തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടാൻ പിണറായി സർക്കാർ കൊണ്ടുവരുന്ന ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ഗവർണറോട് അഭ്യർഥിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന്റെ പല നടപടികളും സംശയാസ്പദമാണെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ.
അതിരൂക്ഷ വിമർശനം ഹൈക്കോടതിയിൽ നിന്നുണ്ടായിട്ടും ആരോപണവിധേയരായ ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നൽകാനാണ് സർക്കാരിന്റെ നീക്കമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ദേവസ്വം മന്ത്രിയുടെ രാജി, ബോര്‍ഡിനെതിരായ അന്വേഷണം തുടങ്ങിയ ന്യായമായ ആവശ്യങ്ങളോട് പ്രതികരിക്കാതെയും ബോര്‍ഡ് പുനഃസംഘടിപ്പിക്കാതെയും നിലവിലെ അംഗങ്ങളെ തുടരാനുള്ള അവസരമൊരുക്കുന്ന സര്‍ക്കാര്‍ നീക്കം അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ അംഗങ്ങൾക്ക് മേലുള്ള ആരോപണങ്ങൾക്ക് അംഗീകാരം നൽകാനുള്ള ദുരുദ്ദേശ്യപരമായ നീക്കമാണിത്. സന്നിധാനത്തെ സ്വർണം അടക്കമുള്ള ആസ്തികൾ അറ്റകുറ്റപ്പണികൾക്കായി മാറ്റാൻ തീരുമാനം എടുത്തതും ഇവരുടെ ഭരണകാലത്താണ്. കേരളത്തിലെ അയ്യപ്പ ഭക്തരെ അപമാനിക്കുന്ന ഈ ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ബിജെപി ഗവർണറോട് ശക്തമായി അഭ്യർത്ഥിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Tags : rajeev chandrasekhar bjp travancore devaswom board