കൊച്ചി: ലക്ഷദ്വീപിലെ അഗത്തിയില്‍നിന്ന് ഹൃദയാഘാതം സംഭവിച്ചയാളെ അടിയന്തര ചികിത്സയ്ക്കായി കൊച്ചിയില്‍ എത്തിച്ച് കോസ്റ്റ് ഗാര്‍ഡിന്റെ ജീവന്‍രക്ഷാ ദൗത്യം. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തിലാണ് അതിവേഗ മെഡിക്കല്‍ ഇവാക്വേഷന് നടത്തിയത്.
തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കോസ്റ്റ് ഗാര്‍ഡിന്റെ ഡോര്‍ണിയര്‍ വിമാനത്തിലാണ് അന്പത്തിയഞ്ചുകാരനായ രോഗിയെ കൊച്ചിയിലെത്തിച്ചത്. വിമാനത്തില്‍ മൊബൈല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്(എംഐസിയു) ക്രമീകരിച്ചായിരുന്നു നടപടികള്‍.
തിങ്കളാഴ്ച വൈകുന്നേരമാണ് ഹൃദയാഘാതമുണ്ടായത്. വിദഗ്ധ ചികിത്സ ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ ലക്ഷദ്വീപിലെ രോഗികളെ കൊച്ചിയിലെത്തിക്കുന്നതിന് സാധാരണയായി ഹെലികോപ്റ്ററുകളോ എയര്‍ ആംബുലന്‍സുകളോ ആണ് ഉപയോഗിക്കാറുള്ളതെങ്കിലും അടിയന്തര സാഹചര്യം കണക്കിലെടുത്ത് സമയം ലാഭിക്കുന്നതിനായി കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനം ഉപയോഗിക്കുകയായിരുന്നു.
വിമാനത്തിനുള്ളില്തന്നെ എംഐസിയു സജ്ജീകരിച്ചു. രാത്രികാലത്തെ കാലാവസ്ഥാ വെല്ലുവിളികളും കടലിനു മുകളിലൂടെയുള്ള യാത്രയും പരിഗണിച്ചാണ് ഹെലികോപ്റ്ററിനു പകരം വേഗമേറിയ ഡോണിയര്‍ വിമാനം തെരഞ്ഞെടുത്തതെന്ന് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.
കൊച്ചിയിലെത്തിച്ച രോഗിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഈ മാസം നടത്തുന്ന രണ്ടാമത്തെ മെഡിക്കല്‍ ഇവാക്വേഷന് ദൗത്യമാണിത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഗത്തിയില്‍നിന്ന് നടത്തുന്ന നാലാമത്തെ രാത്രികാല ദൗത്യവും.
Tags : Coast Guard life saving mission Lakshadweep Kochi Dornier aircraft