കൊച്ചി: ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് മധുരമേകി സംസ്ഥാനത്ത് ജില്ലാതലത്തിലും സി.ഡി.എസ്തലത്തിലും കുടുംബശ്രീയുടെ കേക്ക് വിപണന മേളകള്‍ വഴിയുള്ള വിറ്റുവരവ് 90,70,754 രൂപ. കുടുംബശ്രീയുടെ കീഴിലുള്ള 1526 യൂണിറ്റുകള്‍ കേക്ക് വിപണനമേളയുടെ ഭാഗമായി. നാലായിരത്തോളം സംരംഭകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
കണ്ണൂര്‍ ജില്ലയിലാണ് കൂടുതല്‍ വിറ്റുവരവ് നടന്നത്. ഇവിടെ 15,21,195 രൂപയുടെ വിറ്റുവരവ് ഉണ്ടായി. 14,96,520 രൂപയുടെ കേക്കു വില്പനയുമായി ഇടുക്കി ജില്ലയാണ് രണ്ടാം സ്ഥാനത്ത്. കാസര്‍ഗോഡ് ജില്ലയ്ക്കാണ് മൂന്നാം സ്ഥാനം. 12,39,846 രൂപയുടെ കേക്ക് വില്പന ഇവിടെ നടന്നു. 2025 ഡിസംബര്‍ 20 മുതല്‍ 2026 ജനുവരി ഒന്നുവരെയുള്ള കണക്കാണിത്.
കുടുംബശ്രീയുടെ പോക്കറ്റ് മാര്‍ട്ട് ആപ്പ് വഴി നടത്തിയ ഓണ്‍ലൈന്‍ കേക്കു വില്പനയിലെ വിറ്റുവരവ് 16,36,348 രൂപയാണ്. കുടുംബശ്രീയുടെ 618 കേക്കു യൂണിറ്റുകള്‍ വഴി 1,886 ഓണ്‍ലൈന്‍ ഓര്‍ഡറുകളാണ് ലഭിച്ചത്. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ കേക്ക് വില്പന നടന്നത്. ഇവിടെ 66 കേക്ക് യൂണിറ്റുകള്‍ക്ക് 598 ഓര്‍ഡറുകള്‍ ലഭിച്ചു. 6,13,590 രൂപയുടെ കേക്കുകളാണ് വിറ്റത്.
രണ്ടാം സ്ഥാനം കണ്ണൂര്‍ ജില്ലയ്ക്കാണ്. ഇവിടെ കുടുംബശ്രീയുടെ 65 കേക്ക് യൂണിറ്റുകളിലൂടെ 583 ഓര്‍ഡറുകള്‍ ലഭിക്കുകയും 3,97,660 രൂപയുടെ വില്പന നടക്കുകയും ഉണ്ടായി. തൃശൂര്‍ ജില്ലയ്ക്കാണ് മൂന്നാം സ്ഥാനം. ഇവിടെ 1,29,015 രൂപയുടെ വിറ്റുവരവാണ് നടന്നത്. 44 കുടുംബശ്രീ യൂണിറ്റുകള്‍ക്ക് 203 ഓര്‍ഡറുകള്‍ ലഭിച്ചു. എറണാകുളം ജില്ലയില്‍ 40,774 രൂപയുടെ വില്പന നടന്നു. ഇവിടത്തെ 44 കേക്ക് യൂണിറ്റുകള്‍ക്ക് 34 ഓര്‍ഡറുകളാണ് ലഭിച്ചത്.
കുടുംബശ്രീ സംരംഭകര്‍ തയാറാക്കിയ മാര്‍ബിള്‍, പഌ, ബ്ലാക്ക് ഫോറസ്റ്റ്, റെഡ് വെല്‍വറ്റ്, കോക്കനട്ട് കേക്ക്, ചോക്ളേറ്റ് കേക്ക്, കോഫീ കേക്ക്, ചീസ് കേക്ക്, ഫ്രൂട്ട്സ് കേക്ക്, കാരറ്റ് കേക്ക് തുടങ്ങി വിവിധ തരം കേക്കുകളാണ് ലഭ്യമാക്കിയിരുന്നത്. 250 രൂപ മുതലുള്ള കേക്കുകള്‍ ഉണ്ടായിരുന്നു.
ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ അവതരിപ്പിച്ച ഗിഫ്റ്റ് ഹാമ്പറുകളുടെ വന്‍ വിജയത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് ഇക്കുറി ആദ്യമായി കേക്കുകളുടെ ഓണ്‍ലൈന്‍ വിപണനം കൂടി ആരംഭിച്ചത്. ഓരോ ജില്ലയിലും കേക്കുകള്‍ തയ്യാറാക്കുന്ന യൂണിറ്റുകളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേകം കേക്ക് ഡയറക്ടറിയും തയാറാക്കിയിരുന്നു.
Tags : Christmas New Year cake sales Kudumbashree generates sales of Rs. 90 70 754