തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ പൂര്‍ണഫലം 13ന് ഉച്ചയോടെ തന്നെ ലഭ്യമാക്കാന്‍ ക്രമീകരണങ്ങളൊരുക്കി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളില്‍ ഒരേസമയം സമാന്തരമായി വോട്ടെണ്ണുന്നതിനാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. ആദ്യം തപാല്‍ വോട്ടാണ് എണ്ണുന്നത്. ജില്ലാ പഞ്ചായത്തുകളിലെ തപാല്‍ വോട്ടുകളെണ്ണാന്‍ വരണാധികാരിയായ കളക്ടറുടെ ചേംബറിനു സമീപം പ്രത്യേക വോട്ടെണ്ണല്‍ കേന്ദ്രം ക്രമീകരിക്കും.
ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലെ തപാല്‍ വോട്ടുകള്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്കു മുന്നിലാണ് എണ്ണുക. ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ തപാല്‍ വോട്ട് എണ്ണുന്നതില്‍ കാലതാമസം വരാതിരിക്കാന്‍ കളക്ടറുടെ നേതൃത്വത്തില്‍ എണ്ണും.
258 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. ബ്ലോക്കുകളില്‍ ഒരു വോട്ടെണ്ണല്‍ കേന്ദ്രം വീതമുണ്ടാകും. ഇതിനു കീഴിലെ ഗ്രാമ പഞ്ചായത്തുകളിലെ വോട്ടുകള്‍ ഇവിടെ എണ്ണും. കോര്‍പറേഷനിലും നഗരസഭകളിലും ഒന്നിലേറെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ടാകും.
ഇതു കൂടാതെയാണ് ജില്ലാ പഞ്ചായത്ത് തപാല്‍ വോട്ടുകള്‍ എണ്ണാന്‍ കളക്ടറുടെ ചേംബറിന് സമീപമായി 14 കേന്ദ്രങ്ങള്‍ സജ്ജീകരിക്കുക. ജില്ലാ പഞ്ചായത്ത് ഫലങ്ങളാണ് സാധാരണയായി വൈകുന്നത്. കഴിഞ്ഞ തവണ ചിലയിടങ്ങളിലെയെങ്കിലും പ്രഖ്യാപനം നടന്നത് വൈകുന്നേരമായിരുന്നു. ഇതൊഴിവാക്കാനുള്ള സജ്ജീകരണമാണ് സമാന്തരമായി ഒരുക്കുന്നത്.
Tags : local self government election counting centers election result local body election