തിരുവനന്തപുരം: ഭിന്നശേഷി സമൂഹത്തിന്റെ ശക്തീകരണവും സാമൂഹിക ഉൾച്ചേർക്കലും മുഖ്യലക്ഷ്യമായി സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് ഭിന്നശേഷി സർഗോത്സവം ‘സവിശേഷ - കാർണിവൽ ഓഫ് ദ് ഡിഫറന്റ് ’ സംഘടിപ്പിക്കുന്നു.
അസിസ്റ്റീവ് ടെക്നോളജി, തൊഴിൽ, സംരംഭകത്വം എന്നിവയിലെ അവസരങ്ങൾ, കായികമേളകൾ തുടങ്ങിയവയിലൂടെ കേരളത്തെ മാതൃകാ സംസ്ഥാനമാക്കി മാറ്റാൻ ജനുവരി 19 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കുന്ന സർഗോത്സവം വഴിതെളിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു അറിയിച്ചു.
സഹായ സാങ്കേതികവിദ്യകളുടെ പ്രദർശനം, ഭിന്നശേഷിക്കാർ നിർമിച്ച ഉത്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശന-വിപണനം എന്നിവയ്ക്കൊപ്പം അന്താരാഷ്ട്രതലത്തിലെ നവീന ആശയങ്ങളും അവതരിപ്പിക്കും. തൊഴിൽ മേളയ്ക്ക് പുറമെ, നിയമ അവബോധ പരിപാടികളും രക്ഷിതാക്കൾക്കും പരിചാരകർക്കുമുള്ള പിന്തുണാ സംവിധാനങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും നടക്കും. ഭിന്നശേഷി അവകാശങ്ങളും നയപരിഷ്കരണങ്ങളും സംബന്ധിച്ച സംവാദങ്ങളും വ്യവസായ പ്രമുഖർ, നയരൂപീകരണ വിദഗ്ധർ, ഭിന്നശേഷി മേഖലയിലെ പ്രവർത്തകർ എന്നിവരുമായുള്ള സംവാദങ്ങൾക്കും വേദികൾ ഉണ്ടാവും.
ഭിന്നശേഷിക്കാരായ കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീതം, നൃത്തം, നാടകം, മറ്റ് ദൃശ്യാവതരണ പരിപാടികൾ എന്നിവയുണ്ടാകും. ന്യൂറോ ഡൈവേഴ്സിറ്റിയുമായി ബന്ധപ്പെട്ട പ്രത്യേകം ആഘോഷപരിപാടികൾ മേളയുടെ ഭാഗമാകും. ‘അൻപ്’ ബയോസ്കോപ്പ് ഇൻക്ലൂസീവ് സിനിമകളും പ്രദർശിപ്പിക്കും.
കുടുംബശ്രീ യൂണിറ്റുകളും പ്രത്യേക അയൽക്കൂട്ടങ്ങളും നേതൃത്വം നൽകുന്ന ഭക്ഷ്യമേള, സ്വയംതൊഴിൽ നിർമാണ ഉത്പന്നങ്ങളുടെ പ്രദർശന-വിപണന മേള എന്നിവയും ‘സവിശേഷ’യിൽ ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
Tags : Bhinnasheshi Sargotsavam Thiruvananthapuram