തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വനിതാ സ്ഥാനാർഥിയേയും കുടുംബത്തെയും ലഹരിസംഘം ആക്രമിച്ചതായി പരാതി. കഠിനംകുളം പുതുക്കുറിച്ചി നോർത്ത് വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി എയ്ഞ്ചലിനും ഭർത്താവിനും ബന്ധുക്കൾക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്.
തെരഞ്ഞെടുപ്പ് പ്രചാരണ ശേഷം ഭർത്താവുമൊത്ത് വീട്ടിലെത്തിയപ്പോൾ ഇവരുടെ വീടിനു മുന്നിൽ നാലംഗ സംഘം ബഹളംവച്ചു. എയ്ഞ്ചൽ ഇത് ചോദ്യം ചെയ്തതോടെ സംഘം ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഏയ്ഞ്ചലും ഭർത്താവും ആശുപത്രിയിൽ ചികിത്സതേടി.
കഠിനംകുളം പോലീസ് എത്തിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടിരുന്നു. പോലീസ് പോയ ശേഷം കൂടുതൽ ആളുകളെത്തി വീടും വാഹനങ്ങളും അടിച്ച് തകർത്തെന്നും പരാതിയിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.
Tags : local body election ldf candidate kadinamkulam police case