കൊച്ചി: റോഡില്‍ താഴ്ന്നുകിടക്കുന്ന കേബിളില്‍ കുരുങ്ങി ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടു നിയോഗിച്ച വിദഗ്ധസമിതി വൈദ്യുതിവകുപ്പിനു നല്കിയ റിപ്പോര്‍ട്ടില്‍ ആറാഴ്ചയ്ക്കകം സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ ഇനിയും കാലതാമസം പാടില്ലെന്നു കമ്മീഷന് വൈദ്യുതിവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്കി. അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കമ്മീഷനില്‍ സമര്‍പ്പിക്കണം. കളമശേരി ഇഖറ മസ്ജിദ് ഇമാം അബ്ദുള്‍ അസീസ് ഓടിച്ച ബൈക്ക് 2024 ഓഗസ്റ്റ് 20ന് കേബിളില്‍ കുരുങ്ങി അപകടത്തില്പ്പെട്ടതിന്റെയും സമാനസംഭവങ്ങളുടെയും അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണു കമ്മീഷൻ നിർദേശം.
വിദഗ്ധ സമിതി രൂപീകരിച്ച് വിഷയം പഠിക്കാന്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ഊര്‍ജ വകുപ്പ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഓഗസ്റ്റ് 30ന് കെഎസ്ഇബി സുരക്ഷാവിഭാഗം ഡയറക്ടറുടെ അധ്യക്ഷതയില്‍ സര്‍ക്കാര്‍ അഞ്ചംഗ കമ്മിറ്റി രൂപീകരിച്ച് ഉത്തരവിറക്കി.
ഇതില്‍ ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ രൂപക്, ട്രാഫിക് എസ്പി, ട്രാഫിക് സൗത്ത് എസ്പി, തദ്ദേശ വകുപ്പ് അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ആര്.എസ്. രശ്മി എന്നിവര്‍ അംഗങ്ങളായിരുന്നു. കേബിള്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ഒമ്പത് നിര്‍ദേശങ്ങള്‍ കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ചു. തുടര്‍ന്ന് ഊര്‍ജ വകുപ്പ് ജോയിന്റ് സെക്രട്ടറി കമ്മീഷന് സിറ്റിംഗില്‍ ഹാജരായി. ഊര്‍ജ, നിയമ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉന്നതസമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് സര്‍ക്കാരിനു നിയമപരമായ ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി ജോയിന്റ് സെക്രട്ടറി അറിയിച്ചു.
അന്തിമ തീരുമാനമെടുക്കുന്നതിനുമുമ്പ് കെഎസ്ഇബി തദ്ദേശ സ്വയംഭരണവകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തണമെന്ന് കമ്മീഷന് നിര്‍ദേശിച്ചു. മാര്‍ച്ചില്‍ എറണാകുളത്ത് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ തീരുമാനം അറിയിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
Tags : Human Rights Commission Cable entanglement accident Expert committee report