കണ്ണൂര്‍: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവരം വെളിപ്പെടുത്തിയ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി സിപിഎം. പാർട്ടിയെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയത്.
കുഞ്ഞികൃഷ്ണൻ പാർട്ടി ശത്രുക്കളുടെ കോടാലിക്കൈയായി മാറിയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ രാഗേഷ് ആരോപിച്ചു. 2022 ഏപ്രിൽ മാസം ജില്ലാ കമ്മിറ്റി തീരുമാനമെടുത്ത കാര്യങ്ങളാണ് കുഞ്ഞികൃഷ്ണൻ വീണ്ടും ആരോപിച്ചതെന്നും രാഗേഷ് പറഞ്ഞു.
"തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അഭിമുഖത്തിന് സമയം തെരഞ്ഞെടുത്തു. ടി.ഐ. മധുസൂദനൻ എംഎൽഎയെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് ശ്രമിച്ചത്. അദ്ദേഹം പയ്യന്നൂരിലെ സഹകരണ സ്ഥാപനത്തിന്റെ ഭാരവാഹി അല്ല. എന്നിട്ടും ഭൂമി ഇടപാടിൽ ലക്ഷ്യം വച്ചു. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് കുഞ്ഞികൃഷ്ണൻ ജില്ലാ കമ്മിറ്റിയിൽ ഉന്നയിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ ആണ് പാർട്ടി ശാസിച്ചത്.'-രാഗേഷ് പറഞ്ഞു.
മധുസൂദനനെ മനഃപൂർവം താറടിക്കാനുള്ള ശ്രമം എന്നാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലുള്ളത്. അത് കുഞ്ഞികൃഷ്ണനും അംഗീകരിച്ചതാണ്. വാർത്ത ചോർച്ച സംബന്ധിച്ച് പാർട്ടിക്ക് കൃത്യമായ തെളിവ് ഉണ്ട്.
വാർത്ത ചോർത്തി എന്ന കുറ്റസമ്മതം കുഞ്ഞികൃഷ്ണന്റെ വാക്കിൽ തന്നെ ഉണ്ടായി. കമ്മ്യൂണിസ്റ്റ് എന്ന പദത്തിന്റെ പരിസരത്തു നിൽക്കാൻ പറ്റുന്ന പണി ആണോ ഇത്. മധുവിനോടുള്ള പകയാണ് ഇപ്പോൾ ആരോപണം ഉന്നയിക്കാൻ കാരണം. വൈരനിര്യാതന ബുദ്ധിയോടെ ആണ് കുഞ്ഞി കൃഷ്ണൻ പ്രവർത്തിക്കുന്നതെന്നും രാഗേഷ് കുറ്റപ്പെടുത്തി.
ധനരാജ് രക്തസാക്ഷി ഫണ്ട് പിരിച്ചത് മൂന്ന് ആവശ്യങ്ങള്‍ക്കായാണ്. കുടുംബത്തെ സഹായിക്കുക, വീട് നിര്‍മിക്കുക, കേസ് നടത്തുക എന്നിവയായിരുന്നു ലക്ഷ്യം. ഒരു വ്യക്തിയും ധനാപഹരണം നടത്തിയിട്ടില്ല. ധനരാജ് ഫണ്ടിന്റെ വരവ് ചിലവ് കണക്ക് അവതരിപ്പിക്കുന്നത് വൈകിയിരുന്നു. അതില്‍ നടപടി എടുത്തതാണെന്നും രാഗേഷ് പറഞ്ഞു.
Tags : cpm expels party district commitee vkunhikrishnan