കോഴിക്കോട്: മാളിക്കടവിൽ 26കാരിയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി മൂന്ന് തവണ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. പ്രതിയുടെ വർക്ക് ഷോപ്പിലെ സിസിടിവിയിൽ നിന്നാണ് മൂന്ന് മണിക്കൂറിലേറെ ദൈർഘ്യമുള്ള ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തത്.
യുവതിയെ എങ്ങനെ കൊലപ്പെടുത്താമെന്നതിനെക്കുറിച്ച് പ്രതി ഇന്റെർനെറ്റിൽ തെരയാനായി ഉപയോഗിച്ച കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്ക് പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഭവദിവസം വൈശാഖൻ യുവതിയെ മാളിക്കടവിലെ സ്ഥാപനത്തിലേക്ക് എത്തിച്ചത്.
എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി വൈശാഖൻ ആയിരിക്കുമെന്ന് യുവതി ഡയറിയിൽ കുറിച്ചിരുന്നു. മരണഭയത്താലാണ് താൻ അവിടെപ്പോകുന്നതെന്ന് യുവതി സൂചിപ്പിച്ചിരുന്നു. പത്ത് വർഷത്തോളമായി പ്രതിയും യുവതിയും തമ്മിൽ ബന്ധമുണ്ടായിരുന്നു. എന്നാൽ വൈശാഖന് മറ്റ് സ്ത്രീകളുമായും ബന്ധമുണ്ടെന്ന് യുവതി തിരിച്ചറിഞ്ഞതോടെയാണ് ഇരുവരും തമ്മിൽ തർക്കങ്ങൾ ആരംഭിച്ചത്.
ഈ വിവരങ്ങൾ വൈശാഖന്റെ ഭാര്യയെ അറിയിക്കുമെന്ന് യുവതി മുന്നറിയിപ്പ് നൽകിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജനുവരി 24നായിരുന്നു കേരളത്തെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. പ്രധാന സ്ഥലങ്ങളിലെല്ലാം തെളിവെടുപ്പ് പൂർത്തിയായതിനെത്തുടർന്ന് പ്രതിയെ കോടതി വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Tags : murder young woman malikkadavu body was sexually assaulted