തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ മറവിൽ നടത്തിയ വൻ അഴിമതി ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. ശബരിമലെ സിപിഎം ഭരണസംവിധാനത്തിന്റെ ബലത്തിൽ മോഷണത്തിനും ചൂഷണത്തിനുമായി ശബരിമല ക്ഷേത്രത്തെ ദുരുപയോഗം ചെയ്തു. അയ്യപ്പസംഗമത്തിന്റെ പേരിൽ പണം കവർന്നെടുത്തവരെ സംരക്ഷിക്കുന്ന നിലപാടാണ് ദേവസ്വം മന്ത്രി നിയമസഭയിൽ സ്വീകരിച്ചതെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
അയ്യപ്പസംഗമത്തിന്റെ നടത്തിപ്പിൽ ഗുരുതര ക്രമക്കേട് നടന്നെന്നാണ് സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ടിലൂടെ പുറത്തുവന്നത്. ഊരാളുങ്കലിന്റെ സഹസ്ഥാപനത്തെ മുൻനിർത്തി ദേവസ്വംബോർഡിന്റെ പണം സിപിഎം അപഹരിച്ചിരിക്കുകയാണ്. ഉപകരാർ നൽകിയതിൽ ഉൾപ്പെടെ കൃത്യമായ കണക്കില്ല. സ്പോണ്‍സർഷിപ്പ് സംബന്ധിച്ച അവകാശവാദവും തട്ടിപ്പാണ്.
സ്പോണ്സർ ആരാണെന്നത് ദേവസ്വം വകുപ്പും ബോർഡും വ്യക്തമാക്കണം. വായുവിലെഴുതി കൂട്ടിയ കുറെ മനകണക്കുകൾ മാത്രമാണുള്ളത്. കലാപരിപാടികൾക്ക് ഉൾപ്പെടെ എസ്റ്റിമേറ്റിനേക്കാൾ കൂടുതൽ തുക ചെലവിട്ടിട്ടുണ്ട്.
ശബരിമലയെ തകർക്കുക എന്നത് സിപിഎമ്മിന്റെ നിഗൂഢ അജൻഡയാണ്. ദേവന്റെ സ്വർണം മോഷ്ടിച്ചവർക്ക് എല്ലാ സഹായവും ഒരു മനസ്താപവുമില്ലാതെ നൽകി. ശബരിമലയിൽ നിന്നു മോഷ്ടിക്കപ്പെട്ട സ്വർണം കണ്ടെത്താനുള്ള ആത്മാർഥത പോലും ഈ സർക്കാരിനില്ല. പകരം അതിലെ പ്രതികൾക്കെല്ലാം ജാമ്യം ലഭിക്കാനുള്ള അവസരം നൽകുകയാണെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
Tags : Sunny Joseph Ayyappa Sangam High Court