തൃശൂർ: പരിഷ്കൃതസമൂഹത്തിനു നിരക്കാത്ത പ്രസ്താവന നടത്തുന്ന വ്യക്തികളുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേർക്കുന്നതു സ്ഥാപനത്തിനു കളങ്കമാണെന്നും ഇത്തരം പ്രസ്താവനകൾക്കെതിരേ നിയമോപദേശം തേടിയിരിക്കുകയാണെന്നും സർക്കാരിനുവേണ്ടി സാംസ്കാരികവകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണനെതിരേ നർത്തകി കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിനെതിരേ കമ്മീഷൻ അംഗം വി. ഗീത സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് സാംസ്കാരികവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചത്.
കേരള കലാമണ്ഡലത്തിലെ ഒരു പൂർവവിദ്യാർഥി എന്നതിനപ്പുറം കലാമണ്ഡലം സത്യഭാമയ്ക്കു കലാമണ്ഡലവുമായി നിലവിൽ ഒരു ബന്ധവുമില്ലെന്നും കലാമണ്ഡലം രജിസ്ട്രാർ കമ്മീഷനെ അറിയിച്ചു. സത്യഭാമയുടെ പ്രസ്താവന അപലപനീയമാണെന്നും കലാമണ്ഡലം പൂർണമായും നിരാകരിക്കുകയാണെന്നും റിപ്പോർട്ടിൽ പറഞ്ഞു.
മനുഷ്യത്വത്തെ നിറത്തിന്റെ പേരിൽ അവഗണിക്കുന്ന തരത്തിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന പൂർണമായും ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഭാവിയിൽ ഇത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്നും മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത ഉത്തരവിൽ പറഞ്ഞു. കലാമണ്ഡലം സത്യഭാമ പരിഷ്കൃതസമൂഹത്തിനു നല്ല സന്ദേശം നൽകുന്നതിനുപകരം അപക്വമായ സന്ദേശമാണ് നൽകിയതെന്നും കമ്മീഷൻ വ്യക്തമാക്കി.
Tags : Report submitted Complaint Kalamandalam to name Cultural Affairs Human Rights Commission