കാസര്‍ഗോഡ്: സിപിഎം പഞ്ചായത്തംഗം ബിഎല്‍ഒയെ കൈയേറ്റം ചെയ്തതായി പരാതി. ദേലംപാടി പഞ്ചായത്തില്‍ എസ്ഐആര്‍ ഫോം വിതരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ബൂത്ത് ലെവല്‍ ഓഫീസറെ ദേലംപാടി പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ സുരേന്ദ്രൻ മർദിച്ചെന്നാണ് പരാതി ഉയർന്നത്.
ബന്തടുക്ക ബീവറേജസ് ഔട്ട്ലെറ്റിലെ ക്ലര്‍ക്കായ ബിഎല്‍ഒ പി.അജിത്ത് ആദൂര്‍ പോലീസില്‍ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ 78-ാം ബൂത്ത് നമ്പറായ പയറുക്കയിലെ ക്യാമ്പിലാണ് സംഭവം. സുരേന്ദ്രന് തന്റെ കോളറില്‍ പിടിക്കുകയും അടിക്കുകയും പിടിച്ചുതള്ളുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
അജിത്തിനെ സുരേന്ദ്രന് അസഭ്യം പറയുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എസ്ഐആര്‍ ഫോം വിതരണവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. ഒരേ പേരുള്ള രണ്ടു വോട്ടര്‍മാരുടെ ഫോമുകളില്‍ ഒന്ന് അജിത് എത്തിച്ചുകൊടുത്തപ്പോള്‍ രണ്ടാമത്തെയാളുടെ ഫോം അയല്‍വാസിയെയാണ് നല്കാന് ഏല്പിച്ചത്.
എന്നാല്‍ അയല്‍വാസി ഇതു കൊടുക്കാന്‍ മറന്നുപോയി. എന്തുകൊണ്ടാണ് ഫോം എത്തിച്ചുകൊടുക്കാത്തതെന്ന് ചോദിച്ച് സുരേന്ദ്രന് അജിത്തിനെ ഫോണ്‍ വിളിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടന്ന വാക്കുതര്‍ക്കമാണ് പിറ്റേന്ന് കൈയാങ്കളിയില്‍ കലാശിച്ചത്.
Tags : police case cpim leader booth level officer kasargod