പാലക്കാട്: കഞ്ചിക്കോട് പുതുശേരിയില്‍ കരോള്‍ നടത്തിയ കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി. കൃഷ്ണകുമാര്‍. മദ്യപിച്ചാണ് കരോള്‍ നടത്തിയതെന്നാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആരോപിച്ചത്.
എന്നാൽ, വിഷയത്തില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയതോടെ കൃഷ്ണകുമാര്‍ മലക്കംമറിഞ്ഞു. പൊതുവായി പറഞ്ഞതാണെന്നായി കൃഷ്ണകുമാറിന്റെ വിശദീകരണം.
കരോള്‍ ഭക്തിപൂര്‍വം ആത്മീയതയോടുകൂടി ചെയ്യേണ്ടതാണെന്നും മദ്യപിച്ച് സിപിഎം ഏരിയ കമ്മിറ്റിയുടെ ബാൻഡ്സെറ്റുമായി പോകുന്നവരെ കരോള്സംഘമായിട്ടാണോ കാണേണ്ടതെന്നുമായിരുന്നു കൃഷ്ണകുമാറിന്റെ ചോദ്യം.
മനഃപൂർവം സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം ആക്ഷേപിച്ചു. കരോള്‍സംഘത്തെ ആക്രമിച്ചതിന് അറസ്റ്റിലായ അശ്വിന്രാജിനു ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്നും കൃഷ്ണകുമാര്‍ അവകാശപ്പെട്ടു.
പതിനാലും പതിനഞ്ചും വയസുള്ള കുട്ടികളായിരുന്നു കരോള്‍ സംഘത്തിലുണ്ടായിരുന്നത്. കുട്ടികളുടെ ഈ സംഘത്തെ ഒരു ബിജെപി പ്രവര്ത്തകന് ആക്രമിക്കുകയായിരുന്നു. ഇയാൾ പിന്നീട് അറസ്റ്റിലായി.
കുട്ടികളുടെ ബാൻഡ്സെറ്റുകൾ ഇയാൾ ചവിട്ടിപ്പൊട്ടിച്ചെന്നു പോലീസ് വ്യക്തമാക്കി. ബാൻഡിനു മുകളില്‍ സിപിഎം എന്ന് എഴുതിയിട്ടുണ്ടെന്നും ഇതാണ് പ്രകോപനത്തിനു കാരണമെന്നുമാണ് പോലീസ് ഭാഷ്യം.
Tags : BJP leader slams children carols BJP leader C. Krishnakumar