കണ്ണൂര്‍: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച് ജില്ലാ കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ വി. കുഞ്ഞിക്കൃഷ്ണന്റെ വെളിപ്പെടുത്തലിൽ സിപിഎം പ്രതിരോധത്തിൽ. കുഞ്ഞികൃഷ്ണനെതിരേ ഉടൻ പാർട്ടി നടപടിയുണ്ടായേക്കും. ഇന്ന് സിപിഎം അടിയന്തര ജില്ലാ സെക്രട്ടേറിയറ്റും നാളെ ജില്ലാ കമ്മിറ്റിയും ചേരുന്നുണ്ട്.
അതേസമയം, തന്റെ പുറത്തിറങ്ങാനിരിക്കുന്ന "നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന പുസ്തകത്തിൽ കൂടുതൽ വെളിപ്പെടുത്തലുണ്ടാകുമെന്ന് കുഞ്ഞികൃഷ്ണൻ ഇന്നലെ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
കുഞ്ഞികൃഷ്ണന് പാർട്ടിയിലെ ചില നേതാക്കളുടെ രഹസ്യപിന്തുണ ലഭിച്ചതായുള്ള പ്രചാരണവും ശക്തമാണ്. ചില സംസ്ഥാനതല നേതാക്കളും വലിയൊരു വിഭാഗം അണികളും കുഞ്ഞികൃഷ്ണന് നല്കുന്ന പിന്തുണയാണ് വിവാദ വെളിപ്പെടുത്തലിനു പിന്നിലെന്നാണു പുറത്തു വരുന്ന വിവരം.
പയ്യന്നൂരിലേതിനു സമാനമായ ചില സംഭവങ്ങള്‍ കാരണം സിപിഎം ബന്ധമുപേക്ഷിക്കുന്ന നേതാക്കളുള്‍പ്പെടെയുള്ളവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തല്‍.
സിപിഎമ്മിലെ ചില നേതാക്കളെ കണ്ടതിനുശേഷമാണു കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തൽ നടത്തിയതെന്നാണു സൂചന. വിവിധ കമ്മിറ്റികളിലുന്നയിച്ചിട്ടും ഫലമില്ലാതെ വന്നപ്പോഴാണു വെളിപ്പെടുത്തലിനു മുതിരേണ്ടി വന്നതെന്നും അദ്ദേഹം പറയുന്നുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്ണയഘട്ടത്തിലാണ് നിലവിലുള്ള എംഎല്‍എ ടി.ഐ. മധുസൂദനനെ ലക്ഷ്യമാക്കിയുള്ള വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്. അതിനിടെ, കുഞ്ഞികൃഷ്ണനെതിരേ "ഒറ്റുകാരനെ നാട് തിരിച്ചറിയു'മെന്നും മറ്റുമെഴുതിയ ഫ്ലെക്സ് ബോര്‍ഡ് പ്രചരണങ്ങള്‍ കാറമേല്‍, വെള്ളൂര്‍, പെരുമ്പ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Tags : CPM scam V. Kunjhikrishnan