തിരുവനന്തപുരം: കണ്ണൂർ പയ്യന്നൂരിൽ ബിഎൽഒയായിരുന്ന അനീഷ് ജോർജ് ജീവനൊടുക്കിയതു മായി ബന്ധപ്പെട്ട ജില്ലാ കളക്ടറുടെ പ്രാഥമിക റിപ്പോർട്ട് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു കൈമാറിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ പറഞ്ഞു.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കുക. സംഭവവുമായി ബന്ധപ്പെട്ട കളക്ടറുടെ പ്രാഥമിക റിപ്പോർട്ട് മാത്രമാണു ലഭിച്ചത്. അന്തിമ റിപ്പോർട്ട് ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
അനീഷിന് ഔദ്യോഗിക തലത്തിൽ ഒരുവിധ സമ്മർദവും ഉണ്ടായിട്ടില്ലെന്നാണ് ജില്ലാ ഇലക്ടറൽ ഓഫീസർ കൂടിയായ ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്. ഔദ്യോഗിക കൃത്യനിർവഹണത്തിൽ അനീഷ് ജോർജ് വീഴ്ച വരുത്തിയിരുന്നില്ല. ഔദ്യോഗിക സംവിധാനത്തിനു പുറത്ത് മറ്റെന്തെങ്കിലും ഭീഷണികളോ സമ്മർദങ്ങളോ ഉണ്ടായിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണത്തിൽ മാത്രമേ വ്യക്തമാകുകയുള്ളൂവെന്നും കളക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
Tags : BLO suicide incident Central Election Commission Ratan Kelkar