്ഞു കുട്ടികൾ എവിടേക്കു പോകുന്നെന്ന് അറിയാൻ ഗ്രാജുവേറ്റ് എംപ്ലോയ്മെന്റ് ട്രാക്കിംഗ് ആരംഭിക്കും. സ്റ്റുഡന്റ് മൈഗ്രേഷൻ സർവേ ശക്തമാക്കും. വിദേശ വിദ്യാർഥികളെ ആകർഷിക്കാൻ അക്കാദമിക് ടൂറിസം നടപ്പാക്കും. റിക്രൂട്ടിംഗ് ഏജൻസികളെ നിയന്ത്രിക്കും. പല കോഴ്സുകളും കാലഹരണപ്പെട്ടെന്നും വിദേശത്തു കുട്ടികൾ പഠിക്കുന്ന പ്രോഗ്രാമുകൾ കേരളത്തിലും ആരംഭിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
Tags : ragging App political colleges