കോട്ടയം: കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രസംഗത്തിനിടെ ചെണ്ടമേളം ഉയർന്നതോടെയായിരുന്നു മുഖ്യമന്ത്രി ക്ഷോഭിച്ചത്. മാമൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം.
പ്രസംഗത്തിനിടെ ചെണ്ടകൊട്ടിയവരെ മുഖ്യമന്ത്രി വേദിയിൽ പരസ്യമായി ശാസിച്ചു. നിങ്ങളുടെ സമ്മേളനത്തിന്റെ ഭാഗമായുള്ള കൊട്ടാണോ ഇതെന്ന് പിണറായി ചോദിച്ചു. ഇത് ശരിയായ കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പറയുന്നത് ശ്രദ്ധിക്കാൻ പാടില്ലെന്ന മട്ടിൽ നിങ്ങളുടെ കൂട്ടത്തിലുള്ള ആൾക്കാർ ചെണ്ടയെടുത്ത് കൊട്ടിക്കൊണ്ടിരിക്കുകയാണോയെന്ന് ചോദിച്ച പിണറായി വിദ്യാഭ്യാസ പരിഷ്കാരങ്ങളെക്കുറിച്ചും നാടിന്റെ അവസ്ഥയെക്കുറിച്ചും ഗൗരവമായി സംസാരിക്കുമ്പോൾ തടസമുണ്ടാക്കുന്ന രീതിയിൽ പെരുമാറുന്നത് ശരിയല്ലെന്നും പറഞ്ഞു.
മൈക്കിലൂടെ പരസ്യമായാണ് മുഖ്യമന്ത്രി അനിഷ്ടം പ്രകടിപ്പിച്ചത്. ഗൗരവതരമായ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ ഇത്തരം പ്രവണത ശരിയല്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. അതേസമയം കോട്ടയത്ത് വിവിധ പരിപാടികൾക്കായെത്തിയ മുഖ്യമന്ത്രിക്ക് നേരെ രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധമുണ്ടായി.
കോട്ടയത്ത് ഹെലികോപ്റ്ററിലെത്തിയ മുഖ്യമന്ത്രിയെ ആദ്യം മഹിളാ കോൺഗ്രസ് പ്രവർത്തകർ കറുത്ത ബലൂണുകൾ പറത്തി പ്രതിഷേധം അറിയിച്ചു. തുടർന്ന് യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ കരിങ്കൊടി വീശിയും പ്രതിഷേധിച്ചു.
Tags : Chief Minister pinarayi vijayan kottayam ksta