x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജാഗ്രതൈ! വന്യമൃഗങ്ങള്‍ ബൂത്തുകള്‍ കൈയേറാൻ സാധ്യത

കോട്ടയം ബ്യൂറോ
Published: November 26, 2025 02:45 PM IST | Updated: November 26, 2025 02:48 PM IST

കോട്ടയം: തദ്ദേശതെരഞ്ഞെടുപ്പില്‍ വന്യമൃഗങ്ങള്‍ ബൂത്തുകൾ കൈയേറി ഭീഷണി മുഴക്കാൻ സാധ്യത. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും വോട്ടര്‍മാരുടെയും സുരക്ഷ മുന്‍നിർത്തി വന്യമൃഗ ഭീഷണിയുള്ള പ്രദേശങ്ങളിലെ ബൂത്തുകളില്‍ ഇക്കുറി വനപാലകരുടെയും കാവലുണ്ടാകും. ഇവരുടെ കൈയില്‍ തോക്കും പന്തവും പടക്കവും ഉള്‍പ്പൈടെ കരുതല്‍ സാമഗ്രികളുമുണ്ടാകും.
വടക്കേ ഇന്ത്യയില്‍ നക്‌സലും മാവോയിസ്റ്റുകളുമാണ് തെരഞ്ഞെടുപ്പില്‍ ബൂത്തു കൈയേറുന്നതെങ്കില്‍ കേരളത്തിലെ വിവിധ ജില്ലകളായി അഞ്ഞൂറിലേറെ ബൂത്തുകളിലാണ് വന്യമൃഗങ്ങളുടെ ഭീഷണിയുള്ളത്. സംസ്ഥാനത്തെ ഏക ട്രൈബല്‍ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഇലക്ഷന്‍ നടത്താന്‍ പോകുന്ന ഉദ്യോഗസ്ഥരുടെ മുന്പിലും പിന്നിലും തോക്കേന്തിയ പോലീസും വനപാലകരും പോകാറുണ്ട്.
ഉദ്യോഗസ്ഥരുടെ ജീവനു ഭീഷണിയുണ്ടായാല്‍ എത്ര തലയെടുപ്പുള്ള മൃഗത്തെയും വെടിവച്ചുവീഴ്ത്താന്‍ ജില്ലാ കളക്ടര്‍ മുന്‍കൂര്‍ അനുമതിയും നല്‍കാറുണ്ട്. സമാനമായ സാഹചര്യം നിലവില്‍ വിവിധ ജില്ലകളിലെ ബൂത്തുകളിലുമുണ്ട്.
കാട്ടാനയും കാട്ടുപന്നിയും കാട്ടുപോത്തും ബൂത്തില്‍ മാത്രമല്ല, വഴിയില്‍ നിലയുറപ്പിച്ചാലും ഗോത്രവാസികളും നാട്ടുവാസികളും വോട്ടു ചെയ്യാന്‍ പോകാന്‍ ഭയപ്പെടും. ഈ സാഹചര്യത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താന്‍ വന്യമൃഗങ്ങള്‍ നടത്താവുന്ന നീക്കത്തെ എങ്ങനെ ചെറുക്കണമെന്ന ആലോചന മുറുകുന്നത്.

Tags : Wild animals Wild animals may invade booths local election

Recent News

Up