ആലപ്പുഴ: ആലപ്പുഴയിൽ ക്രിമിനൽ സംഘങ്ങൾ തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഏറ്റുമുട്ടിയ സംഭവത്തിൽ പത്തുപേർക്കെതിരെ പോലീസ് കേസെടുത്തു. കാർത്തികപ്പള്ളി പുളിക്കീഴ് ഭാഗത്ത് ആയിരുന്നു ഏറ്റുമുട്ടൽ.
സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിഷ്ണുവിനെയും സംഘത്തെയും ആക്രമിച്ച കേസിൽ തൃക്കുന്നപ്പുഴ സ്വദേശി മണികണ്ഠൻ ആണ് അറസ്റ്റിലായത്.
പുളിക്കീഴിലെ കെടിഡിസി ബാറിൽ മദ്യപിക്കാനെത്തിയ യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലും വെടിവയ്പ്പിലും കലാശിച്ചത്. ശനിയാഴ്ച രാത്രി ഒൻപതോടെ ആയിരുന്നു സംഭവങ്ങളുടെ തുടക്കം.
വെടിവയ്പ്പുണ്ടായെങ്കിലും ഇത് അപകടമുണ്ടാക്കുന്ന തോക്കല്ലെന്ന് മനസിലായതോടെ ഏറ്റുമുട്ടൽ രൂക്ഷമാകുകയായിരുന്നു. സംഭവത്തിൽ സാരമായി പരിക്കേറ്റ നിരവധിപേർ ചികിത്സയിലാണ്. ഇരുവിഭാഗങ്ങളിലുമായി പത്ത് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി മണികണ്ഠനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിടിച്ചെടുത്ത തോക്ക് കോടതിയിൽ ഹാജരാക്കുമെന്നും മറ്റു പ്രതികൾ ഉടൻ പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി.
Tags : kerala police crime news alappuzha Karthikappally