തിരുവനന്തപുരം: നാഗർകോവിൽ അണ്ണാ ബസ് സ്റ്റാൻഡിൽ ക്ലീനറായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം തിരുവല്ലം സ്വദേശി സുമേഷ് (29) ആണ് കേസിൽ അറസ്റ്റിലായത്.
സംഭവം കഴിഞ്ഞ് എട്ട് മാസങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്. കഴിഞ്ഞ മാർച്ചിൽ ആണ് നെല്ലായി മുകുടൽ പാപക്കുടിയിലെ ക്ലീനറായ ബൽരാജിനെ(32) അണ്ണാ ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അമിത മദ്യപാനത്തെ തുടർന്ന് മരിച്ചതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റുമോർട്ടത്തിൽ മർദനമേറ്റതിന്റെ ലക്ഷണങ്ങൾ കണ്ടതോടെയാണ് തമിഴ്നാട് പോലീസ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.
തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരാൾ ബൽരാജുമായി തർക്കിക്കുന്നതായി കണ്ടെത്തിയിരുന്നു. പിന്നാലെ പോലീസ് സുമേഷിലേക്ക് എത്തിച്ചേരുകയായിരുന്നു. മദ്യപിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ മർദിച്ചതാണെന്ന് സുമേഷ് മൊഴി നൽകി.
Tags : tamilnadu police crime news Nagercoil trivandrum