തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിനുള്ള തപാൽ ബാലറ്റ് പേപ്പറുകളുടെയും വോട്ടിംഗ് യന്ത്രങ്ങളിൽ പതിപ്പിക്കുന്ന ബാലറ്റ് ലേബലുകളുടെയും അച്ചടി വിവിധ സർക്കാർ പ്രസുകളിൽ ആരംഭിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.
ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ വെള്ള നിറത്തിലും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് പിങ്ക് നിറത്തിലും ജില്ല പഞ്ചായത്തിലേക്ക് ആകാശനീല നിറത്തിലുമാണ് ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും അച്ചടിക്കുന്നത്.
തിരുവനന്തപുരം മണ്ണന്തല ഗവ. പ്രസ് -(തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം ജില്ലയിലെ ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ), തിരുവനന്തപുരം ഗവ. സെൻട്രൽ പ്രസ് -(കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലാ പഞ്ചായത്ത്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി, കോർപറേഷൻ), തിരുവനന്തപുരം ഗവ. സ്റ്റാന്പ് മാനുഫാക്ച്ചറി പ്രസ്-(ഇടുക്കി ജില്ലാ പഞ്ചായത്ത്), വാഴൂർ ഗവ. പ്രസ് -(കോട്ടയം ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും), എറണാകുളം ഗവ. പ്രസ് -(എറണാകുളം, തൃശൂർ ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങൾ), ഷൊർണൂർ ഗവ. പ്രസ് -(പാലക്കാട്, മലപ്പുറം ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങൾ), കോഴിക്കോട് ഗവ. പ്രസ്- (കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ), വയനാട് ഗവ. പ്രസ് - (വയനാട് ജില്ലയിലെ ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി), കണ്ണൂർ ഗവ. പ്രസ് -(കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ) എന്നിവിടങ്ങളിലാണ് ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും അച്ചടിക്കുന്നത്.
ഭാഷാ ന്യൂനപക്ഷപ്രദേശം: ബാലറ്റ് പേപ്പറിൽ തമിഴ്, കന്നട ഭാഷകളിലും പേരുണ്ടാകും
തദ്ദേശ തെരഞ്ഞെടുപ്പിൽ ഭാഷാ ന്യൂനപക്ഷങ്ങളുള്ള മണ്ഡലങ്ങളിൽ ബാലറ്റ് പേപ്പർ, വോട്ടിംഗ് മെഷീനിൽ പതിപ്പിക്കുന്ന ബാലറ്റ് ലേബൽ എന്നിവയിൽ സ്ഥാനാർഥികളുടെ പേര് തമിഴ്, കന്നട ഭാഷകളിൽ കൂടി ചേർക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഭാഷാ ന്യൂനപക്ഷ
വോട്ടർമാരുള്ള വാർഡുകളിൽ മലയാളത്തിന് പുറമേ തമിഴിലും കാസർഗോഡ് ജില്ലയിലെ വാർഡുകളിൽ കന്നഡ ഭാഷയിലുമാണ് പേരുകൾ ഉൾപ്പെടുത്തുക.
തിരുവനന്തപുരം കോർപറേഷനിലെ വലിയശാല, കരമന വാർഡുകളിൽ തമിഴിലും കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ 18 വാർഡുകളിൽ കന്നഡയിലും വിവരങ്ങൾ ഉൾപ്പെടുത്തും. കൊല്ലം കുളത്തൂപ്പുഴ, ആര്യങ്കാവ് ഗ്രാമപഞ്ചായത്തുകളിലായി അഞ്ചുവീതം വാർഡുകളിലും പത്തനംതിട്ട സീതത്തോട് പഞ്ചായത്തിലെ ഗവി വാർഡിലും മലയാലപ്പുഴയിലെ രണ്ടുവാർഡുകളിലും ഇടുക്കിയിലെ 22 ഗ്രാമ പഞ്ചായത്തുകളിലായി 229 വാർഡുകളിലും പാലക്കാട് ആറ് പഞ്ചായത്തുകളിലായി 93 വാർഡുകളിലും വയനാട് തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ കൈതക്കൊല്ലി വാർഡിലും തമിഴ് ഭാഷയിൽ കൂടി വിവരങ്ങൾ ബാലറ്റ് ലേബലിലും ബാലറ്റ് പേപ്പറിലുമുണ്ടാകും.
കാസർഗോഡ് ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിലായി 283 വാർഡുകളിലെ ബാലറ്റ് ലേബലിലും ബാലറ്റ് പേപ്പറിലും കന്നഡ ഭാഷയിൽ കൂടി അച്ചടിക്കും. ഇവ ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് വാർഡുകളിലേക്കും അതത് ഭാഷകളിലും വിവരം അച്ചടിക്കും.
Tags : Ballot paper Ballot paper printing State election commission