തിരുവനന്തപുരം: എസ്ഐആറിന്റെ ജോലി സമ്മർദം മൂലം ജീവനൊടുക്കിയ ബിഎൽഒയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ പ്രതീകാത്മക തൂങ്ങിമരണം ആവിഷ്ക്കരിച്ചു. എസ്ഐആർ മരണക്കെണിയാണെന്നും ഇനിയും എത്ര ജീവൻ വേണം എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകളുമായിട്ടായിരുന്നു പ്രതിഷേധം.
അനീഷ് ജോർജിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണ്. നാൽപത്തിയെട്ടു മണിക്കൂറിനുള്ളിൽ 3000 ഫോമുകൾ വിതരണം ചെയ്യുകയെന്ന അസാധ്യ ടാർഗറ്റ് ബിഎൽഒമാർക്ക് മേൽ അടിച്ചേൽപിച്ച് പീഡിപ്പിക്കുകയാണെന്നും സമരസമിതി നേതാക്കൾ ആരോപിച്ചു.
എസ്ഐആറിന് എന്യൂമറേഷൻ ഫോം വീടുകളിലെത്തി നൽകി വോട്ടർമാരിൽ നിന്ന് പൂരിപ്പിച്ച് വാങ്ങി വിവരങ്ങൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്ന ജോലി ബിഎൽഒമാർക്കാണ്. മൂന്ന് തവണ വീട് കയറണം. ഫോം വിതരണം ചെയ്ത് തിരികെ വാങ്ങാനുള്ളത് ഒരു മാസം സമയമാണ്.
2002ലെ വോട്ടർ പട്ടികയുമായി വീടുകളിലേക്കിറങ്ങുമ്പോൾ ബിഎൽഒമാർ നേരിടുന്നത് പല തരം വെല്ലുവിളികളാണെന്നും പ്രതിഷേധക്കാർ പറഞ്ഞു.
Tags : sir work blo strike thiruvananthapuram