തിരുവനന്തപുരം: സംസ്ഥാനത്തെ കെട്ടിടനിർമാണ പെർമിറ്റ് ഫീസ് സർക്കാർ കുറച്ചിട്ടും അപേക്ഷകരിൽനിന്ന് അധികമായി വാങ്ങിയ തുക തിരിച്ചുനൽകാത്ത തദ്ദേശസ്ഥാപനങ്ങൾ 28നുള്ളിൽ ആ തുക തിരികെ നല്കണമെന്നു മന്ത്രി എം.ബി. രാജേഷ്.
അധികമായി അടച്ച ഫീസ് തിരികെകിട്ടാൻ അപേക്ഷിക്കാനുള്ള സമയം 15 വരെ നീട്ടിയതായി കെ. ബാബു നെൻമാറയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മന്ത്രി നിയമസഭയിൽ അറിയിച്ചു.
അധികഫീസ് തിരികെ നല്കാത്ത സ്ഥാപനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കും. അധികമായി ഈടാക്കിയ പെർമിറ്റ് ഫീസ് കൈവശം വയ്ക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരമില്ല. 28നുള്ളിൽ അധിക പണം തിരികെ നൽകണമെന്ന് തദ്ദേശസ്ഥാപന സെക്രട്ടറിമാരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അത് പാലിക്കാത്ത തദ്ദേശസ്ഥാപനങ്ങളുടെയും സെക്രട്ടറിമാരുടെയും വിവരങ്ങൾ സർക്കാരിനു കൈമാറാൻ പ്രിൻസിപ്പൽ ഡയറക്ടറോട് നിർദ്ദേശിച്ചതായും മന്ത്രി വ്യക്തകമാക്കി.
വർധിപ്പിച്ച കെട്ടിടനിർമാണ പെർമിറ്റ് ഫീസ്, അപേക്ഷാ ഫീസ്, പരിശോധനാ ഫീസ് എന്നിവയിൽ 60 ശതമാനം വരെയാണ് സർക്കാർ കുറവു വരുത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
Tags : Building permit fee Local authorities return excess amount Minister MB Rajesh