പുതുക്കാട്: വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരേ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. അർച്ചന ഭർതൃവീട്ടിൽ കടുത്ത മാനസിക, ശാരീരിക പീഡനങ്ങൾ അനുഭവിച്ചിരുന്നെന്നും കൊലപ്പെടുത്തിയതാണെന്നും കുടുംബം ആരോപിക്കുന്നു.
മാട്ടുമല മാക്കോത്ത് വീട്ടിൽ ഷാരോണിന്റെ ഭാര്യ അർച്ചന (20)യെയാണ് കഴിഞ്ഞ ദിവസം തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തിയത്. മനയ്ക്കലക്കടവ് വെളിയത്തുപറന്പിൽ ഹരിദാസിന്റെയും ജിഷയുടെയും മകളാണ് അർച്ചന. ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസെടുത്ത വരന്തരപ്പിള്ളി പോലീസ് ഷാരോണിനെ കസ്റ്റഡിയിലെടുത്തു.
ഏഴു മാസം മുൻപായിരുന്നു ഷാരോണിന്റെയും അർച്ചനയുടെയും പ്രണയവിവാഹം. അന്നുമുതൽ വീട്ടുകാരുമായി ബന്ധപ്പെടാൻ അനുവദിക്കാറില്ലായിരുന്നെന്ന് അച്ഛൻ ഹരിദാസ് പറഞ്ഞു. വിവാഹത്തിൽ എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും മകൾ നല്ലനിലയിൽ ജീവിച്ചുകാണാൻ ആഗ്രഹിച്ചിരുന്നു. ഷാരോണ് സംശയത്തോടെയാണ് മകളെ കണ്ടിരുന്നതെന്നും ഫോണ് വിളിക്കാനും ഉപയോഗിക്കാനും അനുവദിച്ചിരുന്നില്ലെന്നും കുടുംബം പറഞ്ഞു.
മകളെ ഒരിക്കൽ അളഗപ്പനഗർ പോളിടെക്നിക്കിനു മുന്പിൽവച്ച് അടിച്ചു. ഇതു ചോദ്യം ചെയ്തപ്പോൾ അർച്ചനയെ കൊല്ലുമെന്നും ആരും ചോദിക്കാൻ വരണ്ടെന്നുമായിരുന്നു ഷാരോണിന്റെ പ്രതികരണമെന്നും അർച്ചനയുടെ സഹോദരി അനു പറഞ്ഞു. അർച്ചനയുടെ മരണത്തിൽ ശരിയായ അന്വേഷണം നടക്കണമെന്നും ഷാരോണിന്റെയും കുടുംബത്തിന്റെ പങ്ക് പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ബുധനാഴ്ച വൈകിട്ട് മരിച്ച അർച്ചനയുടെ ഇൻക്വസ്റ്റ് നടപടികൾ രാത്രിയോടെ പൂർത്തിയാക്കി മൃതദേഹം തൃശൂർ ഗവ മെഡിക്കൽ കേളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം ഏറ്റുവാങ്ങുമെന്ന് അർച്ചനയുടെ കുടുംബം അറിയിച്ചു. ചാലക്കുടി ഡിവൈഎസ്പി വി.കെ.രാജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.