തിരുവനന്തപുരം: പാർലമെന്റ് പാസാക്കിയ തൊഴിലുറപ്പ് ഭേദഗതി ബില്ലിലെ ആശങ്കകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നിർദിഷ്ട നിയമത്തിലെ പല വ്യവസ്ഥകളും അതീവ ആശങ്കയുണ്ടാക്കുന്നവയാണെന്നും അവ സംസ്ഥാനങ്ങളുടെ പരിമിതമായ സാന്പത്തിക സാഹചര്യങ്ങളെ ദോഷകരമായി ബാധിക്കുമെന്നും വിശദീകരിച്ചുകൊണ്ടുള്ളതാണ് മുഖ്യമന്ത്രിയുടെ കത്ത്.
നിലവിലുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം, കൂലി ഇനത്തിലെ മുഴുവൻ തുകയും കേന്ദ്ര സർക്കാരാണ് വഹിക്കുന്നത്. എന്നാൽ, പുതിയ ബില്ലിൽ കൂലി ഇനത്തിലുള്ള കേന്ദ്ര വിഹിതം 60 ശതമാനമായി കുറയ്ക്കുന്നുണ്ട്. നിലവിലുള്ള സംവിധാനത്തിലുള്ള ഇത്തരമൊരു മാറ്റം തികച്ചും വിനാശകരമാണ്. പ്രാഥമിക കണക്കുകൾ പ്രകാരം, ഈ മാറ്റം മൂലം കേരളത്തിന് മാത്രം പ്രതിവർഷം ഏകദേശം 3,500 കോടി രൂപയുടെ സാന്പത്തിക നഷ്ടം ഉണ്ടാകും.
രാജ്യത്തെ ഗ്രാമീണ സന്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിട്ട ഘട്ടത്തിലാണ് തൊഴിലുറപ്പ് പദ്ധതി ആവിഷ്കരിച്ചത്. തൊഴിലില്ലായ്മയും അസമത്വവും വർധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തിൽ ആവശ്യാനുസരണം തൊഴിൽ നൽകുന്ന പദ്ധതി രാഷ്ട്രത്തിന്റെ ക്ഷേമത്തിന് അവിഭാജ്യ ഘടകമാണ്. പുതിയ ബില്ലിൽ ഇത് "ഡിമാൻഡ് ഡ്രിവണ്’ എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന വിഹിതം മാത്രം നൽകുന്ന ഒരു കേന്ദ്രീകൃത പദ്ധതിയായി മാറുകയാണെന്ന്.
തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിൽ കേരളം എപ്പോഴും മുൻപന്തിയിലുണ്ട്. പദ്ധതിയുടെ വികേന്ദ്രീകൃത സ്വഭാവത്തിൽ വരുത്തുന്ന ഏതൊരു മാറ്റവും കേരളം പോലുള്ള സംസ്ഥാനങ്ങളെ ഏറെ ദോഷകരമായി ബാധിക്കുകയും പദ്ധതിയുടെ ലക്ഷ്യങ്ങളെ തന്നെ തകർക്കുകയും ചെയ്യും. ഓരോ കണ്ണീർതുള്ളിയും തുടച്ചുമാറ്റാൻ ജീവിതകാലം മുഴുവൻ പ്രയത്നിച്ച മഹാത്മാഗാന്ധിയുടെ പേര് ഇത്തരമൊരു പദ്ധതിയുമായി തുടർന്നും ബന്ധിപ്പിക്കണമെന്നാണ് കേരള സർക്കാരിന്റെ ശക്തമായ അഭിപ്രായമെന്നും മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു.
പുതിയ ബിൽ ഗാന്ധിയൻ വികേന്ദ്രീകരണ തത്വങ്ങൾക്ക് വിരുദ്ധമായി ഉദ്യോഗസ്ഥാധിപത്യത്തിന് വഴിതുറക്കുന്നുമെന്നും ഇത് ഭരണഘടനയുടെ 73, 74 ഭേദഗതികൾ വിഭാവനം ചെയ്യുന്ന വികേന്ദ്രീകരണ ആശയങ്ങൾക്ക് വിരുദ്ധമാണെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. അതിനാൽ നിർദിഷ്ട ബിൽ നടപ്പിലാക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് അഭ്യർഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Tags : Prime Minister Chief Minister pinarayi vijayan narendra modi