കോഴിക്കോട്: എയിംസ്, അതിവേഗ റെയില്‍ അടക്കമുള്ള വന്‍ വികസന പദ്ധതികള്‍ പ്രതീക്ഷിച്ച കേരളത്തിനു കേന്ദ്ര ബജറ്റില്‍ ആമ പരിചരണ കേന്ദ്രം നല്‍കിയത് വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇടയാക്കിയെങ്കിലും കടലാമകളുടെ സംരക്ഷണത്തിന് കൂടുതല്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാർ. കടലാമകളുടെ സാന്നിധ്യമുള്ള ബീച്ചുകളില്‍ വെളിച്ചവും മനുഷ്യസാന്നിധ്യവും നിയന്ത്രിച്ചുള്ള സംരക്ഷണ പദ്ധതികള്‍ നടപ്പാക്കാനാണു സര്‍ക്കാര്‍ തീരുമാനം.
അതിനായി തീരദേശ ജില്ലകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ട് സംസ്ഥാന, ജില്ലാതല സംരക്ഷണ സമിതികള്‍ രൂപവത്കരിച്ചു. കടലാമകളുടെയും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയുടെയും സംരക്ഷണത്തിനായി നിയമനിര്‍മാണം നടത്തുന്നതടക്കമുള്ള ഉത്തരവാദിത്വങ്ങളാണു കടലാമ സംരക്ഷണ സമിതിക്കുള്ളത്.
കടലാമകള്‍ കൂടുണ്ടാക്കുന്ന ബീച്ചുകളില്‍ കൃത്രിമ വിളക്കുകള്‍ കുറയ്ക്കുക, ബീച്ചുകളിലേക്കുള്ള മനുഷ്യരുടെ പ്രവേശനം നിയന്ത്രിക്കുക, കടലാമകളെ കൊല്ലുന്നത് തടയുക, കടലാമ സാന്നിധ്യമുള്ള ബീച്ചുകളിലും കടല്‍ത്തീരങ്ങളിലും ദിവസവും പട്രോളിംഗ് നടത്തുക, മത്സ്യത്തൊഴിലാളികളിലും പ്രദേശവാസികളിലും അവബോധം സൃഷ്ടിക്കുക തുടങ്ങിയവയാണ് സമിതിയുടെ ഉത്തരവാദിത്വങ്ങൾ.
കേരളത്തിന് കടലാമ സംരക്ഷണ കേന്ദ്രം അനുവദിച്ചത് പരിഹാസങ്ങള്ക്കിടയാക്കിയെങ്കിലും ചെമ്മീന്കര്ഷകരെ സംബന്ധിച്ചിടത്തോളം പ്രധാനമാണ് പ്രഖ്യാപനം. മത്സ്യബന്ധന വലകളില്‍ കുടുങ്ങി കടലാമകള്‍ ചാകുന്നത് ചൂണ്ടിക്കാട്ടി ഇന്ത്യയില്‍നിന്നുള്ള ചെമ്മീന്‍ ഇറക്കുമതി അമേരിക്ക തടഞ്ഞിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ കടലാമ സംരക്ഷണത്തിന് പ്രാധാന്യം നല്കുന്ന പദ്ധതികള്‍ ചെമ്മീന്‍ കയറ്റുമതിക്കുള്ള ഉപരോധം നീക്കാന്‍ സഹായിച്ചേക്കുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. ചെമ്മീന്‍ കയറ്റുമതിക്ക് 2019ല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം കാരണം പ്രതിവര്‍ഷം ഇന്ത്യയ്ക്ക് 25000 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് കണക്ക്. കേരള ചെമ്മീന്‍ വിപണിയെയും ഉപരോധം ബാധിച്ചിട്ടുണ്ട്.
Tags : Calamity protection lighting beaches Human presence State Government Kadalama Protection